ബാഴ്‍സക്ക് സമനില; മെസിയില്ലാത്തതിനാല്‍ എതിരാളികള്‍ക്ക് ഭയമില്ലാതെയായെന്ന് കൂമാന്‍

എപ്പോഴും ഒരേ കാര്യം തന്നെ പറയുന്നതിൽ എനിക്കു താൽപര്യമില്ല, എന്നാൽ നമ്മൾ ലോകത്തിലെ ഏറ്റവും മികച്ച താരത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. മെസി ഉണ്ടായിരുന്ന സമയത്ത് എതിരാളികൾക്കു കൂടുതൽ ഭയമുണ്ടായിരുന്നു

Update: 2021-08-22 09:47 GMT
Editor : ubaid | By : Web Desk
Advertising

ലാ ലിഗയില്‍ അത്‌ലറ്റിക് ബില്‍ബാവോയ്‌ക്കെതിരെ ബാഴ്‌സലോണയ്ക്ക് തിരിച്ചടി. ലയണല്‍ മെസി ക്ലബ്ബ് വിട്ട ശേഷമുള്ള രണ്ടാം മത്സരത്തില്‍ തന്നെ ബാഴ്സലോണക്ക് സമനില തിരിച്ചടിയായി. മെസി കളിക്കളത്തിൽ ഇറങ്ങുമ്പോൾ ടീമിന് കൂടുതൽ കരുത്തും എതിരാളികൾക്ക് കൂടുതൽ ഭയവും ഉണ്ടാകുമായിരുന്നുവെന്ന് ബാഴ്സലോണ മാനേജര്‍ കൂമാൻ പറഞ്ഞു.

ബില്‍ബാവോയുടെ മൈതാനത്ത് നടന്ന മത്സരം 1-1ന് സമനിലയിലായി. മത്സരത്തിലുടനീളം ബാഴ്‌സ പ്രതിരോധത്തെ വിറപ്പിക്കാന്‍ ബില്‍ബാവോയ്ക്കായി. മത്സരം 30 മിനിറ്റ് പിന്നിട്ടതിനു പിന്നാലെ ജെറാര്‍ഡ് പിക്വെ മടങ്ങിയതും ടീമിന് തിരിച്ചടിയായി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 50-ാം മിനിറ്റില്‍ ഇനിഗോ മാര്‍ട്ടിനെസ് ബില്‍ബാവോയെ മുന്നിലെത്തിച്ചു. വീണ്ടും ആക്രമണം തുടര്‍ന്ന ബില്‍ബാവോയ്‌ക്കെതിരേ പിടിച്ചുനില്‍ക്കാന്‍ ബാഴ്‌സ നന്നായി പാടുപെട്ടു. ഒടുവില്‍ മത്സരം അവസാനിക്കാന്‍ 15 മിനിറ്റ് മാത്രം ബാക്കിനില്‍ക്കേ മെംഫിസ് ഡിപായ് ആണ് ബാഴ്‌സയുടെ സമനില ഗോള്‍ നേടിയത്. ലിയോണില്‍ നിന്ന് ഈ സീസണില്‍ ബാഴ്‌സയിലെത്തിയ ഡിപായ് ക്ലബ്ബിനായി നേടുന്ന ആദ്യ ഗോള്‍ കൂടിയാണിത്. ഇന്‍ജുറി ടൈമില്‍ ബാഴ്‌സ താരം എറിക് ഗാര്‍സിയ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകുകയും ചെയ്തു.

വളരെ മികച്ച പ്രകടനം നടത്തിയ അത്‌ലറ്റിക് ബിൽബാവോ ടീമിനെതിരെ, അവരുടെ മൈതാനത്ത് നടന്ന മത്സരത്തിൽ നേടിയ സമനില നിരാശപ്പെടുത്തുന്ന ഫലമല്ലെന്നും കൂമാൻ അഭിപ്രായപ്പെട്ടു. "എല്ലായിപ്പോഴും ഒരേ കാര്യം തന്നെ പറയുന്നതിൽ എനിക്കു താൽപര്യമില്ല, എന്നാൽ നമ്മൾ ലോകത്തിലെ ഏറ്റവും മികച്ച താരത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. മെസി ഉണ്ടായിരുന്ന സമയത്ത് എതിരാളികൾക്കു കൂടുതൽ ഭയമുണ്ടായിരുന്നു. ഞങ്ങളെ സംബന്ധിച്ച് മെസിക്കൊരു പാസ് നൽകിയാൽ അദ്ദേഹം പന്ത് നഷ്ടപ്പെടുത്താറില്ല. മെസി ഇവിടെയില്ലെന്നു നിങ്ങൾക്കു പറയാം, അതു മാറ്റാനാവില്ലല്ലോ." കൂമാൻ പറഞ്ഞു. 

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News