രോഹിതിനെ മാറ്റാന്‍ മുറവിളി; തലപ്പത്തേക്ക് ബുംറ?

ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇതുവരെ അഞ്ച് ഇന്നിങ്‌സുകളിൽ നിന്ന് രോഹിത് അടിച്ചെടുത്തത് വെറും 31 റൺസാണ്

Update: 2025-01-02 10:24 GMT

സെന്റ് ലൂസിയയിലെ ഡാരൻ സമി ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടങ്ങളിലൊന്നിൽ നിലവിലെ ഏകദിന ലോക ചാമ്പ്യന്മാരായ ഓസീസ് അന്നത്തെ ഫൈനലിസ്റ്റുകളായ ഇന്ത്യയെ നേരിടുന്നു. അഫ്ഗാനിസ്താനോടേറ്റ ഞെട്ടിക്കുന്ന തോൽവിയിൽ പതറിയ ഓസീസിന് ജയം അനിവാര്യമായിരുന്നു. കളിക്ക് മുമ്പേ മിച്ചൽ മാർഷിന്റെ പരിഹാസ ശരമെത്തി. 'ഇന്ത്യയെ തോൽപ്പിക്കാൻ ഞങ്ങളെക്കാൾ മികച്ചൊരു ടീമില്ല'.  മിച്ചൽ മാർഷിന്റെ ഓവർ കോൺഫിഡൻസിന്റെ മുരട് ഇന്ത്യൻ നായകൻ രോഹിത് ശർമ അന്ന് അറുത്തെടുത്ത് കയ്യിൽ കൊടുത്തു.

സെന്റ് ലൂസിയയിൽ അന്ന് അക്ഷരാർത്ഥത്തിൽ ശർമ ഷോ ആയിരുന്നു. വിരാട് കോഹ്‌ലിക്കൊപ്പം ക്രീസിലെത്തിയ ഇന്ത്യൻ നായകൻ അന്ന് ക്രീസ് വിട്ടത് 12ാം ഓവറിൽ. കോഹ്ലിയടക്കമുള്ള വന്മരങ്ങളൊക്കെ നേരത്തേ വീണപ്പോഴും രോഹിത് ഒരറ്റത്ത് ഉറച്ച് നിന്നു. 41 പന്തിൽ അന്ന് ഇന്ത്യൻ ക്യാപ്റ്റൻ 92 റൺസാണ് അടിച്ചെടുത്തത്. രോഹിതിന്റെ ബാറ്റിൽ നിന്ന് പിറന്നത് എട്ട് പടുകൂറ്റൻ സിക്‌സുകളും ഏഴ് ഫോറുകളും. ബാറ്റ് വീശിയത് 224 സ്‌ട്രൈക്ക് റൈറ്റിൽ. ഒടുവിൽ കങ്കാരുക്കളെ 24 റൺസിന് കെട്ടുകെട്ടിച്ച് സെമിയിലേക്ക്. രോഹിതിന്റെ ചിറകിലേറി ഇന്ത്യ നടത്തിയ ആ ജൈത്ര ചെന്നവസാനിച്ചത് ക്രിക്കറ്റ് ലോകത്തിന്‍റെ നെറുകെയില്‍ ചെന്നാണ്. 

Advertising
Advertising

നീണ്ട 17 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ മണ്ണിലേക്ക് കുട്ടി ക്രിക്കറ്റിന്റെ വിശ്വകിരീടമെത്തി. ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് പിറന്നത് നായകൻ രോഹിതിന്റെ ബാറ്റിൽ നിന്ന് . എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് അർധ സെഞ്ച്വറികളടക്കം 257 റൺസാണ് രോഹിത് അടിച്ചെടുത്തത്. 36.71 ബാറ്റിങ് ആവറേജ്. 2007 ൽ ആദ്യ ടി20 കിരീടം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന രോഹിത് നായകവേഷത്തിൽ ഇന്ത്യക്ക് രണ്ടാം കിരീടം സമ്മാനിച്ച് പടിയിറക്കം പ്രഖ്യാപിച്ചു. ഏതൊരു ക്രിക്കറ്ററും മനസിലാഗ്രഹിക്കുന്ന ഐതിഹാസികമായൊരു പടിയിറക്കം. അല്ലെങ്കിലും സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുന്നതാണല്ലോ അതിന്റെ ഭംഗി. അതി വിദൂരഭാവിയിൽ തന്നെ ക്രിക്കറ്റിന്റെ മറ്റു ഫോർമാറ്റുകളിൽ നിന്നും രോഹിത് വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് ആരാധകർക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. 

എന്നാൽ 2024 അവസാനിക്കുമ്പോൾ രോഹിതിനെ സംബന്ധിച്ച് കാര്യങ്ങൾ അത്രക്ക് സുഖകരമല്ല. ടെസ്റ്റ് ക്രിക്കറ്റില്‍ പാട്ട് നിർത്താന്‍ നേരത്ത് രോഹിതിന്റെ സ്വരമത്ര നല്ലതല്ല. ന്യൂസിലാന്റിനോട് സ്വന്തം മണ്ണിലേറ്റ വൈറ്റ് വാഷിന് പിറകേ ബോർഡർ ഗവാസ്‌കർ ട്രോഫിക്കായി ഓസീസ് മണ്ണിലേക്ക് വണ്ടി കയറിയ രോഹിതും സംഘവും മറ്റൊരു പരമ്പര തോൽവിയുടെ മുനമ്പിലാണ്. മെൽബണിലരങ്ങേറിയ ബോക്‌സിങ് ഡേ ടെസ്റ്റിലെ പരാജയത്തിന് പിറകേ രോഹിതിനെ മാറ്റാനുള്ള മുറവികൾ ഇപ്പോള്‍  പല കോണുകളിൽ നിന്നും ഉയർന്നു തുടങ്ങിയിട്ടുണ്ട്. 

ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇതുവരെ മൂന്ന് മത്സരങ്ങളിൽ നിന്നായി അഞ്ച് ഇന്നിങ്‌സുകളിൽ നിന്ന് രോഹിത് അടിച്ചെടുത്തത് വെറും 31 റൺസ്. പരമ്പരയിൽ 30 വിക്കറ്റുകൾ ഇതിനോടകം കീശയിലാക്കിക്കഴിഞ്ഞ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെക്കാൾ ഒരക്കം കൂടുതൽ. ഒറ്റത്തവണയാണ് ബി.ജി.ടി യിൽ രോഹിതിന്റെ സ്‌കോർ രണ്ടക്കം കടന്നത്. ആ ഇന്നിങ്‌സാവട്ടെ പത്ത് റൺസിൽ അവസാനിച്ചു. മറ്റു സ്‌കോറുകൾ പറയാൻ കൊള്ളുന്നതൊന്നുമല്ല. 6.2 ആണ് സീരിസിൽ രോഹിതിന്റെ ബാറ്റിങ് ആവറേജ്. ഓസീസ് മണ്ണിൽ വച്ചരങ്ങേറുന്നൊരു പരമ്പരയിൽ ഒരു ടോപ് ഓർഡർ ബാറ്ററുടെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്ന്.

ന്യൂസിലാന്റിനെതിരെ ഇന്ത്യൻ മണ്ണിൽ വഴങ്ങിയ വൈറ്റ് വാഷിലും രോഹിത് അമ്പേ പരാജയമായിരുന്നു. ആറ് ഇന്നിങ്‌സുകളിൽ നിന്ന് 15.17 ബാറ്റിങ് ആവറേജിൽ ഇന്ത്യൻ നായകൻ അടിച്ചെടുത്തത് വെറും 91 റൺസ്.  2024 ൽ ആകെ 14 ടെസ്റ്റുകളിൽ ഇന്ത്യൻ ജഴ്‌സിയണിഞ്ഞ രോഹിതിന്റെ സമ്പാദ്യം 619 ആണ്. 24.76 ആണ് താരത്തിന്റെ ബാറ്റിങ് ആവറേജ്. രണ്ട് സെഞ്ച്വറികളും 2 അർധ സെഞ്ച്വറികളുമാണ് ആകെ ഇന്ത്യൻ നായകന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഐ.സി.സിയുടെ ടെസ്റ്റ് റാങ്കിങ്ങിൽ 40ാം സ്ഥാനത്താണിപ്പോൾ രോഹിത്. ഈ കണക്കുകളൊക്കെ രോഹിത് വിരമിക്കണമെന്ന മുറവിളികളെ ഒരര്‍ത്ഥത്തില്‍ ശരിവക്കുന്നുണ്ട്. ഒപ്പം രോഹിതിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച നിരാശയും ക്രിക്കറ്റ് പണ്ഡിറ്റുകൾ പരസ്യമാക്കുന്നുണ്ട്.

യുവപ്രതിഭകൾ പലരും ബെഞ്ചിലിരിക്കുമ്പോൾ നിരന്തരം പരാജയപ്പെടുന്ന രോഹിതിനെ ഇനിയും ടീമിൽ വച്ചിരിക്കുന്നതെന്തിനാണ്? ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനോടാണ് ചോദ്യം. ക്യാപ്റ്റനെ ഒഴിവാക്കിയൊരു ഇലവനെ പ്രഖ്യാപിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ തീരുമാനം പറയാൻ പോലും ഗംഭീർ ഒരു ദിവസം കൂടി കാത്തിരിക്കൂ എന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മറുപടി നൽകിയത്. 

മെൽബണിലെ പരാജയത്തിന് ശേഷം രോഹിതിന്റെ ശരീര ഭാഷയെക്കുറിച്ച ഓസീസ് ഇതിഹാസം ജസ്റ്റിൻ ലാങ്ങറുടെ പ്രസ്താവന കൂടെ ഇതിനോ ചേർത്തു വായിക്കണം.

'രോഹിത് ഏറെ ക്ഷീണിതനായ പോലെയാണ് മൈതാനത്ത് കാണപ്പെടുന്നത്. പെട്ടെന്നയാൾ വികാരാധീനനാവുന്നു. സഹതാരങ്ങളോട് പൊട്ടിത്തെറിക്കുന്നു. മൈതാനത്ത് സാധാരണ കൂളായി കാണപ്പെടാറുള്ള അദ്ദേഹത്തിന്റെ ഈ മാറ്റം വലിയൊരു നിരാശയിൽ നിന്നാണുടലെടുക്കുന്നത്. നിങ്ങൾക്ക് ടീമിനായി വലിയ സംഭാവനകൾ നൽകാനുവുന്നില്ലെങ്കിൽ കളിയിലുടനീളം അത് മനസ്സിലുണ്ടാവും. രോഹിത് ക്യാപ്റ്റനാണ്. ടീം നിരന്തരം പരാജയപ്പെടുന്നു. അതിനയാൾ കൂടി കാരണക്കാരനാവുന്നു. മൈതാനത്തത് നിങ്ങളെ വലിയ സമ്മർദങ്ങളിലേക്ക് തള്ളിയിടാൻ ഇതൊക്കെ ധാരാളം'- ലാങ്ങർ പറഞ്ഞു വച്ചു. സിഡ്നിയില്‍ ശുഭ്മാന്‍ ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള ആവശ്യം ഇപ്പോള്‍ ശക്തമാണ്. പരമ്പരയിലാകെ ഇതുവരെ മൂന്ന് ഇന്നിങ്സുകളാണ് ഗില്ലിന് കളത്തിലിറങ്ങാനായത്. നിരന്തരം പരാജയപ്പെടുന്ന സീനിയര്‍ താരങ്ങളില്‍ ചിലരെ മാറ്റിയൊരു പരീക്ഷണത്തിന് കോച്ച് മുതിര്‍ന്നാല്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. 

അതേ സമയം രോഹിത് സ്ഥാനമൊഴിഞ്ഞാൽ ആരാവും ഇന്ത്യയുടെ അടുത്ത നായകനെന്ന ചോദ്യവും ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്. ഓപ്ഷനുകൾ പലതുമുണ്ടെങ്കിലും ജസ്പ്രീത് ബുംറയുടെ പേര് അക്കൂട്ടത്തിൽ ഉയർന്നു കേൾക്കുമെന്ന് തീർച്ച. ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ ജയിച്ച ഏക മത്സരം പെർത്ത് ടെസ്റ്റായിരുന്നു. അന്ന് രോഹിതിന്റെ അഭാവത്തിൽ ഇന്ത്യയെ നയിച്ചത് ബുംറയാണ്. ക്യാപ്റ്റൻസിയുടെ സമ്മർദമൊന്നുമില്ലാതെ ബുംറ മൈതാനത്ത് നിറഞ്ഞാടി. മത്സര ശേഷം ബോളർമാർ ക്യാപ്റ്റൻമാരായാൽ അത്ഭുതപ്പെടാനെന്താണെന്നൊരു ചോദ്യം മാധ്യമപ്രവർത്തകർക്കെറിഞ്ഞ് കൊടുക്കുന്നുണ്ട് ബുംറ. മുൻ ഓസീസ് താരം ഡാരൻ ലേമാന് ഇന്ത്യയുടെ അടുത്ത നായകൻ  ബുംറയാണെന്ന കാര്യത്തിൽ സംശമൊന്നുമില്ല.

വർത്തമാന കാല ഇന്ത്യൻ ക്രിക്കറ്റിൽ ബുംറയെക്കാള്‍ മികച്ചൊരു ബോളറെ ഇന്ത്യക്ക് കണ്ടെത്താനായിട്ടില്ല. ബുംറയില്ലായിരുന്നെങ്കിൽ ബോർഡർ ഗവാസ്‌കർ ട്രോഫി ഏകപക്ഷീയമായി പോയേനെ എന്നാണ് കഴിഞ്ഞ ദിവസം ഓസീസ് ഇതിഹാസം ഗ്ലെൻ മഗ്രാത്ത് പറഞ്ഞു വച്ചത്. മഗ്രാത്തിനേക്കാളും വസീം അക്രമിനേക്കാളും അപകടകാരിയാണ് ബുംറ എന്ന പക്ഷമാണ് ലേമാന്. ദിവസങ്ങള്‍ക്ക് മുമ്പ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പോയ വർഷത്തെ മികച്ച ടെസ്റ്റ് ഇലവനെ പ്രഖ്യാപിച്ചപ്പോൾ ക്യാപ്റ്റൻ സ്ഥാനം നൽകിയത് ബുംറക്കായിരുന്നു. ഏതായാലും സിഡ്നി ടെസ്റ്റ് കൂടി പരാജയത്തിലാണ് കലാശിക്കുന്നതെങ്കില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ തലപ്പത്ത് ഉടനൊരു അഴിച്ചു പണിയുണ്ടാവുമെന്നുറപ്പാണ്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News