കളിയുടെ ഗതി നിര്‍ണയിച്ച ആ നിമിഷം ; സൂപ്പര്‍ സബ്ബായി ജസിന്‍

കര്‍ണാടകയെ മൂന്നിനെതിരെ ഏഴ് ഗോളിന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിലേക്ക് രാജകീയമായി ടിക്കറ്റുറപ്പിക്കുമ്പോള്‍ ടീമിന്‍റെ വീരനായകനായത് 29ാം മിനിറ്റില്‍ പകരക്കാരനായി മൈതാനത്തെത്തിയ മലപ്പുറം നിലമ്പൂരുകാന്‍ ജസിന്‍

Update: 2022-04-29 01:52 GMT
Advertising

മലപ്പുറം: കര്‍ണാടകയെ മൂന്നിനെതിരെ ഏഴ് ഗോളിന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിലേക്ക് രാജകീയമായി ടിക്കറ്റുറപ്പിക്കുമ്പോള്‍ ടീമിന്‍റെ വീരനായകനായത് 29ാം മിനിറ്റില്‍ പകരക്കാരനായി മൈതാനത്തെത്തിയ മലപ്പുറം നിലമ്പൂരുകാന്‍ ജസിന്‍. അക്ഷരാര്‍ത്ഥത്തില്‍ ജസിന്‍ ഒരു സൂപ്പര്‍ സബ്ബാവുന്ന കാഴ്ചക്കാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയം ഇന്നലെ സാക്ഷിയായത്. 

സുധീർ കോട്ടിക്കലയുടെ ഗോളിൽ നിശബ്ദരായ മഞ്ചേരിയിലെ കാണികൾ 29ാം മിനിറ്റിലെ പകരക്കാരന്‍റെ നമ്പർ കണ്ട് ആവേശത്തോടെ അലറിവിളിച്ചു. നിരവധി ഇതിഹാസ താരങ്ങൾ അണിഞ്ഞ പത്താം നമ്പർ കുപ്പായവുമിട്ട് അയാൾ മൈതാനത്തേക്ക് ഇറങ്ങി. കണ്ണടച്ചു തുറക്കും മുമ്പ് തന്‍റെ മായാജാലം കൊണ്ട് ജസിൻ ഗാലറിയെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിച്ചു.

ആദ്യപകുതിയിൽ അപ്രതീക്ഷിത പകരക്കാരനായാണ് ജസിന്‍ മൈതാനത്തെത്തുന്നത്. എന്നാല്‍ മൈതാനത്തിറങ്ങി 14 മിനിറ്റു കൊണ്ട് പകരക്കാരില്ലാത്ത പകരക്കാരനായി അയാള്‍ മാറി. 14 മിനിറ്റിനുള്ളില്‍ മൂന്ന് തവണ കര്‍ണാടകയുടെ വലകുലുക്കി കേരളത്തിന്‍റെ സൂപ്പർഹീറോ ആവുകയായിരുന്നു ഈ നിലമ്പൂരുകാരന്‍.  അവിടം കൊണ്ടൊന്നും നിര്‍ത്താന്‍ കൂട്ടാക്കാതിരുന്ന ജസിന്‍  അഞ്ചു തവണയാണ് കര്‍ണാടകയുടെ ഗോള്‍ വലതുളച്ചത്.

മൂർച്ചയില്ലാത്ത കേരള മുന്നേറ്റനിരയിൽ ഓരോ മിനിറ്റിലും ജസിൻ ചലനമുണ്ടാക്കി.മത്സരത്തിലെ അഞ്ച് ഗോള്‍ നേട്ടത്തോടെ ഗോൾ വേട്ടക്കാരിൽ നായകൻ ജിജോയെ മറികടന്ന് ജസിൻ ഒന്നാമതെത്തി. അന്തിമ പോരിലും ജസിൻ ഗോളടി തുടർന്നാൽ കേരളത്തിന് എട്ടാം കിരീടം ഉറപ്പിക്കാം.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News