മുൻ ജർമൻ താരം മെസ്യൂദ് ഓസിൽ വിരമിച്ചു

34ാം വയസ്സിലാണ് താരം പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ചത്

Update: 2023-03-22 12:51 GMT

മെസ്യൂദ് ഓസിൽ

Advertising

ദോഹ: മുൻ ജർമൻ ഫുട്‌ബോൾ താരം മെസ്യൂദ് ഓസിൽ പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. 34ാം വയസ്സിലാണ് താരത്തിന്റെ വിരമിക്കൽ. സമൂഹ മാധ്യമങ്ങളിലെ തന്റെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെയാണ് ഓസിൽ വിവരം പങ്കുവെച്ചത്. 17 വർഷത്തോളം പ്രൊഫഷണൽ ഫുട്‌ബോൾ താരമാകാനായെന്നും ഈ അവസരത്തിന് താൻ നന്ദിയുള്ളവനാണെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു. നിരവധി അവിസ്മരണീയ മുഹൂർത്തങ്ങളും വൈകാരിക നിമിഷങ്ങളുമുള്ള ആനന്ദകരമായ യാത്രയായിരുന്നു ഇതെന്നും അതിന് ഷാൽക്കെ 04, വെർഡർ ബ്രേമൻ ബ്രേമൻ, റിയൽ മാഡ്രിഡ്, ആഴ്‌സണൽ എഫ്.സി, ഫെനർബാഷ്, ബസക്സെഹിർ തുടങ്ങിയ ക്ലബുകൾക്ക് നന്ദി പറയുന്നുവെന്നും ഓസിൽ എഴുതി. പരിശീലകരും സഹതാരങ്ങളും ഏറെ പിന്തുണ നൽകിയെന്നും പറഞ്ഞു.

Full View

തന്റെ യാത്രയുടെ ഭാഗമായിരുന്ന കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും താരം നന്ദി പറഞ്ഞു. സാഹചര്യങ്ങളും ക്ലബുകളും നോക്കാതെ തന്നെ സ്‌നേഹിച്ച ആരാധകരോടും നന്ദി പറഞ്ഞു. ഇനി തന്റെ ഭാര്യ ആമിനയുടെയും മക്കളായ എദയുടെയും ഏലയുടെയും കൂടെയുള്ള ജീവിതമാണ് മുമ്പിലുള്ളതെന്നും എന്നാൽ സമൂഹമാധ്യമങ്ങളിൽ താനുണ്ടാകുമെന്നും അദ്ദേഹം കുറിച്ചു.

തുർക്കി വംശജനായ ഓസിൽ 2018ലാണ് ദേശീയ ടീമിൽനിന്ന് വിരമിച്ചത്.  ജർമൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് റീൻഹാർഡ് ഗ്രിൻഡലിന്റെയും ഒരു വിഭാഗം ജർമൻ പൗരന്മാരുടെയും വംശീയ വിവേചനം ചൂണ്ടിക്കാട്ടിയതിനു പിന്നാലെയായിരുന്നു വിരമിക്കൽ. അറ്റാക്കിംഗ് മിഡ്ഫീൽഡറായാണ് ഓസിൽ കളിച്ചിരുന്നത്.

തൊട്ടുമുൻപ് ലോകകപ്പിൽ ജർമൻ ടീമിന്റെ പരാജയത്തിന് ഉത്തരവാദി ഓസിലാണെന്ന തരത്തിൽ വ്യാപക പ്രചാരണമുണ്ടായിരുന്നു. താരത്തിനെതിരെ വൻ വംശീയാധിക്ഷേപവും നടന്നു. ടീം ജയിച്ചാൽ ഗ്രിൻഡലിന്റെ കണ്ണിൽ താൻ ജർമനും തോറ്റാൽ കുടിയേറ്റക്കാരനുമാണെന്നായിരുന്നു അന്ന് ഓസിൽ തുറന്നടിച്ചത്. നേരത്തെ, ഉയിഗൂറുകൾക്കെതിരായ ചൈനീസ് ഭരണകൂട പീഡനത്തിനെതിരെ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനൊപ്പം ഫോട്ടോക്ക് പോസ് ചെയ്തതും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ലോകകപ്പ് സംഘാടനത്തിൽ ഖത്തറിന് നന്ദി പറഞ്ഞ് മുൻ ജർമൻ താരം മെസ്യൂട് ഓസിൽ രംഗത്ത് വന്നിരുന്നു. മികച്ച ആതിഥ്യത്തിനും സമ്പൂർണമായ സംഘാടനവും നന്ദിയുണ്ടെന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. ലോകകപ്പ് വേദിയിൽനിന്നുള്ള ചിത്രം പങ്കുവച്ചാണ് താരത്തിന്റെ പോസ്റ്റ്.

'2022 ലോകകപ്പിനായി ഖത്തറിലെത്താനായത് വലിയ കാര്യമാണ്. ആതിഥ്യത്തിനും സമ്പൂർണമായ സംഘാടനത്തിനും നന്ദിയുണ്ട്. ഇവിടെയെത്തുന്നത് എപ്പോഴും സന്തോഷമാണ്. ബാക്കി ടൂർണമെന്റിലും ഖത്തറിന് എല്ലാ നന്മയും നേരുന്നു. ദൈവഹിതമുണ്ടെങ്കിൽ നമ്മൾ വീണ്ടും കാണും.'-ഓസിൽ കുറിച്ചു.

ദോഹയിലെ അൽബെയ്ത് സ്റ്റേഡിയത്തിൽ നടന്ന സ്പെയിൻ-ജർമൻ മത്സരത്തിനിടെ കാണികൾ ഓസിലിന്റെ ചിത്രങ്ങളുമായി ഗാലറിയിൽ നിറഞ്ഞിരുന്നു. 'വൺ ലൗ' ആംബാൻഡ് ധരിക്കുന്നത് വിലക്കിയ ഫിഫ നടപടിയിൽ പ്രതിഷേധിച്ച് ജപ്പാനെതിരായ ആദ്യ മത്സരത്തിനുമുൻപ് ജർമൻ താരങ്ങൾ വാപൊത്തിപ്പിടിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിനു പ്രതികരണമായായിരുന്നു ഒരു വിഭാഗം ആരാധകർ ഓസിലിന്റെ ചിത്രം ഉയർത്തിപ്പിടിച്ച് ഗാലറിയിൽ വാപൊത്തിപ്പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

Former German footballer Mossud Ozil has retired from professional football

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News