ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചത് സാവിയല്ല
താരത്തിന്റെ പേരിലെത്തിയത് വ്യാജ ഇ മെയിൽ എന്ന് ഔദ്യോഗിക സ്ഥിതീകരണം
ന്യൂ ഡൽഹി : ഇന്ത്യൻ ഫുടബോൾ ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചത് സ്പാനിഷ് ഇതിഹാസം സാവി ഹെർണാണ്ടസാല്ലെന്ന് എഐഎഫ്എഫ്. താരത്തിന്റെ പേരിൽ വന്ന ഇ മെയിൽ വ്യാജമാണെന്നും ബോർഡ് സ്ഥിതീകരിച്ചു.
കഴിഞ്ഞ ദിവസമാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചവരിൽ മുൻ ബാഴ്സലോണ പരിശീലകൻ കൂടിയായ സാവി ഹെർണാണ്ടസുണ്ടെന്ന വാർത്തകൾ പുറത്ത് വന്നത്. താരം ആവശ്യപ്പെട്ട ശമ്പളം ബോർഡിന് താങ്ങാവുന്നതിലുമപ്പുറമായതോടെ അവസാന പട്ടികയിൽ നിന്നും ഒഴിവാക്കിയെന്നായിരുന്നു വാർത്തകൾ.
അന്തർദേശീയ മാധ്യമങ്ങളുൾപ്പെടെയുള്ളവർ വാർത്ത ഏറ്റെടുത്തതോടെ സാവിയുടെ അടുത്ത വൃത്തങ്ങൾ വിശദീകരണവുമായി രംഗത്ത് വന്നു. സാവി ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും താരത്തിന്റെ പേരിൽ വന്ന ഇ മെയിൽ വ്യാജമാണെന്നും അവർ അറിയിച്ചു. ഇതിന് പിന്നാലെ എഐഎഫ്എഫ് നടത്തിയ അന്വേഷണത്തിലാണ് ഇ മെയിൽ വ്യാജമാണെന്ന ഔദ്യോഗിക സ്ഥിതീകരണം വന്നത്. വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ വേണ്ടി ബോർഡ് മനപ്പൂർവം സാവിയുടെ പേര് ഉപയോഗിച്ചുവെന്ന ആരോപണവുമുണ്ട്. മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗാർഡിയോളയുടെ പേരിലും വ്യാജ ഇ ഇമെയിൽ ഉണ്ടായിരുന്നു.
മനോലോ മാർക്വസ് രാജിവച്ചതിന് പിന്നാലെയാണ് ഇന്ത്യൻ പരിശീലക കുപ്പായത്തിലേക്ക് എഐഎഫ്എഫ് പുതിയ ആളുകളെ തേടിയത്. നിലവിലെ ജംഷഡ്‌പ്പൂർ എഫ്‌സി പരിശീലകനായ ഖാലിദ് ജമീലാണ് പുതിയ പരിശീലകനാവാനുള്ള പട്ടികയിൽ മുൻപന്തിയിൽ.