കണ്ണൂരിന്റെ സ്വന്തം ഉബൈദ് സി.കെ. കണ്ണൂർ വാരിയേഴ്‌സില്‍

Update: 2025-09-06 14:27 GMT

കണ്ണൂര്‍: കണ്ണൂരിന്റെ സ്വന്തം ഗോള്‍കീപ്പര്‍ സികെ ഉബൈദ് കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ ഗോള്‍വല കാക്കും. കഴിഞ്ഞ സീസണില്‍ ഐ ലീഗില്‍ ശ്രീനിധി ഡെക്കാനുവേണ്ടി കളിച്ച പരിചയസമ്പന്നനായ ഗോള്‍ കീപ്പറാണ് ഉബൈദ്. 2011 ല്‍ വിവ കേരളയിലൂടെയാണ് പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് ഡെംപോ, എയര്‍ ഇന്ത്യ, ഒ.എന്‍.ജി.സി., എഫ്.സി. കേരള, ഈസ്റ്റ് ബംഗാള്‍, ഗോകുലം കേരള എഫ്‌സി തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടിയും ബൂട്ടുകെട്ടി.

2017 ല്‍ നിലവിലെ ഇന്ത്യന്‍ ദേശീയ ടീം പരിശീലകന്‍ ഖാലിദ് ജമീല്‍ ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായിരിക്കെ ഐ ലീഗ് സീസണിന്റെ രണ്ടാം പകുതിയില്‍ ഉബൈദിനെ തേടി ഒരു വിളിയെത്തി. മുമ്പും പലതവണ ഖാലിദ് ജമീല്‍ ഉബൈദിനെ അദ്ദേഹം പരിശീലിപ്പിക്കുന്ന ടീമിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ഉബൈദിന് ക്ഷണം സ്വീകരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ക്ഷണം സ്വീകരിച്ച് ഈസ്റ്റ് ബംഗാളിലെത്തിയ ഉബൈദ് തുടര്‍ന്നുള്ള ഈസ്റ്റ് ബംഗാളിന്റെ ഏഴ് മത്സരവും കളിച്ചു. ആ സീസണില്‍ തന്നെ സൂപ്പര്‍ കപ്പും കളിച്ച് ഈസ്റ്റ് ബംഗാളിനെ ഫൈനലിലെത്തിച്ചു. ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും സൂപ്പര്‍ കപ്പിലെ മികച്ച ഗോള്‍ കീപ്പറും ടീം ഇലവനിലും സ്ഥാനം പിടിച്ചു.

Advertising
Advertising

2019 ല്‍ ഗോകുലം എഫ്‌സിയിലൂടെ കേരളത്തിലേക്ക് തിരിച്ചെത്തിയ ഉബൈദ് ആ സീസണില്‍ ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ടൂര്‍ണമെന്റുകളില്‍ ഒന്നായ ഡ്യൂറഡ് കപ്പ് കേരളത്തിലെത്തിച്ചു. സെമിയില്‍ ഈസ്റ്റ് ബംഗാളിനെയും ഫൈനലില്‍ മോഹന്‍ ബഗാനെയും തോല്‍പ്പിച്ചായിരുന്നു കിരീട നേട്ടം. സെമിയില്‍ ഈസ്റ്റ് ബംഗാളിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഉബൈദ് ടീമിന്റെ രക്ഷകനായി. 2020-21 സീസണില്‍ ഗോകുലത്തിനായി മിന്നും പ്രകടനം കാഴ്ചവെച്ച ഉബൈദ് ഗോകുലം ഐ ലീഗില്‍ ആദ്യ കിരീടം നേടിയപ്പോള്‍ നിര്‍ണായക സാനിധ്യമായിരുന്നു. ആ വര്‍ഷത്തെ ഐ ലീഗിലെ മികച്ച ഗോള്‍ കീപ്പറുമായി.

2021 ല്‍ ശ്രീനിധി ഡെക്കാനിലെത്തിയ താരം ഐ ലീഗില്‍ രണ്ട് തവണ രണ്ടാം സ്ഥാനവും ഒരു തവണ മൂന്നാം സ്ഥാനവും സ്വന്തമാക്കി. സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തണം എന്നത് വലിയ ആഗ്രഹമായിരുന്നു എന്ന് ഉബൈദ് പറഞ്ഞു. കേരളത്തില്‍ ഐ.എസ്.എല്‍ മാതൃകയില്‍ ഒരു ടൂര്‍ണമെന്റ് നടക്കുമ്പോള്‍ അതില്‍ കളിക്കുക എന്നതും സൂപ്പര്‍ ലീഗ് കേരള വരും തലമുറയ്ക്ക് വലിയ അവസരമാണ് ഒരുക്കുന്നതെന്നും ഉബൈദ് കൂട്ടിചേര്‍ത്തു.

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News