ഹോങ്കോങിനെ തോൽപ്പിച്ച് യോഗ്യത നേടാൻ ഛേത്രിയും സംഘവും ഇറങ്ങുന്നു; സാധ്യതകൾ ഇങ്ങനെ

മികച്ച ഫോമിലാണ് ഇന്ത്യ ടീം. ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് പിന്തുണയുമായി മുന്നേറ്റനിരയിൽ മൻവീർ സിങും ലിസ്റ്റൺ കൊളാക്കോയും ആഷിഖ് കുരുണിയനും മികച്ച ഫോമിലാണ്

Update: 2022-06-13 09:54 GMT
Editor : dibin | By : Web Desk
Advertising

കൊൽക്കത്ത: ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യത റൗണ്ടിലെ മൂന്നാം റൗണ്ടിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ നാളെ ഹോങ്കോങ്ങിനെ നേരിടും. മത്സരിച്ച രണ്ട് മത്സരങ്ങളും ജയിച്ചാണ് ഇരു ടീമുകളും എത്തുന്നത്. ഗ്രൂപ്പ് ഡിയിലെ പോയിന്റ് പട്ടികയിൽ ഗോൾ വ്യത്യാസത്തിൽ ഇന്ത്യയ്ക്ക് മുകളിലാണ് ഹോങ്കോങ്. എന്നാൽ അവസാന മത്സരത്തിൽ ഹോങ്കോങ്ങിനെയും തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഏഷ്യൻകപ്പിലേക്ക് യോഗ്യത നേടാനാവും ഇന്ത്യ ശ്രമിക്കുക.

മികച്ച ഫോമിലാണ് ഇന്ത്യ ടീം. ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് പിന്തുണയുമായി മുന്നേറ്റനിരയിൽ മൻവീർ സിങും ലിസ്റ്റൺ കൊളാക്കോയും ആഷിഖ് കുരുണിയനും മികച്ച ഫോമിലാണ്. അഫ്ഗാനെതിരെ നടന്ന മത്സരത്തിലെ രണ്ട് ഗോളുകളിനും വഴിയൊരുക്കിയത് ആഷിഖ് ആയിരുന്നു. മധ്യനിരയിൽ സഹലും സുരേഷും റോഷൻ സിങും ആകാശ് മിശ്രയും കരുത്ത് കാണിക്കുമ്പോൾ പ്രതിരോധ കോട്ട കാക്കുന്ന സന്ദേശ് ജിങ്കാനും അൻവർ അലിയും മികച്ച ഫോമിലാണ്.

കംബോഡിയക്കെതിരായ ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയമെങ്കിൽ രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ അഫ്ഗാനെ തകർത്തത്. അതേസമയം, അഫ്ഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കും കംബോഡിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കും തോൽപ്പിച്ചാണ് ഹോങ്കോങ് മൂന്നാം മത്സരത്തിനിറങ്ങുന്നത്.

ഇന്ത്യയ്ക്ക് ഏഷ്യൻകപ്പ് യോഗ്യത നേടാനുള്ള സാധ്യതകൾ ഇങ്ങനെ

1. ഹോങ്കോങിനെ തോൽപ്പിച്ചാൽ ഇന്ത്യയ്ക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി നേരിട്ട് യോഗ്യത നേടാം.

2. ഹോങ്കോങിനോട് ഇന്ത്യ സമനിലയാകുകയാണെങ്കിൽ, ഇരു ടീമുകൾക്കും ഏഴ് പോയിന്റാവും. ഗോൾ വ്യത്യാസത്തിൽ ഹോങ്കോങ് ഗ്രൂപ്പ് ചാമ്പ്യന്മാരാകും. എന്നാൽ, മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാർക്ക് അവസരമുള്ളതിനാൽ ഇന്ത്യയ്ക്ക് സാധ്യത ഏറെയാണ്.

3. ഇന്ത്യ ഹോങ്കോങിനോട് തോൽക്കുകയാണെങ്കിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരാവും. എന്നാൽ ഗോൾ വ്യത്യാസത്തിൽ ഇന്ത്യ മുകളിലായതിനാൽ മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാരിൽ ഇന്ത്യ ഉൾപ്പെടാൻ സാധ്യത കൂടുതലാണ്.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News