ഗെറ്റാഫയെ തകർത്ത് ബാഴ്‌സ; ഫെറാൻ ടോറസിന് ഇരട്ട ഗോൾ
ബാഴ്‌സലോണ: ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗെറ്റാഫയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ബാഴ്‌സലോണ. ഫെറൻ ടോറസ് (15',34') ഇരട്ട ഗോളുകളുമായി തിളങ്ങി. ബാഴ്‌സയുടെ മറ്റൊരു ഗോൾ ഡാനി ഓൽമോയാണ് (62') നേടിയത്. പട്ടികയിൽ 13 പോയിന്റുകളുമായി രണ്ടാം സ്ഥാനത്താണ് ബാഴ്‌സ.
ജൊഹാൻ ക്രൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബാഴ്‌സലോണയാണ് പൂർണ ആധിപത്യം പുലർത്തിയത്. ആദ്യ പകുതിയിൽ ഗെറ്റാഫയുടെ ഡിഫെൻസിനെ പിളർത്തികൊണ്ട് റാഫിന്യ നൽകിയ പാസ് ഓടിയെടുത്ത ഓൾമോ ഒരു ബാക് ഹീലിലൂടെ ഫെറാൻ ടോറസിലേക്ക് തിരിച്ചു വിടുന്നു, ഓടിയടുത്ത ഫെറാൻ അത് ഗോളാക്കി മാറ്റി. അധികം വൈകാതെ തന്നെ കൌണ്ടർ അറ്റാക്കിലൂടെ ഫെറാൻ ആതിഥേയരുടെ ലീഡുയർത്തി. രണ്ടാം പകുതിയിൽ പകരക്കാനായി ഇറങ്ങിയ മാർക്കസ് റാഷ്‌ഫോർഡിന്റെ അസിസ്റ്റിൽ ഡാനി ഓൽമോ മൂന്നാം ഗോൾ നേടി. ലാലിഗയിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനെ മയോർക്ക സമനിലയിൽ കുരുക്കി.
ബാഴ്‌സയുടെ അടുത്ത മത്സരം ലാലിഗയിൽ റയൽ ഓവിയേഡോയ്‌ക്കെതിരെ. അത്ലറ്റികോയുടെ അടുത്ത മത്സരം റയോ വയ്യക്കാനൊക്കെതിരെ.