സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

ഈ ഉജ്ജ്വല വിജയം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നു. മത്സരങ്ങൾക്ക് ഒഴുകിയെത്തിയ വമ്പിച്ച ജനക്കൂട്ടവും അവർ നൽകിയ പിന്തുണയും എടുത്തു പറയേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Update: 2022-05-02 17:54 GMT
Editor : Dibin Gopan | By : Web Desk
Advertising

മഞ്ചേരി: സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സന്തോഷ് ട്രോഫി കിരീടം നേടി കളിക്കളത്തിലും കേരളത്തെ ഒന്നാമതെത്തിച്ച് നാടിന്റെ അഭിമാനമായി മാറിയ കേരള ഫുട്‌ബോൾ ടീമിന് അഭിനന്ദനങ്ങൾ. ഈ ഉജ്ജ്വല വിജയം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നു. മത്സരങ്ങൾക്ക് ഒഴുകിയെത്തിയ വമ്പിച്ച ജനക്കൂട്ടവും അവർ നൽകിയ പിന്തുണയും എടുത്തു പറയേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതൽ മികവോടെ മുന്നോട്ട് പോകാനും കൂടുതൽ വലിയ നേട്ടങ്ങൾ കൈവരിക്കാനും ഈ വിജയം പ്രചോദനമാകും. കേരളത്തിന്റെ കായിക സംസ്‌കാരം കൂടുതൽ സമ്പന്നമാക്കാനും കായിക മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും ഇത് ഊർജമാകും. ഈ വിജയം നമുക്ക് സമ്മാനിച്ച ഓരോ ഫുട്‌ബോൾ ടീമംഗത്തെയും പരിശീലകരെയും മറ്റു സ്റ്റാഫ് അംഗങ്ങളെയും ഹാർദ്ദമായി അനുമോദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

75ാം എഡിഷൻ സന്തോഷ് ട്രോഫിയിൽ മുത്തമിട്ട് കേരളം. പെനാൽട്ടി ഷൂട്ടൗട്ടിൽ 5-4 നാണ് വെസ്റ്റ് ബംഗാളിനെ തകർത്തത്. 97ാം മിനിറ്റിൽ ബംഗാൾ ആണ് ആദ്യം മുന്നിലെത്തിയത്.എക്സ്ട്രാ ടൈമിൽ 97-ാം മിനിറ്റിൽ ദിലീപ് ഒറാവ്‌നാണ് ബംഗാളിന്റെ ഗോൾ നേടിയത്. വലതു വിങ്ങിലൂടെയെത്തിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ കേരള പ്രതിരോധം വരുത്തിയ പിഴവാണ് ഗോളിൽ കലാശിച്ചത്. പന്ത് പിടിച്ചെടുത്ത് സുപ്രിയ പണ്ഡിറ്റ് നൽകിയ ക്രോസ് ദിലീപ് ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. 116ാം മിനിറ്റിൽ മുഹമ്മദ് സഫ്നാദ് കേരളത്തിനായി ഗോൾ മടക്കി. ഗോൾ നേട്ടത്തിന് പിന്നാലെ പയ്യനാട് സ്റ്റേഡിയം ഇളകി മറിയുകയായിരുന്നു.

മത്സരത്തിന്റെ ആദ്യപകുതിയിൽ ബംഗാളിന്റെ ആധിപത്യമായിരുന്നെങ്കിൽ രണ്ടാം പകുതി കേരളത്തിന്റെ ആധിപത്യമായിരുന്നു. തുടക്കം മുതൽ ഇരുടീമുകളും ആക്രമിച്ചാണ് കളിച്ചത്. നിരവധി അവസരങ്ങൾ ഇരുടീമുകൾക്കും ലഭിച്ചെങ്കിലും ഗോളടിക്കാൻ സാധിച്ചില്ല. മധ്യനിരയിൽ കേരളത്തിന്റെ തന്ത്രങ്ങൾ പൊളിക്കുന്ന മറുതന്ത്രവും ആയിട്ടാണ് ബംഗാൾ ഫൈനലിൽ ഇറങ്ങിയത്. 36ാം മിനുറ്റിൽ മുന്നേറ്റ നിരക്കാരൻ വിഘ്നേശിനെ പിൻവലിച്ച് സെമിഫൈനലിൽ കേരളത്തിന്റെ തുറുപ്പുചീട്ടായിരുന്ന ജെസിനെ പകരക്കാരനായി ഇറക്കിയെങ്കിലും ഗോളുകൾ പിറന്നില്ല.

സെമി ഫൈനൽ ടീമിൽ നിന്ന് മാറ്റമില്ലാതെയാണ് കേരളം കളത്തിലിറങ്ങിയത്. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരള ടീം ബൂട്ടുകെട്ടിയത്. 1973, 1992, 1993, 2001, 2004, 2018 വർഷങ്ങളിലായിരുന്നു കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീട നേട്ടങ്ങൾ. മറുവശത്ത് ബംഗാൾ നേട്ടങ്ങളിൽ ബഹുദൂരം മുന്നിലാണ്. ടൂർണമെന്റിന്റെ ചരിത്രത്തിൽ ബംഗാളിന്റെ 46-ാം ഫൈനലാണ് ഇത്തവണത്തേത്. 33 തവണ അവർ ജേതാക്കളുമായി.

സന്തോഷ് ട്രോഫി ഫൈനലിൽ ഇതുവരെ കേരളവും ബംഗാളും മൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 1989, 1994 വർഷങ്ങളിലെ കലാശപ്പോരിൽ ബംഗാളിനായിരുന്നു വിജയം. അതേസമയം 2018-ൽ നടന്ന ഫൈനലിൽ ബംഗാളിനെ അവരുടെ മൈതാനത്തുവെച്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് കേരളം കിരീടം ചൂടിയത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News