സ്‌റ്റേഡിയത്തിൽ ഇഫ്താറുമായി ചെൽസി; പ്രീമിയർ ലീഗിൽ ആദ്യം

'റമദാനെയും മുസ്ലിം സമുദായത്തെയും പരിഗണിക്കുക എന്നത് മതസൗഹാർദം പ്രോത്സാഹിപ്പിക്കാനുള്ള ഞങ്ങളുടെ ഉദ്യമങ്ങളുടെ നിർണായക ഭാഗമാണ്.' - സിമോൺ ടെയ്ലർ

Update: 2023-03-16 06:12 GMT
Editor : André | By : Web Desk
Advertising

ലണ്ടൻ: റമദാൻ ആദ്യവാരത്തിൽ തങ്ങളുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫഡ് ബ്രിഡ്ജിൽ നോമ്പുതുറ സൽക്കാരം (ഇഫ്താർ) സംഘടിപ്പിക്കുമെന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി അറിയിച്ചു. തങ്ങളുടെ വെബ്‌സൈറ്റിലൂടെയും ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയുമാണ് ക്ലബ്ബ് ഇക്കാര്യം അറിയിച്ചത്. മാർച്ച് 26 ഞായറാഴ്ചയായിരിക്കും ഓപ്പൺ ഇഫ്താറെന്നും റമദാൻ വ്രതം അനുഷ്ഠിക്കുന്ന മുസ്ലിംകൾക്ക് ഒത്തുകൂടാനും നോമ്പുതുറക്കാനുമുള്ള അവസരമായിരിക്കും ഇതെന്നും ക്ലബ്ബ് പ്രസ്താവനയിൽ അറിയിച്ചു.

'മാർച്ച് 22 മുതൽ ഏപ്രിൽ 21 വരെ നീണ്ടുനിൽക്കുന്ന, പ്രഭാതത്തിനു മുന്നേ തുടങ്ങി സൂര്യാസ്തമയം വരെ വ്രതം അനുഷ്ഠിക്കുന്ന ഇസ്ലാമിലെ വിശുദ്ധ മാസമായ റമദാന്റെ ഭാഗമാണ് ഓപ്പൺ ഇഫ്താർ. റമദാനിൽ യു.കെയിലെ ഏറ്റവും വലിയ സാമൂഹിക ഒത്തുചേരലാവും ഇത്. റമദാൻ വ്രതമെടുക്കുന്നവർക്ക് ഒത്തുചേരാനും നോമ്പുതുറക്കാനും പരസ്പരം സംസാരിക്കാനും ഇടപഴകാനും സുരക്ഷിതമായ ഇടമൊരുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്...' - ചെൽസി വാർത്താകുറിപ്പിൽ പറയുന്നു.

റമദാൻ ടെന്റ് പ്രൊജക്ട് എന്ന ചാരിറ്റി സംഘടനയുമായി സഹകരിച്ചാണ് ചെൽസി ഇഫ്താർ ഒരുക്കുന്നത്. ക്ലബ്ബ് ആസ്ഥാനത്തിനു സമീപമുള്ള മസ്ജിദുകളെയും ക്ലബ്ബിന്റെ മുസ്ലിം സ്റ്റാഫിനെയും ആരാധകരെയും വിദ്യാർത്ഥികളെയും നോമ്പുതുറയ്ക്ക് ക്ഷണിക്കും. സ്റ്റാംഫഡ് ബ്രിഡ്ജ് ഗ്രൗണ്ടിന്റെ വശങ്ങളിലായിരിക്കും ഇഫ്താർ ഒരുക്കുക.

എല്ലാ വിവിധ വിവേചനങ്ങൾക്കുമെതിരെ ചെൽസി എഫ്.സിയും ചെൽസി ഫൗണ്ടേഷനും നടത്തുന്ന 'നോ റ്റു ഹേറ്റ്' ക്യാംപെയ്‌നിൽ റമദാനെ ഉൾപ്പെടുത്തിയിട്ടുണ്ട്. റമദാൻ ടെന്റുമായി സഹകരിച്ച് ഇഫ്താർ സംഘടിപ്പിക്കുന്നതിൽ അതിയായ അഭിമാനമുണ്ടെന്നും പ്രീമിയർ ലീഗിൽ ഇതാദ്യമായാണ് ഒരു ക്ലബ്ബ് ഇത്തരമൊരു ഉദ്യമത്തിന്റെ ഭാഗമാകുമെന്നതെന്നും ചെൽസി ഫൗണ്ടേഷൻ തലവൻ സിമോൺ ടെയ്‌ലർ പറഞ്ഞു. 'റമദാനെയും മുസ്ലിം സമുദായത്തെയും പരിഗണിക്കുക എന്നത് മതസൗഹാർദം പ്രോത്സാഹിപ്പിക്കാനുള്ള ഞങ്ങളുടെ ഉദ്യമങ്ങളുടെ നിർണായക ഭാഗമാണ്. മാർച്ച് 26 ലെ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.' ടെയ്‌ലർ പറഞ്ഞു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിൽ പത്താം സ്ഥാനത്ത് നിൽക്കുന്ന ചെൽസിയിൽ കാലിദു കൂലിബാലി, വെസ്ലി ഫൊഫാന, എൻഗോളോ കാന്റെ, ഹകീം സിയാഷ് തുടങ്ങിയ മുസ്ലിം കളിക്കാരുണ്ട്.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News