പ്രതിരോധക്കോട്ട തകര്‍ന്നു; ലിവര്‍പൂളില്‍ മുങ്ങി വിയ്യാറയല്‍

ലിവര്‍പൂളിന്‍റെ വിജയം എതിരില്ലാത്ത രണ്ട് ഗോളിന്

Update: 2022-04-28 01:27 GMT

ആൻഫീൽഡിൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ലിവര്‍പൂളിന്‍റെ മുന്നേറ്റങ്ങളെ കോട്ടകെട്ടി പ്രതിരോധിച്ച വിയ്യാറലിന്‍റെ തന്ത്രങ്ങളെ രണ്ടാം പകുതിയില്‍ തകര്‍ത്തെറിഞ്ഞ് ലിവര്‍‌പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് ഒരുപടി കൂടി അടുത്തു. എതിരില്ലാത്ത രണ്ടു ഗോളിനാണ് ലിവര്‍പൂളിന്‍റെ വിജയം. ലിവര്‍പൂളിന്‍റെ രണ്ടു ഗോളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. 

 തുടക്കം മുതൽ മത്സരത്തിൽ ആധിപത്യം  ലിവർപൂളിന്‍റെ കയ്യിലായിരുന്നു. എന്നാല്‍ ലിവര്‍പൂള്‍ മുന്നേറ്റങ്ങളെ  വിയ്യാറയല്‍ ഒന്നാം പകുതിയില്‍ സമര്‍ഥമായി പ്രതിരോധിക്കുന്ന കാഴ്ചയാണ് ആന്‍ഫീല്‍ഡില്‍ കണ്ടത്. 33ാം മിനിറ്റില്‍ സാദിയോ മാനേയുടെ ഗോളെന്നുറപ്പിച്ച ഒരു ഷോട്ട് പോസ്റ്റിനരികിലൂടെ പുറത്തേക്ക്. 42ാം മിനിറ്റിൽ ഒരിക്കല്‍ കൂടി ലിവർപൂൾ ഗോൾ നേടുന്നതിന് അടുത്തെത്തിയെങ്കിലും ഇക്കുറി ഗോൾപോസ്റ്റ്  വിലങ്ങുതടിയായി. തിയാഗോ അൽകാന്ത്രയുടെ ലോങ്ങ് റേഞ്ചിൽ നിന്നുള്ള ഒരു ബുള്ളറ്റ് ഷോട്ട് പോസ്റ്റിലിടിച്ച് പുറത്തേക്ക്. 

Advertising
Advertising

ലിവര്‍പൂള്‍ മുന്നേറ്റങ്ങളെ ആദ്യ പകുതിയിൽ തടഞ്ഞു നിര്‍ത്തുന്നതില്‍ വിയ്യാറയല്‍ വിജയിച്ചു. എന്നാൽ രണ്ടാം പകുതിയിൽ കളി മാറി.  53ാം മിനിറ്റില്‍ ആദ്യ വെടി പൊട്ടി.  ജോർദാൻ ഹെൻഡേഴ്സൻ്റെ ക്രോസ് വിയ്യാറയൽ താരം എസ്റ്റുപിനൻ്റെ ദേഹത്ത് തട്ടി സ്വന്തം വലയിലേക്ക്. രണ്ട് മിനിറ്റിനകം ലിവര്‍പൂള്‍ ലീഡ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇക്കുറി സാദിയോ മാനേയുടെ ഊഴമായിരുന്നു. മുഹമ്മദ് സലാഹിന്‍റെ മനോഹരമായൊരു പാസില്‍  ക്ലോസ് റേഞ്ചിൽ നിന്ന് മാനെ പന്ത് വിയ്യാറയൽ വലയിലെത്തിച്ചു. 

ഒടുക്കം ഫൈനൽ വിസിൽ മുഴങ്ങുമ്പോള്‍ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ടുപോലും ഉതിർക്കാനാവാതെ വിയ്യാറയൽ തോൽവി സമ്മതിച്ചു. മെയ് 4ന് വിയ്യാറയലിൻ്റെ തട്ടകമായ എൽ മാഡ്രിഗലിൽവെച്ചാണ് രണ്ടാംപാദ സെമി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News