പൊട്ടിക്കരഞ്ഞ് ഡിബാല; യുവന്‍റസിനോട് വിട പറഞ്ഞ് താരം

കഴിഞ്ഞ ദിവസം ലാസിയയോടുള്ള മത്സരത്തോടെയാണ് താരം ജുവന്റസിനൊപ്പമുള്ള ഏഴ് വർഷം നീണ്ട തന്‍റെ യാത്ര അവസാനിപ്പിച്ചത്

Update: 2022-05-17 13:47 GMT
Advertising

സീരി എ വമ്പൻമാരായ യുവന്‍റസില്‍ നിന്ന് അർജന്‍റീന സൂപ്പർ താരം പൗളോ ഡിബാല പടിയിറങ്ങി. കഴിഞ്ഞ ദിവസം ലാസിയയോടുള്ള മത്സരത്തോടെയാണ് താരം ജുവന്റസിനൊപ്പമുള്ള ഏഴ് വർഷം നീണ്ട തന്‍റെ യാത്ര അവസാനിപ്പിച്ചത്. മത്സരത്തിന് ശേഷം വികാര നിർഭരമായ രംഗങ്ങൾക്കാണ് ഇന്നലെ അലിയൻസ് സ്റ്റേഡിയം വേദിയായത്. ഇരുടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ അവസാനിച്ച മത്സരത്തിൽ 78 മിനിറ്റ് നേരം ഡിബാല കളിച്ചു. മത്സരത്തിന് ശേഷം ടീം, താരത്തിന് വൈകാരികമായ യാത്രയയപ്പാണ് നൽകിയത്.  ടീം അംഗങ്ങളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന ഡിബലയുടെ ദൃശ്യങ്ങൾ ജുവന്‍റസ് ആരധകരുടെ കണ്ണു നിറയിക്കുന്നതായി.

യുവന്‍റസിനായി 291 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബാല 115 ഗോളുകളാണ് ടീമിനായി  അടിച്ചു കൂട്ടിയത്. യുവന്‍റസിന് അഞ്ച് സീരി എ കിരീടങ്ങൾ നേടിക്കൊടുക്കുന്നതിൽ നിർണ്ണയക പങ്കുവഹിച്ച താരം നാല് കോപ്പ ഇറ്റാലിയ കിരീടങ്ങളും നേടിക്കൊടുത്തു. ഏഴ് വർഷത്തെ തന്‍റെ കരിയറിനിടെ നാല് തവണ സീരി എ ടീം ഓഫ് ദ ഇയറിൽ താരം ഇടം പിടിച്ചു. 2015 ലാണ് പാലർമോയിൽ നിന്ന് ഡിബാല യുവന്‍റസിലെത്തുന്നത്. കഴിഞ്ഞ ദിവസം തന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ എഴുതിയ വികാര നിര്‍ഭരമായ കുറിപ്പിലൂടെയാണ് താരം ആരാധകരോട് തന്‍റെ പടിയിറങ്ങല്‍  തീരുമാനം പ്രഖ്യാപിച്ചത്. 

"പ്രതിസന്ധി ഘട്ടങ്ങളില്‍ എന്നെ പിന്തുണച്ചതിനു നന്ദി. ഈ ജേഴ്‌സിയും അതിനൊപ്പം നായകന്‍റെ ആംബാൻഡ്‌ അണിയുന്നതും എന്‍റെ ജീവിതത്തിലെ ഏറ്റവും അഭിമാനമുള്ള നിമിഷങ്ങളായിരുന്നു. ഈ ആം ബാന്‍ഡ് ഞാൻ എപ്പോഴെങ്കിലും എന്‍റെ കുട്ടികൾക്കും പേരക്കുട്ടികൾക്കും കാണിച്ചു കൊടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ജേഴ്‌സിയിൽ എന്‍റെ അവസാന മത്സരമാണിത്.  ആലോചിക്കാൻ പോലും പ്രയാസമാണിത്. മാന്ത്രികമായ ഏഴു വർഷങ്ങളും പന്ത്രണ്ടു കിരീടങ്ങളും 115 ഗോളുകളും ആരും, ഒരിക്കലും നമ്മിൽ നിന്നും എടുത്തു മാറ്റുകയില്ല." ഡിബാല കുറിച്ചു. 

summary : Dybala cries and says goodbye to fans

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News