റെക്കോർഡിട്ട് മുഹമ്മദ് സലാഹ്; ആഘോഷം യോഗ രീതിയിൽ

"സുജൂദ്" മാതൃകയിൽ ഗോളാഘോഷം നടത്താറുള്ള സലാഹ് വൃക്ഷാസന രീതിയുടെ കാരണം വ്യക്തമാക്കിയിട്ടുണ്ട്

Update: 2022-04-20 05:06 GMT
Editor : André | By : Web Desk
Advertising

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ രാത്രി ലിവർപൂൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ എതിരില്ലാത്ത നാലു ഗോളിന് തകർത്തപ്പോൾ സൂപ്പർ താരം മുഹമ്മദ് സലാഹ് സ്വന്തമാക്കിയത് അപൂർവ റെക്കോർഡ്. കരുത്തരായ യുനൈറ്റഡിനെതിരെ ഒരു പ്രീമിയർ ലീഗ് സീസണിൽ അഞ്ച് ഗോൾ എന്ന, ഇതുവരെ മറ്റാർക്കുമില്ലാത്ത നേട്ടമാണ് ഈജിപ്ഷ്യൻ താരം സ്വന്തം പേരിൽ ചേർത്തത്. യോഗയിലെ 'വൃക്ഷാസന' രൂപത്തിലാണ് താരം ഈ നേട്ടം ആഘോഷിച്ചത്.

സീസൺ തുടക്കത്തിൽ മാഞ്ചസ്റ്ററിന്റെ തട്ടകത്തിൽ ലിവർപൂൾ അഞ്ച് ഗോളുകൾക്ക് ജയിച്ചപ്പോൾ മുഹമ്മദ് സലാഹ് ഹാട്രിക്ക് നേടിയിരുന്നു. കഴിഞ്ഞ സെപ്തംബറിലായിരുന്നു ഈ മത്സരം. ഇന്നലെ ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ 22, 85 മിനുട്ടുകളിൽ സലാഹ് നേടിയ ഗോളുകളാണ് ലിവർപൂളിന് വൻജയം സമ്മാനിച്ചത്.

മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ യുവതാരം ലൂയിസ് ഡിയാസിന്റെ ഗോളിന് വഴിയൊരുക്കി കളിയുടെ തുടക്കത്തിൽ തന്നെ സലാഹ് സാന്നിധ്യമറിയിച്ചിരുന്നു. മൈതാനത്തിന്റെ വലതുഭാഗത്തുനിന്നുള്ള സലാഹിന്റെ ക്രോസിൽ കാൽവെക്കേണ്ട ആവശ്യമേ ഡിയാസിനുണ്ടായുള്ളൂ.

22-ാം മിനുട്ടിൽ സദിയൂ മാനെ പ്രതിരോധം പിളർന്നുനൽകിയ പാസ് ബോക്‌സിൽ കണക്ട് ചെയ്താണ് സലാഹ് തന്റെ ആദ്യ ഗോൾ കണ്ടെത്തിയത്. ഗോൾകീപ്പർ ഡിഹയയുടെ വലതുഭാഗത്തുകൂടെ പന്ത് വലയിലേക്ക് പായിച്ച സലാഹ് ഈ നേട്ടം ആഘോഷിച്ചത് കൈകൂപ്പി ഒറ്റക്കാലിൽ നിന്നുകൊണ്ടുള്ള വൃക്ഷാസന രൂപത്തിലാണ്. 85-ാം മിനുട്ടിൽ ഡീഗോ ജോട്ടയുടെ പാസിൽ നിന്നുള്ള തന്റെ രണ്ടാം ഗോളിന്റെ ആഘോഷവും വ്യത്യസ്തമായിരുന്നില്ല.

മാനസിക സമ്മർദം കുറയ്ക്കാനും പേശികൾക്കും കാൽമുട്ടിനും കണങ്കാലിനും ആശ്വാസം ലഭിക്കാനുമാണ് വൃക്ഷാസനം ചെയ്യുന്നത് എന്നാണ് യോഗാ സങ്കൽപം. ശരീരത്തിലെ മൊത്തം നാഡീഞരമ്പുകൾക്കും ഈ ആസനം ശക്തി നൽകുമെന്നും യോഗ വിദഗ്ധർ പറയുന്നു.

ഇസ്ലാമിക രീതിയിലുള്ള സുജൂദിന്റെ മാതൃകയിൽ ഗോളാഘോഷം നടത്തി ശ്രദ്ധ നേടാറുള്ള സലാഹ് യോഗാസന രീതിയിൽ ആഘോഷിക്കുന്ന കൗതുകമുണർത്തി. എന്നാൽ, ഇതാദ്യമായല്ല താരം ഇവ്വിധം ആഘോഷിക്കുന്നത്. 2019 ഏപ്രിലിൽ ചെൽസിക്കെതിരായ മത്സരത്തിൽ ഗോൾ നേടിയപ്പോഴും വൃക്ഷാസനമായിരുന്നു സലാഹിന്റെ ആഘോഷരീതി.

മത്സരശേഷം സ്‌കൈ സ്‌പോർട്‌സുമായി സംസാരിക്കവെ ഈ ആഘോഷത്തിന്റെ കാരണവും താരം വെളിപ്പെടുത്തി. 'ഞാൻ യോഗ മനുഷ്യനാണ്. യോഗ ചെയ്യാറുണ്ട്. ഗോളടിച്ചപ്പോൾ അതാണ് എന്റെ മനസ്സിൽ വന്നത്...'

ഇന്നലത്തെ ഇരട്ട ഗോളോടെ സലാഹ് ഈ സീസണിലെ തന്റെ ഗോൾനേട്ടം 20 ആക്കി ഉയർത്തി. ലീഗിലെ ടോപ് സ്‌കോററും താരം തന്നെ. 17 ഗോളുമായി ടോട്ടനം ഹോട്‌സ്പറിന്റെ സോൻ ഹ്യുങ് മിന്നും 15 ഗോളുമായി മാഞ്ചസ്റ്ററിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ലിവർപൂളിന്റെ ഡിയാഗോ ജോട്ടയ്ക്കും 15 ഗോളുണ്ട്.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News