മാഞ്ചസ്റ്റർ പരാമർശം: പോർച്ചുഗൽ ക്യാമ്പിൽ ക്രിസ്റ്റ്യാനോയോട് 'പകവീട്ടി' ബ്രൂണോ ഫെർണാണ്ടസ്

ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി താരങ്ങൾ പോർച്ചുഗൽ ടീം ക്യാമ്പിൽ കണ്ടുമുട്ടിയപ്പോഴാണ് സംഭവം

Update: 2022-11-15 16:16 GMT
Editor : André | By : André

മാഞ്ചസ്റ്റർ യുനൈറ്റഡ് മാനേജ്‌മെന്റിനും കോച്ച് എറിക് ടെൻ ഹാഗിനുമെതിരെ തുറന്നടിച്ച സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ദേശീയ ടീം ക്യാമ്പിൽ വെച്ച് അവഗണിച്ച് പോർച്ചുഗീസ് മിഡ്ഫീൽഡർ ബ്രുണോ ഫെർണാണ്ടസ്. ഹസ്തദാനം ചെയ്യാൻ കൈനീട്ടിയ ക്രിസ്റ്റിയാനോയോട് മാഞ്ചസ്റ്റർ താരമായ ബ്രുണോ തണുപ്പൻ മട്ടിൽ പ്രതികരിക്കുന്നതിന്റെയും അധികം സംസാരത്തിനു നിൽക്കാതെ നടന്നകലുന്നതിന്റെയും ദൃശ്യങ്ങൾ സി.എൻ.എൻ പുറത്തുവിട്ടു.

അതേസമയം, വീഡിയോ തമാശ മട്ടിലുള്ളതാണെന്നും ബ്രുണോ ക്രിസ്റ്റിയാനോയെ അവഗണിച്ചു എന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും പോർച്ചുഗീസ് ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അവകാശപ്പെട്ടു.

Advertising
Advertising

ലോകകപ്പിനു മുന്നോടിയായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് നിർത്തിവെച്ചതിനു പിന്നാലെ ക്രിസ്റ്റ്യാനോ ലോകകപ്പിനൊരുങ്ങുന്ന ദേശീയ ടീമിന്റെ ക്യാമ്പിൽ ചേർന്നിരുന്നു. ക്യാമ്പിൽ മാഞ്ചസ്റ്ററിലെ സഹതാരം ഡിയോഗോ ഡാലോട്ടിനൊപ്പം സൂപ്പർ താരം പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഏറ്റവും അവസാനമായി ടീമിനൊപ്പം ചേർന്ന ബ്രുണോ ഫെർണാണ്ടസും ക്രിസ്റ്റ്യാനോയും തമ്മിലുള്ള ഹസ്തദാന വീഡിയോ പുറത്തുവന്നത്.

പോർച്ചുഗൽ ദേശീയ ടീമിന്റെ ഡ്രസ്സിങ് റൂം എന്ന് തോന്നിക്കുന്ന സ്ഥലത്തുവെച്ചാണ് ക്രിസ്റ്റ്യാനോ ബ്രുണോ ഫെർണാണ്ടസിനു നേരെ കൈനീട്ടിയത്. ആദ്യം അവഗണിച്ച ബ്രുണോ പിന്നീട് താൽപര്യമില്ലാത്ത മട്ടിൽ ഹസ്തദാനം ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെ സൂപ്പർ താരത്തോട് ഒന്നുരണ്ട് വാക്കുകൾ പറഞ്ഞ് മിഡ്ഫീൽഡർ നടന്നകലുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്.

മാഞ്ചസ്റ്റർ യുനൈറ്റഡ് മാനേജ്‌മെന്റിനും കോച്ച് എറിക് ടെൻ ഹാഗിനുമെതിരെ ക്രിസ്റ്റിയാനോ നടത്തിയ ആരോപണങ്ങൾ യുനൈറ്റഡിലെ കളിക്കാരെയും പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ടീമിൽ അംഗമായിരിക്കെ സീസൺ നടുവിൽ വെച്ച് താരം അധികൃതർക്കെതിരെ തുറന്നടിച്ച് ശരിയല്ലെന്ന പക്ഷക്കാരാണ് മിക്ക കളിക്കാരും. ക്ലബ്ബ് ആരാധകരും സൂപ്പർതാരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നു.

Tags:    

Writer - André

contributor

Editor - André

contributor

By - André

contributor

Similar News