30 ചാർട്ടേഡ് ഫ്‌ളൈറ്റ്, 13,000 സൗജന്യ ടിക്കറ്റ്: സെമി കാണാൻ മൊറോക്കന്‍ ആരാധകരുടെ ഒഴുക്ക്‌

സെമി മത്സരം നാട്ടിൽ നടക്കുന്നതിന് സമാനമായ അവസ്ഥയിലേക്ക് എത്തിക്കാനൊരുങ്ങുകയാണ് മൊറോക്കൻ ഫുട്‌ബോൾ ഫെഡറേഷൻ

Update: 2022-12-14 14:13 GMT
Editor : rishad | By : Web Desk
Advertising

ദോഹ: ചരിത്രത്തിലാദ്യാമായാണ് മൊറോക്കോ ലോകകപ്പിന്റെ സെമിയിൽ പന്ത് തട്ടാനൊരുങ്ങുന്നത്. ഫ്രാൻസുമായി അങ്കം കുറിക്കാനൊരുങ്ങുമ്പോൾ മറ്റൊരു ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഈ ആഫ്രിക്കൻ ടീം. മൊറോക്കോയുടെ സെമി പ്രവേശനം ഇതികം തന്നെ ഗംഭീരമാക്കിക്കഴിഞ്ഞു നാട്ടുകാർ. ഇപ്പോഴിതാ സെമി മത്സരം നാട്ടിൽ നടക്കുന്നതിന് സമാനമായ അവസ്ഥയിലേക്ക് എത്തിക്കാനൊരുങ്ങുകയാണ് മൊറോക്കൻ ഫുട്‌ബോൾ ഫെഡറേഷൻ.

ഇതിനായി 13,000 സൗജന്യ ടിക്കറ്റുകളാണ് ഫെഡറേഷൻ വിതരണം ചെയ്തത്. 30 ചാർട്ടേഡ് ഫ്‌ളൈറ്റുകളും സജ്ജമാക്കിക്കഴിഞ്ഞു. ഏകദേശം 45,000ത്തോളം മൊറോക്കൻ ആരാധകർ മത്സരം നടക്കുന്ന അൽബെയ്ത്ത് സ്റ്റേഡിയത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ചുരിക്കിപ്പറഞ്ഞാൽ മൊറോക്കോയിൽ കളി നടക്കുന്നത് പോലെയാകും അൽബെയ്ത്തിലെ സാഹചര്യം. പതിനൊന്ന് പേർക്ക് പുറമെ ഇരമ്പിയാർക്കുന്ന കാണികളെക്കൂടി മറികടക്കേണ്ടി വരും എംബപ്പെക്കും സംഘത്തിനും. 

അതേസമയം തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പ്രവേശമാണ് ഫ്രാൻസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ ക്രെയേഷ്യയെ തോല്‍പിച്ചായിരുന്നു  ഫ്രാന്‍സിന്റെ കിരീടധാരണം.  ലോകകപ്പിലെ അപരാജിത കുതിപ്പ് തുടരാൻ ഉറച്ച് തന്നെയാണ് മൊറോക്കോയും എത്തുന്നത്. വരച്ച വരയിൽ എതിരാളിയെ നിർത്തുന്ന പ്രതിരോധമാണ് കരുത്ത്. എത്രതവണ ഈ മഹാപ്രതിരോധം ഫ്രാൻസിന് തകർക്കാനാകും എന്നതിനെ ആശ്രയിച്ചിരിക്കും ഫ്രാൻസിന്റെ സാധ്യതകൾ. അതിവേഗ കൗണ്ടർ അറ്റാക്കുകളിലൂടെയാണ് ടീമിന്റെ ഗോള്‍ ശ്രമങ്ങൾ. അതിന് ചുക്കാൻ പിടിക്കുന്നത് ഹക്കിമിയും. 

മൊറോക്കോയുടെ പെരുമ ഇങ്ങനെയൊക്കെയാണെങ്കിലും തെല്ലും ഭയമില്ലാതെയാണ് ഫ്രാന്‍സിന്റെ പുറപ്പാട്. ഗോളടിക്കാനും അടിപ്പിക്കാനും ടീമിൽ ആളുണ്ട്. ടോപ്പ് സ്കോർ പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്താണ് എംബാപെയും ജിറൂദും. ഖത്തറിൽ ഫ്രാൻസിന്റെ എന്‍ജിനാണ് ഗ്രിസ്മാൻ. അവസാന മത്സരത്തിൽ  ഇംഗ്ലണ്ടിനെ നേരിട്ട സംഘത്തിൽ കാര്യമായ മാറ്റത്തിന് സാധ്യത ഇല്ല. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് കിക്കോഫ്. അര്‍ജന്റീനയാണ് ഫൈനലിലെ എതിരാളി. ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചായിരുന്നു മെസിപ്പടയുടെ സെമിപ്രവേശം.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News