‘അന്ന് ഹാളണ്ടിന് കിട്ടാത്തതിനാൽ ഞങ്ങൾ ബഹിഷ്കരിച്ചില്ല’; റയലിന്റെ ബാലൺ ദോർ ബഹിഷ്കരണത്തിനെതിരെ റോഡ്രി

Update: 2024-11-28 13:50 GMT
Editor : safvan rashid | By : Sports Desk

മാ​ഡ്രിഡ്: ബാലൺ ദോർ വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. റയൽ മാഡ്രിഡ് ബാലൺ ദോർ ചടങ്ങുകൾ ബഹിഷ്കരിച്ചതിനെ വിമർശിച്ച് ജേതാവായ റോഡ്രി രംഗത്തെത്തിയതാണ് പുതിയ വാർത്ത. തങ്ങളുടെ താരമായ വിനീഷ്യസ് ജൂനിയറിനെ പിന്തള്ളി മാഞ്ചസ്റ്റർ സിറ്റി താരമായ റോഡ്രി ജേതാവാകുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ റയൽ മാഡ്രിഡ് ചടങ്ങുകൾ ബഹിഷ്കരിച്ചിരുന്നു. ഇതിനെതിരെയാണ് റോഡ്രിയുടെ പ്രതികരണം.

‘‘അവർ ബാലൺ ദോർ ബഹിഷ്കരിച്ചത് ശരിയായില്ല. ആ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നില്ല. ഞാനൊരിക്കലും അങ്ങനെ ചെയ്യില്ലെന്നാണ് ഞാനെപ്പോഴും പറയാറുള്ളത്’’

Advertising
Advertising

‘‘കഴിഞ്ഞ വർഷം എർലിങ് ഹാളണ്ട് അവാർഡ് വിജയിക്കുന്നതിന് തൊട്ടടുത്തായിരുന്നെന്ന് ഞാൻ ഓർക്കുന്നു. അവനെ പിന്തുണക്കാനായി ഞാനും അവിടെയെത്തിയിരുന്നു. പക്ഷേ കിട്ടിയത് മെസ്സിക്കായിട്ടും ഞങ്ങൾ കൈയ്യടിച്ചു. കാരണം ബാലൺ ദോർ എന്നത് ഒരുതാരത്തിനുള്ള അംഗീകാരമല്ല. ഒരു വർഷത്തിനുള്ള അംഗീകാരമാണ്. ഒരു വർഷം ഉടനീളമുള്ളതിനുള്ള അംഗീകാരം’’- റോഡ്രി പറഞ്ഞു.

മികച്ച പരിശീലകനും മികച്ച ക്ലബിനുമുള്ള പുരസ്കാരങ്ങൾ റയൽ മാഡ്രിഡിനുണ്ടായിരുന്നുവെങ്കിലും ക്ലബിനെ പ്രതിനിധീകരിച്ച് ആരും പ​ങ്കെടുത്തിരുന്നില്ല. 2023ൽ സിറ്റി താരമായ എർലിങ് ഹാളണ്ടിനെ പിന്തള്ളി ലയണൽ മെസ്സി ബാലൺ ദോർ വിജയിയായിരുന്നു. ഈ സംഭവം ചൂണ്ടിക്കാണിച്ചാണ് റോഡ്രിയുടെ വിമർശനം. 

നേരത്തേ സംഘാടകരായ ഫ്രാൻസ് ഫുട്ബോൾ ബാലൺ ദോറിലെ വോട്ട് നില പുറത്തുവിട്ടിരുന്നു. മികച്ച പുരുഷ താരത്തിനുള്ള അവാർഡ് നേടിയ സ്പാനിഷ് താരം റോഡ്രിക്ക് 1170 പോയന്റാണ് ലഭിച്ചത്. രണ്ടാമതെത്തിയ വിനീഷ്യസ് ​ജൂനിയറിന് 1129 വോട്ടുകളും ലഭിച്ചു. കാൽമുട്ടിന് ​പരിക്കേറ്റ റോഡ്രി പോയ ഏതാനും മാസങ്ങളായി കളത്തിന് പുറത്താണ്.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News