പിറന്ന മണ്ണിനോട് അടങ്ങാത്ത സ്നേഹം; ​ഗോളാഘോഷിക്കാതെ എംബോളോ

രണ്ടാം പകുതിയാരംഭിച്ച് രണ്ട് മിനിറ്റിന് ശേഷമാണ് എംബോളോയുടെ ​ഗോൾ പിറന്നത്

Update: 2022-11-24 13:33 GMT
Advertising

ദോഹ: ലോകകകപ്പ് ​​ഗ്രൂപ്പ് ജിയിൽ കാമറൂണിനെതിരായ പോരാട്ടത്തില്‍ നേടിയ ആ മനോഹര ​ഗോളിന് ശേഷം സ്വിസ് താരം ​ ബ്രീൽ എബോളോ ​ആകാശത്തേക്ക് കയ്യുയർത്തി നിശബ്ദനായി നിന്നു. അയാളുടെ മുഖത്ത് ​ഗോൾ നേടിയതിന്റെ സന്തോഷമുണ്ടായിരുന്നില്ല. പിറന്ന മണ്ണിനോടുള്ള അടങ്ങാത്ത സ്നേഹമായിരുന്നു അയാളുടെ മനസ്സ് നിറയെ.

രണ്ടാം പകുതിയാരംഭിച്ച് രണ്ട് മിനിറ്റിന് ശേഷമാണ് എംബോളോയുടെ ​ഗോൾ പിറന്നത്. വലതുവിങ്ങിൽ നിന്ന് എംബോളോയ്ക്ക്  ഷാഖിരി നൽകിയ അളന്നുമുറിച്ച ക്രോസ് ആറു വാരയകലെ നിന്ന്  ബോക്‌സിലേക്ക് കൃത്യമായി തട്ടിയിടേണ്ട ആവശ്യമേ അയാൾക്ക്‌  ഉണ്ടായിരുന്നുള്ളൂ. ​ഗോളിന് ശേഷം സഹതാരങ്ങൾ മുഴുവൻ എംബോളോക്ക് ചുറ്റും ആഘോഷാരവങ്ങളിലായിരുന്നു. എന്നിട്ടും അയാള്‍ ചിരിച്ചില്ല. മത്സരത്തിൽ എംബോളോയുടെ ​ഗോളിൽ സ്വിറ്റ്‌സർലന്റ്‌ വിജയിക്കുകയും ചെയ്തു. 

25 കാരനായ എംബോളോ കാമറൂണിന്റെ തലസ്ഥാനനഗരിയായ യോണ്ടേയിലാണ് ജനിച്ചത്. പിന്നീട് സ്വിറ്റ്സർലന്റിലേക്ക് കുടിയേറുകയായിരുന്നു. ഫ്രഞ്ച് ലീ​ഗിൽ എ.എസ് മൊണോകോയുടെ താരമായ എംബോളോയുടെ ആദ്യ ലോകകപ്പാണിത്. 

ബാല്യം മുതൽക്കേ ഫുട്‌ബോളിനെ പ്രണയിച്ച എംബോളോ എഫ് സി ബാസലിലൂടെയാണ് പ്രഫഷണൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ബുണ്ടസ് ലീഗയിലെ മുൻനിര ക്ലബ്ബായ ഷാൽക്കേയിലേക്ക് ചേക്കേറി. 2019ൽ  ബൊറൂസ്യ മോൺചെൻക്ലാഡ്ബാക്കിലേക്ക് കൂടുമാറിയ താരം മൂന്ന് വർഷം അവിടെ പന്തു തട്ടി. 2022ലാണ് മൊണോക്കോയിലേക്കുള്ള കൂടുമാറ്റം. ഈ സീസണിൽ മൊണോക്കോക്കായി 15 മത്സരങ്ങളിൽ നിന്ന്  ഏഴ് ഗോളുകൾ നേടിയിട്ടുണ്ട്.

മത്സരത്തിന് മുമ്പ് പിറന്ന മണ്ണിനെതിരായ പോരാട്ടത്തെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് എംബോളോയുടെ മറുപടി ഇതായിരുന്നു.''ലോകകപ്പ് ഡ്രോക്ക് ശേഷം ആയിരം തവണ ഞാനീ ചോദ്യം കേട്ടിട്ടുണ്ട്. കാമറൂൺ ഞാൻ പിറന്ന മണ്ണാണ്. എന്റെ അച്ഛനും അമ്മയും കുടുംബവുമൊക്കെ അവിടെ നിന്നാണ്. അതിനാൽ ഈ മത്സരം എനിക്കും കുടുംബത്തിനും സ്പെഷലായിരിക്കും''- എംബോളോ പറഞ്ഞു



Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News