സ്വന്തം തട്ടകത്തിൽ വോൾവ്‌സിനോട് തോറ്റ് യുണൈറ്റഡ്; ലാസ്റ്റ് മിനിറ്റ് ഡ്രാമയിൽ ചെൽസിക്ക് ജയം
ചാമ്പ്യൻസ് ലീഗിൽ റയലിനെ തകർത്ത ആത്മവിശ്വാസവുമായി പ്രീമിയർ ലീഗിൽ ഇറങ്ങിയ ആർസനൽ ഇപ്‌സ്‌വിച് ടൗണിനെ എതിരില്ലാത്ത നാല് ഗോളിന് തോൽപിച്ചു
ലണ്ടൻ: ലിയോണിനെതിരെ തകർപ്പൻ തിരിച്ചുവരവിലൂടെ യൂറോപ്പ ലീഗിൽ സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രീമിയർലീഗിൽ തിരിച്ചടി. സ്വന്തംതട്ടകമായ ഓൾഡ്ട്രാഫോർഡിൽ വോൾവ്‌സാണ് യുണൈറ്റഡിനെ നാണംകെടുത്തിയത്. 77ാം മിനിറ്റിൽ പാബ്ലോ സറാബിയയാണ് ഗോൾനേടിയത്. യൂറോപ്പ ലീഗിലെ പോരാട്ടവീര്യവുമായി പ്രീമിയർലീഗിൽ പന്തുതട്ടിയ ചുവന്നചെകുത്താൻമാർക്ക് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു.
മറ്റൊരു മത്സരത്തിൽ 90+3ാം മിനിറ്റിൽ പെഡ്രോ നെറ്റോ നേടിയ ബുള്ളറ്റ് ഗോളിൽ ഫുൾഹാമിനെ പരാജയപ്പെടുത്തി ചെൽസി. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്നശേഷമാണ് മുൻ ചാമ്പ്യൻമാർ അവസാന പത്തുമിനിറ്റിൽ രണ്ട് ഗോൾ തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയത്. പകരക്കാരനായി ഇറങ്ങിയ താരിക് ജോർജാണ് (83) മറ്റൊരു ഗോൾ സ്‌കോറർ. ഫുൾഹാമിനായി ഇവോബി (20) വലകുലുക്കി. ജയത്തോടെ ചെൽസി പോയന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു. നേരത്തെ ഹോംഗ്രൗണ്ടിൽ ഫുൾഹാമിനോടേറ്റ തോൽവിക്കുള്ള മധുര പ്രതികാരം കൂടിയായി നീലപടക്ക് ഈ ജയം.
റയൽമാഡ്രിഡിനെതിരെ ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ വിജയം നേടിയ ആത്മവിശ്വാസവുമായി പ്രീമിയർ ലീഗിൽ ഇറങ്ങിയ ആർസനലിന് തകർപ്പൻ ജയം. എതിരില്ലാത്ത നാല് ഗോളിന് ഇപ്‌സ്‌വിച് ടൗണിനെയാണ് മുക്കിയത്. ലിയാൻഡ്രോ ട്രൊസാർഡ്(14,69) ഇരട്ടഗോൾ നേടി. ഗബ്രിയേൽ മാർട്ടിനലി(28),ഏഥാൻ നൗനേരി(88) എന്നിവരാണ് മറ്റു ഗോൾ സ്‌കോറർമാർ. 32ാം മിനിറ്റിൽ ലെയ്ഫ് ഡേവിസിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ പത്തുപേരുമായാണ് ഭൂരിഭാഗം സമയവും ഇപ്‌സ്‌വിച് പോരാടിയത്.