ഉഗ്രൻ ഉക്രൈൻ; സ്ലൊവാക്യയെ 2-1 തകർത്ത് യൂറോയിൽ തിരിച്ചുവരവ്

കരുത്തരായ ബെൽജിയത്തെ അട്ടിമറിച്ചെത്തിയ സ്ലൊവാക്യ ഉക്രൈനെതിരെ നിറംമങ്ങി

Update: 2024-06-21 15:31 GMT
Editor : Sharafudheen TK | By : Sports Desk

മ്യൂണിക്: യൂറോകപ്പിൽ സ്ലൊവാക്യയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകർത്ത് ഉക്രൈൻ. ഗ്രൂപ്പ് ഇ പോരാട്ടത്തിൽ ആദ്യ പകുതിയിൽ ഒരുഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ചാണ് ജയം സ്വന്തമാക്കിയത്. ആദ്യ മാച്ചിൽ റൊമാനിയയോട് തോറ്റ ഉക്രൈന്റെ ശക്തമായ തിരിച്ചുവരവായി ഇത്. ബെൽജിയത്തെ അട്ടിമറിച്ചെത്തിയ സ്ലൊവാക്യക്ക് ഉക്രൈൻ പോരാട്ടത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഇതോടെ ഗ്രൂപ്പ് ഇയിൽ റൊമാനിയക്ക് താഴെ രണ്ടാംസ്ഥാനക്കാരായി ഉക്രൈൻ.

17ാം മിനിറ്റിൽ ഇവാൻ ഷ്രാൻസിലൂടെ സ്ലൊവാക്യ മുന്നിലെത്തി. ത്രോയിൽ ലഭിച്ച പന്തുമായി ഇടത് വിങിലൂടെ മുന്നേറിയ ഹരാസ്ലിൻ ബോക്‌സിലേക്ക് നൽകിയ ക്രോസ് കൃത്യമായി ഹെഡ്ഡർ ചെയ്താണ് ഷ്രാൻസ് സ്ലൊവാക്യയെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയിൽ ഗോൾ മടക്കാൻ ഉക്രൈൻ നിരന്തരം ആക്രമിച്ചുകളിച്ചെങ്കിലും പ്രതിരോധകോട്ടതീർത്ത് പിടിച്ചുനിന്നു.

Advertising
Advertising

രണ്ടാം പകുതിയുടെ തന്ത്രങ്ങൾ മാറ്റിയ ഉക്രൈൻ ആദ്യ പത്തുമിനിറ്റിൽതന്നെ സമനില പിടിച്ചു. 54ാം മിനിറ്റിലാണ് ഗോൾ പിറന്നത്. പന്തുമായി മുന്നേറിയ മിഖായേൽ മുഡ്രിക് സിൻചെൻകോയ്ക്ക് മറിച്ചുനൽകി. ബോക്‌സിൽ നിന്ന് സിൻചെങ്കോയിൽ നിന്ന് ലഭിച്ച പാസ് കൃത്യമായി പോസ്റ്റിലേക്ക് തട്ടിയിട്ട് മിഖാലോ ഷപരെങ്കോ ഉക്രൈന് സമനില നൽകി(1-1). അവസാന ക്വാർട്ടറിൽ വിജയഗോളും നേടി വിലപ്പെട്ട മൂന്ന് പോയന്റ് സ്വന്തമാക്കി. ഷപരെങ്കോ ബോക്‌സിലേക്ക് നൽകിയ പന്ത് ഗോൾകീപ്പറെ കൃത്യമായി കബളിപ്പിച്ച് റോമൻ ഒലഹോവിച് വലയിലാക്കി പട്ടിക പൂർത്തിയാക്കി

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News