ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ; കാഫ നേഷൻസ് കപ്പിനുള്ള ഖാലിദ് ജമീൽ ടീം റെഡി
മോഹൻ ബഗാൻ അനുമതി നൽകാത്തതിനെ തുടർന്ന് സഹൽ അബ്ദുൽ സമദിന് സ്‌ക്വാഡിൽ ഇടംപിടിക്കാനായില്ല.
ന്യൂഡൽഹി: ഇന്ത്യൻ ടീമിന്റെ പരിശീലകനായി ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ഖാലിദ് ജമീൽ. കാഫ നേഷൻസ് കപ്പിനുള്ള 23 അംഗ ടീമിനെയാണ് തെരഞ്ഞെടുത്തത്. മലയാളി താരം മുഹമ്മദ് ഉവൈസിന് ആദ്യമായി സീനിയർ ടീമിലേക്കുള്ള വിളിയെത്തി. ആഷിക് കുരുണിയൻ, ജിതിൻ എംഎസ് എന്നിവരേയും ഇന്ത്യൻ സ്‌ക്വാഡിലേക്ക് പരിഗണിച്ചപ്പോൾ രാഹുൽ കെപി, അലക്‌സ് സജി എന്നിവരെ ഒഴിവാക്കി. അതേസമയം, മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ് അനുമതി നൽകാത്തതിനെ തുടർന്ന് സഹൽ അബ്ദുൽ സമദിന് സ്‌ക്വാഡിൽ ഇടംപിടിക്കാനായില്ല.
👔 Head Coach Khalid Jamil announces his squad for the #CAFANationsCup 2025! 🇮🇳🐯#IndianFootball ⚽️ pic.twitter.com/wv7boyUAFE
— Indian Football Team (@IndianFootball) August 25, 2025
ആഗസ്റ്റ് 29 മുതലാണ് തജികിസ്താനിൽ കാഫ നേഷൻസ് കപ്പ് ആരംഭിക്കുക. ആതിഥേയരായ തജികിസ്താൻ, ഇറാൻ, അഫ്ഗാനിസ്താൻ എന്നിവരുമായാണ് മത്സരം. നേരത്തെ സാധ്യത പട്ടികയിലേക്ക് പോലും പരിഗണിക്കാതിരുന്ന വെറ്ററൻ സ്‌ട്രൈക്കർ സുനിൽ ഛേത്രിയേയും ഖാലിദ് ജമീൽ ടീമിലേക്ക് പരിഗണിച്ചില്ല. ഫിഫ വിൻഡോയിൽ ഉൾപ്പെടുത്താത്ത മത്സരമായതിനാലാണ് മോഹൻ ബഗാൻ ഏഴ് താരങ്ങളെ വിട്ടുനൽകാതിരുന്നത്. സഹലിന് പുറമെ ലിസ്റ്റൻ കൊളാസോ, മൻവീർ സിങ് എന്നിവരാണ് ഒഴിവായ പ്രധാന താരങ്ങൾ.