'മെസ്സിയെ പൂട്ടാനറിയാം'; പോരിന് മുമ്പ് എരിവു പകർന്ന് ഡച്ച് കോച്ച്

വെള്ളിയാഴ്ച രാത്രിയാണ് നെതർലൻഡ്‌സ്-അർജന്റീന പോരാട്ടം

Update: 2022-12-07 11:27 GMT
Editor : abs | By : Web Desk
Advertising

ദോഹ: ലോകകപ്പിലെ ക്വാർട്ടർ പോരാട്ടത്തിന് മുമ്പ് സൂപ്പർ താരം ലയണൽ മെസ്സിയുടെ ദൗർബല്യം വെളിപ്പെടുത്തി നെതർലൻഡ്‌സ് കോച്ച് ലൂയി വാൻ ഗാൽ. അർജന്റീനയ്ക്ക് പന്തവകാശം നഷ്ടപ്പെടുമ്പോൾ മെസ്സി കളിയിൽ ഇടപെടുന്നില്ലെന്ന് വാൻ ഗാൽ ചൂണ്ടിക്കാട്ടി. എന്നാൽ അപകടകാരിയും ഭാവനാസമ്പന്നനുമായ കളിക്കാരനാണ് മെസ്സിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഏറ്റവും കൂടുതൽ അപകടകാരിയായ ക്രിയേറ്റീവ് പ്ലേയറാണ് മെസ്സി. ഒരുപാട് ഗോളവസരങ്ങളുണ്ടാക്കാൻ അദ്ദേഹത്തിനാകുന്നു. സ്‌കോർ ചെയ്യാനും കഴിയുന്നു. എന്നാൽ എതിരാളികൾ പന്ത് കൈവശം വയ്ക്കുമ്പോൾ അദ്ദേഹം കൂടുതൽ ഇടപെടുന്നില്ല. ഇത് ഞങ്ങൾക്ക് (മുതലാക്കാൻ) അവസരം നൽകും.' - വാൻഗാൽ പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് നെതർലാൻഡ്‌സ്-അർജന്റീന പോരാട്ടം. ലോകകപ്പിൽ ഇരുടീമുകളം തമ്മിൽ ഏറ്റുമുട്ടുന്നത് ഇത് ആറാം തവണയാണ്. 2014ലെ ബ്രസീൽ ലോകകപ്പ് സെമി ഫൈനലിലാണ് ഇതിനു മുമ്പ് ഇരുവരും കണ്ടുമുട്ടിയത്. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ അർജന്റീന ജയിച്ചു. 

കളത്തിൽ ഏറ്റവും മികച്ച പദ്ധതിയുണ്ടെങ്കിൽ മാത്രമേ മെസ്സിയെ പൂട്ടാനാകൂ എന്ന് നെതർലാൻഡ്‌സ് നായകൻ വിർജിൽ വാൻ ഡൈക് പറഞ്ഞു. മെസ്സിക്കെതിരെ കളിക്കാൻ കഴിയുക എന്നതു തന്നെ ബഹുമതിയാണ്. ക്വാർട്ടർ തങ്ങൾ തമ്മിലുള്ള പോരാട്ടമല്ല. നെതർലൻഡ്‌സും അർജന്റീനയും തമ്മിലുള്ള മത്സരമാണ്. ആർക്കും ഒറ്റയ്ക്ക് കളി ജയിക്കാനാകില്ല. വ്യക്തമായ പദ്ധതിയുണ്ടെങ്കിൽ മാത്രമേ അർജന്റീനയെ പോലുള്ള ഒരു ടീമിനെതിരെ വിജയിക്കാനാകൂ.- അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രീക്വാർട്ടറിൽ യുഎസിനെതിരെ വ്യക്തമായ മേധാവിത്വത്തോടെ വിജയിച്ചാണ് നെതർലൻഡ്‌സ് ക്വാർട്ടറിൽ പ്രവേശിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ കളിയിൽ നിന്ന് ഭിന്നമായി ആക്രമണ ഫുട്‌ബോളിലൂടെ എതിരാളികൾക്ക് മുന്നറിയിപ്പു നൽകുന്ന പ്രകടനമായിരുന്നു ഡച്ച് പടയുടേത്. ഇതുവരെ അവര്‍ തോല്‍വിയറിഞ്ഞിട്ടില്ല. 

അതേസമയം, ആദ്യ മത്സരത്തിൽ സൗദി അറേബ്യയിൽനിന്നേറ്റ അപ്രതീക്ഷിത തോൽവിക്ക് ശേഷമാണ് അർജന്റീന താളം വീണ്ടെടുത്തത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന കളിയിൽ പോളണ്ടിനെതിരെ ഒഴുക്കുള്ള കളി പുറത്തെടുത്തെങ്കിലും പ്രീക്വാർട്ടറിൽ ആസ്‌ട്രേലിയയ്‌ക്കെതിരെ വിയര്‍ത്തു. മെസ്സി ഒരുക്കുന്ന അവസരങ്ങൾ കളഞ്ഞു കുളിക്കുന്ന മുന്നേറ്റനിര ഫോമിലേക്കുയർന്നാലേ ടീമിന് മുമ്പോട്ടുള്ള പോക്ക് സാധ്യമാകൂ.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News