എൽ.ജി.ബി.ടി കാംപയിനിൽ ചേരാൻ വിസമ്മതിച്ചു; മുസ്‌ലിം താരങ്ങളെ പുറത്തിരുത്തി ഫ്രഞ്ച് ലീഗ് ക്ലബുകൾ

മൊറോക്കൻ മുന്നേറ്റനിര താരം സക്കരിയ്യ അബൂഖ്‌ലാൽ ഉൾപ്പെടെയുള്ള താരങ്ങളെയാണ് പുറത്തിരുത്തിയത്

Update: 2023-05-15 11:57 GMT
Editor : Shaheer | By : Web Desk
Advertising

പാരിസ്: എൽ.ജി.ബി.ടി കാംപയിനിൽ പങ്കെടുക്കാൻ വിസമ്മതിച്ച താരങ്ങളെ പുറത്തിരുത്തി ഫ്രഞ്ച് ലീഗ് ക്ലബ് തുലൂസ് എഫ്.സി. മൊറോക്കൻ മുന്നേറ്റനിരക്കാരനായ സക്കരിയ്യ അബൂഖ്‌ലാൽ ഉൾപ്പെടെയുള്ള താരങ്ങളെയാണ് ക്ലബ് ഇന്നലെ നടന്ന നോന്‍റെയ്‌ക്കെതിരായ മത്സരത്തിൽനിന്ന് പുറത്തിരുത്തിയത്. വിയോജിപ്പറിയിച്ച ഒരു താരത്തെ നോന്റെയും കളിപ്പിച്ചിട്ടില്ല.

ബുധനാഴ്ചത്തെ അന്താരാഷ്ട്ര ഹോമോഫോബിയ, ട്രാൻസ്‌ഫോബിയ, ബൈഫോബിയ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായായിരുന്നു ഇന്നലെ നടന്ന തുലൂസ്-നോന്റെ മത്സരത്തിൽ എൽ.ജി.ബി.ടി ബോധവൽക്കരണ കാംപയിനിൽ ഭാഗമാകാൻ ടീമുകൾതാരങ്ങളോട് ആവശ്യപ്പെട്ടത്. മഴവിൽ വർണത്തിലുള്ള ബാഡ്ജ് പതിച്ച ജഴ്‌സിയണിയാനും എൽ.ജി.ബി.ടി ബോധവൽക്കരണ ബാനറിനു പിന്നിൽനിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാനുമായിരുന്നു നിർദേശം. എന്നാൽ, തുലൂസിലെ മുസ്‌ലിം താരങ്ങൾ ഇതിൽ വ്യക്തിപരമായ അസൗകര്യം അറിയിച്ചു.

മൊറോക്കൻ താരം അബൂഖ്‌ലാലിനുപുറമെ ബോസ്‌നിയൻ താരം സെയ്ദ് ഹാമൂലിച്ച്, അൽജീരിയൻ താരം ഫാറസ് ഷെയ്ബി, മാലിയൻ താരം മൂസ ദിയാറ എന്നിവരാണ് വിയോജിപ്പുമായി മാനേജ്‌മെന്റിനെ സമീപിച്ചത്. ഇതോടൊപ്പം നോന്റെയുടെ ഈജിപ്ഷ്യൻ സ്‌ട്രൈക്കർ മുസ്തഫ മുഹമ്മദും കാംപയിനിന്റെ ഭാഗമാകാനാകില്ലെന്ന് വ്യക്തമാക്കി. തുടർന്നാണ് താരങ്ങളെ പുറത്തിരുത്തി തുലൂസ് ഇന്നലെ മത്സരത്തിനിറങ്ങിയത്. നോന്റെയ്ക്കായി മുസ്തഫയും കളിച്ചിട്ടില്ല.

വിഷയത്തിൽ തുലൂസ് ഔദ്യോഗികമായി വാർത്താകുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. എൽ.ജി.ബി.ടി മൂവ്‌മെന്റിനെ പ്രതിനിധീകരിക്കുന്ന മഴവിൽ വർണവുമായി സഹകരിക്കുന്നതിൽ ചില താരങ്ങൾ വിയോജിപ്പറിയിച്ചതായി വാർത്താകുറിപ്പിൽ വെളിപ്പെടുത്തി. താരങ്ങളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പിനെ ബഹുമാനിക്കുന്നതോടൊപ്പം നിരന്തര സംസാരത്തിനൊടുവിൽ ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ഇവരെ പുറത്തിരുത്താൻ തീരുമാനിച്ചിരിക്കുകയാണെന്നും ക്ലബ് അറിയിച്ചു.

പ്രാദേശിക സമയം ഇന്നലെ വൈകീട്ട് മൂന്നിനായിരുന്നു തുലൂസ്-നോന്റെ മത്സരം. തുലൂസ് സ്റ്റേഡിയത്തിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

Summary: French soccer clubs Toulouse and Nantes exclude Muslim players, including Morocco’s Zakaria Aboukhlal, after they refuse to participate in LGBT campaign

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News