ടീം ക്യാമ്പിൽ എത്താൻ വൈകി; കാന്റെയെ കോച്ച് സ്വീകരിച്ചത് ഇങ്ങനെ

ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിലൊരാളായ കാന്റെയെ സ്വീകരിക്കാൻ കോച്ച് ദിദിയർ ദെഷാംപ്‌സും മറ്റ് സ്റ്റാഫുകളും ക്ലെയർഫോണ്ടെയ്ൻ സ്‌റ്റേഡിയത്തിന്റെ ഓഫീസിലുണ്ടായിരുന്നു. 'എന്താണ് വൈകാൻ കാരണം?' ചോദ്യവുമായാണ് ദെഷാംപ്‌സ് താരത്തെ എതിരേറ്റത്.

Update: 2022-09-07 05:49 GMT
Editor : André

ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസി ഉയർത്തിയപ്പോൾ അതിൽ നിർണായക പങ്കുവഹിച്ച താരമായിരുന്നു മിഡ്ഫീൽഡർ എൻഗോളോ കാന്റെ. സെമിയിലും ഫൈനലിലും മാൻ ഓഫ് ദി മാച്ച് ആയ താരം നിലവിൽ യൂറോ കപ്പിനൊരുങ്ങുന്ന ഫ്രാൻസ് ദേശീയ ടീമിന്റെ ക്യാമ്പിലാണ്. ഫ്രാൻസിന്റെ ലോകകപ്പ് നേട്ടത്തിൽ സജീവ പങ്കാളിത്തം വഹിച്ച താരം ഇത്തവണ യൂറോ കപ്പും തങ്ങൾക്ക് നേടിത്തരുമെന്നാണ് ഫ്രാൻസ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിക്കാനുണ്ടായിരുന്നതിനാൽ കാന്റെ വൈകിയാണ് ദേശീയ ടീം ക്യാമ്പിൽ രജിസ്റ്റർ ചെയ്തത്. ട്രെയിൻ വൈകിയതിനാൽ പ്രതീക്ഷിച്ച സമയവും കഴിഞ്ഞാണ് ടീം ക്യാമ്പ് നടക്കുന്ന ക്ലെയർഫോണ്ടെയ്‌നിലെത്താൻ താരത്തിന് കഴിഞ്ഞതും. ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിലൊരാളായ താരത്തെ സ്വീകരിക്കാൻ കോച്ച് ദിദിയർ ദെഷാംപ്‌സും മറ്റ് സ്റ്റാഫുകളും ക്ലെയർഫോണ്ടെയ്ൻ സ്‌റ്റേഡിയത്തിന്റെ ഓഫീസിലുണ്ടായിരുന്നു.

Advertising
Advertising

വന്നു കയറിയ പാടെ 'എന്താണ് വൈകാൻ കാരണം?' ചോദ്യവുമായാണ് ദെഷാംപ്‌സ് താരത്തെ എതിരേറ്റത്. 'ക്ഷമിക്കണം, ട്രെയിൻ വൈകി' എന്ന് പുഞ്ചിരിച്ചുകൊണ്ട് കാന്റെ മറുപടി നൽകുകയും ചെയ്തു. അതിനുള്ള ദെഷാംപ്‌സിന്റെ മറുപടി രസകരമായിരുന്നു: 'ഓടിക്കൂടായിരുന്നോ? നിനക്ക് ട്രെയിനിനേക്കാൾ വേഗത്തിൽ ഓടാൻ കഴിയുമല്ലോ...' മത്സരങ്ങളിൽ മറ്റ് കളിക്കാരെല്ലാം ക്ഷീണിക്കുന്ന അവസാന മിനുട്ടുകളിലും അതിവേഗത്തിൽ ഓടി എതിർ ഗോൾമുഖം വിറപ്പിക്കുന്ന കാന്റെയുടെ സന്നദ്ധതക്കും സ്റ്റാമിനക്കുമുള്ള പ്രശംസയായി മാനേജറുടെ ഈ വാക്കുകൾ.



എതിരാളിയിൽ നിന്ന് പന്ത് തട്ടിയെടുക്കാനും സുപ്രധാനമായ പാസുകൾ നൽകാനും ആക്രമണത്തിന് വഴിയൊരുക്കാനും കഴിവുള്ള കാന്റെയെ ഡിഫൻസീവ് മിഡ്ഫീൽഡർ റോളിലാണ് ദെഷാംപ്‌സ് ലോകകപ്പിൽ ഉപയോഗിച്ചത്. ഫ്രാൻസിന്റെ പ്രതിരോധം ശക്തമാകാനുള്ള പ്രധാന കാരണം ഡിഫന്റർമാർക്ക് തൊട്ടുമുന്നിൽ കാന്റെയുടെ സാന്നിധ്യമായിരുന്നു. ചെൽസിയിൽ പ്രതിരോധ റോളിനൊപ്പം ആക്രമണത്തിനും കോച്ച് തോമസ് ടുക്കൽ ഫ്രഞ്ച് താരത്തെ ഉപയോഗിച്ചു. ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയുടെ നിരവധി നീക്കങ്ങളുടെ മുനയൊടിച്ചത് ഈ 30-കാരനായിരുന്നു.

ഇത്തവണ യൂറോകപ്പ് ഫ്രാൻസ് നേടുകയാണെങ്കിൽ ബാളൻ ഡോർ പുരസ്‌കാരത്തിന് കാന്റെക്ക് അർഹതയുണ്ടാകുമെന്നാണ് ഫുട്‌ബോൾ വിദഗ്ധരുടെ വിലയിരുത്തൽ. ഗോൾ ഡോട്ട് കോമിന്റെ പവർ റാങ്കിങ്ങിൽ ലയണൽ മെസി, ഡിബ്രുയ്‌നെ, ലെവൻഡവ്‌സ്‌കി, കെയ്‌ലിയൻ എംബാപ്പെ എന്നിവരെ പിന്തള്ളി കാന്റെയാണ് നിലവിൽ ഒന്നാം സ്ഥാനത്തുള്ളത്.

Tags:    

Editor - André

contributor

Similar News