പെനാൽട്ടി പാഴാക്കിയ മാർകസ് റാഷ്‌ഫോർഡിനെതിരെ വംശീയ പരാമർശം; കൗമാരക്കാരന് തടവ്

യൂറോ കപ്പ് ഫൈനലിൽ റാഷ്‌ഫോർഡ് പെനാൽട്ടി പാഴാക്കിയതിനെ തുടർന്ന് ജൂലൈ 11നാണ് ഇയാൾ ട്വിറ്ററിൽ കുറിപ്പിട്ടിരുന്നത്

Update: 2022-03-31 06:09 GMT
Advertising

ഇംഗ്ലണ്ട് സ്‌ട്രൈക്കർ മാർകസ് റാഷ്‌ഫോർഡിനെതിരെ ട്വിറ്ററിൽ വംശീയ പരാമർശം നടത്തിയ കൗമാരക്കാരന് തടവ്. 2020ലെ യൂറോ കപ്പ് ഫൈനലിന് ശേഷം താരത്തെ അപമാനിച്ച ജസ്റ്റിൽ ലീ പ്രൈസി(19)നാണ് ആറാഴ്ച തടവ് കിട്ടിയിരിക്കുന്നത്. ബുധനാഴ്ച സെൻട്രൽ ഇംഗ്ലണ്ടിലെ കിഡ്ഡർമിനിസ്റ്റർ മജിസ്‌ട്രേറ്റ്‌സ് കോടതിയാണ് ശിക്ഷ വിധിച്ചത്. വെബ്ലിയിൽ നടന്ന യൂറോ കപ്പ് ഫൈനലിൽ റാഷ്‌ഫോർഡ് പെനാൽട്ടി പാഴാക്കിയതിനെ തുടർന്ന് ജൂലൈ 11നാണ് ഇയാൾ ട്വിറ്ററിൽ കുറിപ്പിട്ടിരുന്നത്. പോസ്റ്റ് റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം യൂസർ നൈം മാറ്റി ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ ചൂണ്ടിക്കാട്ടി. പിന്നീട് പൊലീസ് പിടികൂടിയ ഇയാൾ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.



'ഒരു ഫുട്‌ബോൾ താരത്തെ നിറത്തിന്റെയും പ്രകൃതത്തിന്റെയും അടിസ്ഥാനത്തിൽ പ്രതിയായ പ്രൈസ് ലക്ഷ്യമിട്ടത് തികഞ്ഞ വംശീയതയും വിദ്വേഷകരമായ ക്രിമിനൽ കുറ്റവുമാണ്' സീനിയർ പ്രോസിക്യൂട്ടർ മാർക് ജോൺസൺ ചൂണ്ടിക്കാട്ടി. ഈ കേസ് ഇത്തരം കാര്യങ്ങളിലേർപ്പെടുന്നവർക്ക് ഒരു സന്ദേശമാകുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.



2020ലെ യൂറോ ഫൈനലിൽ പെനാൽട്ടി പാഴാക്കിയതിനെ തുടർന്ന് റാഷ്‌ഫോർഡിന്റെ സഹതാരങ്ങളായ ബുകായോ സാകാ, ജാഡൺ സാഞ്ചോ എന്നിവരും ഇത്തരത്തിൽ വംശീയ അവഹേളനത്തിന് ഇരകളായിരുന്നു. ഇതും വലിയ സമൂഹ മാധ്യമ കാമ്പയിന് വഴിയൊരുക്കിയിരുന്നു. മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ സ്‌ട്രൈക്കറായാണ് 24കാരനായ റാഷ്‌ഫോർഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News