എല്ലൻഡ് റോഡിൽ ബലാബലം; തുടർച്ചയായ ഏഴു മത്സരങ്ങളിൽ തോൽവിയറിയാതെ ലീഡ്സ് യുനൈറ്റഡ്
ലീഡ്സ്: റോസസ് ഡെർബിയിൽ മാഞ്ചസ്റ്റർ യുനൈറ്റഡും ലീഡ്സ് യുനൈറ്റഡും സമനിലയിൽ പിരിഞ്ഞു. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം അമെരിക്കൻ സ്‌ട്രൈക്കർ ബ്രാൻഡൺ ആരൺസണാണ് (62') ലീഡ്സ് യുനൈറ്റഡിന് ലീഡ് നൽകിയത്. അധികം വൈകാതെ മാത്തേവൂസ് കുന്യയിലൂടെ (65') മാഞ്ചസ്റ്റർ യുനൈറ്റഡ് സമനില പിടിച്ചു.
വോൾവ്‌സിനെതിരെ സ്വന്തം തട്ടകത്തിൽ സമനില വഴങ്ങിയതിന് ശേഷമാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് ഈ മത്സരത്തിലേക്കെത്തിയത്. അതെ സമയം ആൻഫീൽഡിൽ ലിവർപൂളിനെ ഗോൾ രഹിത സമനിലയിൽ കുരുക്കിയതിന്റെ ആത്മവിശ്വാസത്തോടെയാണ് ലീഡ്സ് വരുന്നത്. ആദ്യ പകുതിയിൽ മതെവൂസ് കുന്യയുടെ വോളി ഷോട്ട് ലീഡ്‌സിന്റെ വല തുളച്ചു, എന്നാൽ അത് ഓഫ് സൈഡിൽ കുരുങ്ങി ഗോൾ നിഷേധിച്ചു. ലീഡ്സ് യുനൈറ്റഡും മറുഭാഗത്ത് അവസരങ്ങൾ സൃഷ്ടിച്ചു എന്നാൽ ഗോൾ മാത്രം ഒഴിഞ്ഞു നിന്നു. രണ്ടാം പകുതിയിൽ പാസ്കൽ സ്ട്രൂയ്ക്ക് നീട്ടിവെച്ച പാസ് ഓടിയെടുത്ത ആരൺസൺ അനായാസം പന്ത് വലയിലെത്തിച്ചു. മാഞ്ചസ്റ്റർ യുനൈറ്റഡ് ഡിഫൻഡർ എയ്ഡൻ ഹെവൻറെ ഭാഗത്ത് നിന്നു വന്ന പിഴവാണ് ഗോളിലേക്ക് വഴി വെച്ചത്.
പക്ഷെ 174 സെക്കൻഡ് നേരത്തേക്ക് മാത്രമാണ് ലീഡ്‌സിന്റെ ലീഡ് നിലനിന്നത്. ജോഷ്വ സിർക്സിയുടെ പാസിൽ മാതെവൂസ് കുന്യ ഗോൾ വല കണ്ടെത്തി. രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും നിരവധി അവസരങ്ങളാണ് ലഭിച്ചത്. സമനിലയോടെ റെലഗേഷൻ സോണിൽ നിന്ന് എട്ട് പോയിന്റ് ലീഡിയോടെ 16ാം സ്ഥാനത്താണ് ലീഡ്സ് യുനൈറ്റഡ്. അതെ സമയം 31 പോയിന്റുമായി യുനൈറ്റഡ് അഞ്ചാം സ്ഥാനത്ത് തുടരുന്നു. അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് ബേൺലിയാണ് എതിരാളികൾ.