നെതർലാന്റ്‌സ് പ്രീക്വാർട്ടറിൽ; ഓസ്ട്രിയയെ വീഴ്ത്തിയത് രണ്ട് ഗോളിന്

യുക്രെയ്‌നെതിരായ ആദ്യമത്സരത്തിൽ മികച്ച കളി കെട്ടഴിക്കുകയും ലക്ഷ്യം കാണുകയും ചെയ്ത ഡെംഫ്രെയ്‌സ് ഓസ്ട്രിയക്കെതിരെ പെനാൽട്ടി അവസരം സമ്പാദിക്കുകയും ഗോളടിക്കുകയും ചെയ്തു.

Update: 2021-06-17 21:16 GMT
Editor : André
Advertising

ഓസ്ട്രിയയെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ച് നെതർലന്റ്‌സ് യൂറോ കപ്പ് നോക്കൗട്ട് റൗണ്ടിൽ. ഗ്രൂപ്പ് സിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ പെനാൽട്ടി സ്‌പോട്ടിൽ നിന്ന് മെംഫിസ് ഡിപേയും ക്ലോസ് റേഞ്ചിൽ നിന്ന് ഡെൻസിൽ ഡെംഫ്രെയ്‌സുമാണ് ഡച്ച് പടയ്ക്കു വേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഓറഞ്ചുകാർക്ക് പല അവസരങ്ങളും ലക്ഷ്യത്തിലെത്തിക്കാനായില്ല.

പത്താം മിനുട്ടിൽ ഡെംഫ്രെയ്‌സിനെ ഡേവിഡ് അലാബ ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ചാണ് ഡിപേ അക്കൗണ്ട് തുറന്നത്. റഫറി ആദ്യം നിഷേധിച്ച പെനാൽട്ടി വാർ പരിശോധനയെ തുടർന്ന് നെതർലന്റ്‌സിന് ലഭിക്കുകയായിരുന്നു.

ഓസ്ട്രിയ സമനില ഗോളിനായി ആക്രമണം ശക്തമാക്കുന്നതിനിടെ അവരുടെ ഹാഫിലുണ്ടായ ഒഴിവിലൂടെ ഡോണിൽ മാലൻ നടത്തിയ പ്രത്യാക്രമണത്തിനൊടുവിലാണ് രണ്ടാം ഗോൾ വന്നത്. മെംഫിസ് ഡിപേ മുന്നിലേക്കു നൽകിയ പന്തുമായി ഓടിക്കയറി മാലൻ ഗോൾമുഖത്തുവെച്ച് പന്ത് ഡെംഫ്രെയ്‌സിനു നൽകി. ഗോൾകീപ്പർ മാത്രമുള്ള പോസ്റ്റിൽ പ്രതിരോധതാരം അനായാസം ലക്ഷ്യം കാണുകയും ചെയ്തു. യുക്രെയ്‌നെതിരായ ആദ്യമത്സരത്തിൽ മികച്ച കളി കെട്ടഴിക്കുകയും ലക്ഷ്യം കാണുകയും ചെയ്ത ഡെംഫ്രെയ്‌സിന്റെ രണ്ടാമത്തെ രാജ്യാന്തര ഗോളാണിത്.

മധ്യനിരയില്‍ ഡിയോങ്ങും വിനാല്‍ഡമും മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ ഇരുപകുതികളിലും നെതര്‍ലന്റ്സിന് മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നു. ഗോളെന്നുറച്ച അവസരങ്ങള്‍ ഡിപേയും വെഗോസ്റ്റും പാഴാക്കി.

നെതർലന്റ്‌സ് നോക്കൗട്ടിൽ ഇടമുറപ്പിച്ചപ്പോൾ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരം ശക്തമായി. ഒന്നുവീതം മത്സരം ജയിക്കുകയും തോൽക്കുകയും ചെയ്ത യുക്രെയ്‌നും ഓസ്ട്രിയയും തമ്മിലുള്ള മത്സരം ഇതോടെ നിർണായകമായി.

Tags:    

Editor - André

contributor

Similar News