മോഹൻബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും ജേഴ്‌സണിഞ്ഞ് എമി; ചിത്രം പുറത്ത്

ദക്ഷിണേഷ്യൻ പര്യടനത്തിന്റെ ഭാഗമായാണ് ലോകകപ്പിലെ ഗോൾഡൻ ഗ്ലൗ ജേതാവായ മാർട്ടിനസ് ഇന്ത്യയിൽ വന്നത്

Update: 2023-07-06 15:22 GMT

കൊൽക്കത്ത: അർജന്റീനയുടെ ലോകകപ്പ് നേട്ടത്തിൽ നിർണായക പങ്കുവഹിച്ച ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് കൊൽക്കത്തയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തത് കഴിഞ്ഞ ദിവസങ്ങളിലെ വാർത്തയായിരുന്നു. നഗരത്തിലെ സുപ്രധാന ഫുട്‌ബോൾ ക്ലബുകളായ മോഹൻബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും ജേഴ്‌സണിഞ്ഞ് താരം നിൽക്കുന്ന ചിത്രം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഐഎഫ്ടിഡബ്ല്യൂസി - ഇന്ത്യൻ ഫുട്‌ബോൾ ട്വിറ്ററിലാണ് ഈ ചിത്രം പങ്കുവെച്ചത്. സന്തോഷത്തിന്റെ നഗരമെന്നറിയപ്പെടുന്ന കൊൽക്കത്തയിലെ ഐതിഹാസിക ക്ലബുകളാണ് മോഹൻബഗാനും ഈസ്റ്റ് ബംഗാളും. ഇരു ടീമുകളും ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിലും കളിക്കുന്നുണ്ട്.

Advertising
Advertising

ദക്ഷിണേഷ്യൻ പര്യടനത്തിന്റെ ഭാഗമായാണ് ലോകകപ്പിലെ ഗോൾഡൻ ഗ്ലൗ ജേതാവായ മാർട്ടിനസ് ഇന്ത്യയിൽ വന്നത്. ജൂലൈ 4, 5 തിയ്യതികളിലായി വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. സ്പോർട്സ് പ്രമോട്ടറും ബിസിനസ് കൺസൾട്ടന്റുമായ സതാദ്രു ദത്തയാണ് കൊൽക്കത്തയിലേക്കുള്ള മാർട്ടിനസിന്റെ യാത്രയ്ക്കു പിന്നിൽ പ്രവർത്തിച്ചത്. നേരത്തെ പെലെ, ഡീഗോ മറഡോണ, കഫു തുടങ്ങിയ പ്രമുഖരെയും ഇദ്ദേഹം ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്.

പര്യടനത്തിന്റെ ഭാഗമായി ജൂലൈ മൂന്നിന് മാർട്ടിനസ് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലാണ് ആദ്യം എത്തിയത്. താരത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഔദ്യോഗിക വസതിയിൽ സ്വീകരിച്ചു. തന്റെ കൈയൊപ്പ് ചാർത്തിയ അർജന്റീന ജഴ്സി മാർട്ടിനസ് ഷെയ്ഖ് ഹസീനയ്ക്ക് സമ്മാനിച്ചു. പിന്നീട് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ മാർട്ടിനസിനെ വരവേൽക്കാൻ വൻ ആരാധകക്കൂട്ടം എത്തിയിരുന്നു. പിന്നാലെ മോഹൻ ബഗാനൊരുക്കിയ പൊതുചടങ്ങിൽ താരം സംബന്ധിക്കുകയും ചെയ്തു.

ഇവിടെയും ആളുകൾ തടിച്ചുകൂടി. ഇതിൽ സംസാരിക്കവെയാണ് മെസിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചും ഇവിടെ കളിപ്പിക്കുന്നതിനെക്കുറിച്ചും മാർട്ടിനസ് പറഞ്ഞു. മാർട്ടിനസിന്റെ വാക്കുകൾക്ക് വൻ കരഘോഷമായിരുന്നു. 'ഞാൻ ഇവിടെ എത്തിയതിൽ സന്തോഷവാനാണ്. ഇന്ത്യയിൽ വരിക എന്ന എന്റെ സ്വപ്നം പൂവണിഞ്ഞിരിക്കുന്നു. ഈ രാജ്യം വളരെ മനോഹരാണ്, ഇവിടെകൊണ്ടൊന്നും ഇത് അവസാനിക്കുന്നില്ല. ഇനി മെസിയെ ഇന്ത്യയിൽ കൊണ്ടുവന്ന് കളിപ്പിക്കണം, മാർട്ടിനസ് പറഞ്ഞു.

മാർട്ടിനസിന്റെ സേവുകളാണ് ഖത്തർ ലോകകപ്പിൽ അർജന്റീനയെ ചാംപ്യൻമാരാക്കിയത്. ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ഗോൾഡൺ ഗ്ലൗ പുരസ്‌കാരം നേടിയ എമി മാർട്ടിനസ് ഫിഫ ദി ബെസ്റ്റ് ഗോൾകീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. കോപ്പ അമേരിക്കയിലും അർജന്റൈൻ കിരീടധാരണത്തിൽ എമിലിയാനോയുടെ സേവുകൾ നിർണായക പങ്കുവഹിച്ചിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ അന്താരാഷ്ട്ര ഫുട്‌ബോളിലെ പ്രധാന ട്രോഫികളെല്ലാം സ്വന്തമാക്കിയ എമിലിയാനോയുടെ അടുത്തലക്ഷ്യം ചാംപ്യൻസ് ലീഗ് വിജയമാണ്.

Emiliano Martinez in Mohun Bagan and East Bengal jersey

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News