പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലെന്താ! പോളണ്ടിനെതിരെയും സൂപ്പറാണ് മെസ്സി

ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അവസരം സൃഷ്ടിച്ച രണ്ടാമത്തെ കളിക്കാരനാണ് മെസ്സി

Update: 2022-12-01 06:49 GMT
Editor : abs | By : Web Desk
Advertising

ദോഹ: ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പോളണ്ടിനെതിരെ നേടിയ എതിരില്ലാത്ത രണ്ടു ഗോൾ ജയവുമായി പ്രീക്വാർട്ടറിലേക്ക് മാർച്ച് ചെയ്തിരിക്കുകയാണ് അർജന്റീന. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് തോറ്റ ശേഷം തുടർച്ചയായി രണ്ടു കളി ജയിച്ചാണ് വിസ്മയകരമായ നീലക്കുപ്പായക്കാർ തിരിച്ചുവരവ് നടത്തിയത്. ആദ്യ രണ്ടു മത്സരത്തിലും ഗോൾ നേടിയ സൂപ്പർ താരം ലയണൽ മെസ്സി വ്യാഴാഴ്ച ലക്ഷ്യം കണ്ടില്ല. ഒരു പെനാൽറ്റി പാഴാക്കുകയും ചെയ്തു.

ഗോൾ നേടിയില്ലെങ്കിലും അർജന്റൈൻ നീക്കങ്ങളുടെയെല്ലാം ചരട് മെസ്സിയുടെ കൈയിലായിരുന്നുവെന്ന് കണക്കുകൾ പറയുന്നു. പോളിഷ് പ്രതിരോധം കെട്ടിപ്പൂട്ടിയിട്ടും മത്സരത്തിൽ 98 ടച്ചാണ് മെസ്സി എടുത്തത്. ഒരു വലിയ അവസരം സൃഷ്ടിച്ചെടുക്കുകയും ചെയ്തു. കീ പാസുകളുടെ എണ്ണം അഞ്ച്. നാലു തവണ വിജയകരമായി ഡ്രിബിൾ നടത്തി. താരം ഗോളിലേക്ക് ആകെ ഉതിർത്തത് ഏഴു ഷോട്ട്. ഇതിൽ നാലെണ്ണം ഓൺ ടാർഗറ്റായിരുന്നു. 





ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അവസരം സൃഷ്ടിച്ച രണ്ടാമത്തെ കളിക്കാരനാണ് മെസ്സി. സൃഷ്ടിച്ചത് 63 അവസരങ്ങൾ. 67 എണ്ണം സൃഷ്ടിച്ച ഡീഗോ മറഡോണയാണ് ഒന്നാമൻ. ഗ്രൂപ്പ് ഘട്ടത്തിൽ ഇതുവരെ രണ്ടു ഗോളാണ് മെസ്സി നേടിയത്. ഒരു അസിസ്റ്റും സ്വന്തം പേരിലുണ്ട്. എട്ട് ഡ്രിബിളുകളും ഒമ്പത് കീ പാസുകയും ചെയ്തു. സൃഷ്ടിച്ചെടുത്തത് പത്ത് അവസരങ്ങൾ. 20 ഡ്യൂവൽസുകൾ വിജയിച്ച താരം രണ്ട് മാൻ ഓഫ് ദ മാച്ച് പുരസ്‌കാരവും സ്വന്തമാക്കി. 

പോളണ്ടിനെതിരെ പലപ്പോഴും പിന്നിലേക്കിറങ്ങിക്കളിച്ച് ക്രിയേറ്റീവ് പത്താം നമ്പറുകാരന്റെ റോളിലായിരുന്നു മെസ്സി. സ്വന്തം ക്ലബ്ബായ പിഎസ്ജിയില്‍ കളിക്കുന്ന രീതി.  പോളണ്ടിന്റെ ഫൈനൽ തേഡിൽ താരത്തിന്റെ കാലിൽ പന്തു കിട്ടുമ്പോഴെല്ലാം അപകടം മണത്തു. മെസ്സിയെ വേഗത്തിൽ ക്ലോസ് ഡൗൺ ചെയ്യാനാണ് പോളിഷ് പ്രതിരോധം ശ്രമിച്ചത്. എന്നാൽ കളിയിലുടനീളം സ്‌ട്രൈക്കർമാരെയും സഹമിഡ്ഫീൽഡർമാരെയും കണ്ടെത്താൻ മെസ്സിക്കായി. വലതുവിങ്ങ് ബാക്കായി കളിച്ച അക്യൂനക്കാണ് മെസ്സി കൂടുതൽ തുറന്ന അവസരങ്ങൾ ഒരുക്കിക്കൊടുത്തത്. സ്ട്രൈക്കര്‍മാര്‍ കുറച്ചുകൂടി ക്ലിനിക്കല്‍ ആയിരുന്നെങ്കില്‍ അര്‍ജന്‍റീന വലിയ മാര്‍ജിനില്‍ ജയിക്കേണ്ട മത്സരമായിരുന്നു ഇത്. 

47-ാം മിനിറ്റിൽ മിഡ്ഫീൽഡർ മക് അലിസ്റ്ററും 67-ാം മിനിറ്റിൽ സ്‌ട്രൈക്കർ ജൂലിയൻ അൽവാരസുമാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. പ്രീക്വാർട്ടറിൽ ആസ്‌ട്രേലിയയാണ് അർജന്റീനയുടെ എതിരാളി. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News