'ഇന്ത്യന്‍ പെലെ'; ഗോള്‍നേട്ടത്തില്‍ ഇതിഹാസത്തിനൊപ്പം സുനില്‍ ഛേത്രി

92 മത്സരങ്ങളിൽ നിന്നായിരുന്നു പെലെയുടെ നേട്ടമെങ്കിൽ ഇന്ത്യൻ നായകന് 123 മത്സരങ്ങൾ വേണ്ടി വന്നു ഗോൾനേട്ടം 77 ലെത്തിക്കാൻ.

Update: 2022-08-29 10:47 GMT

ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി ഗോള്‍നേട്ടത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടു. നേപ്പാളിനെതിരെ നേടിയ ഗോളാടെ താരത്തിന്‍റെ രാജ്യാന്തര ഗോളുകളുടെ എണ്ണം 77 ആയി. എക്കാലത്തെയും ഇതിഹാസമായ സാക്ഷാല്‍ പെലെയുടെ റെക്കോര്‍ഡിനൊപ്പം ഇതോടെ ഛേത്രി എത്തി. 92 മത്സരങ്ങളില്‍ നിന്നായിരുന്നു പെലെയുടെ നേട്ടമെങ്കില്‍ ഇന്ത്യന്‍ നായകന് 123 മത്സരങ്ങള്‍ വേണ്ടി വന്നു ഗോള്‍നേട്ടം 77 ലെത്തിക്കാന്‍. അടുത്ത മത്സരത്തില്‍ ഒരു ഗോള്‍ കൂടി നേടാനായാല്‍ ഛേത്രി പെലെയുടെ റെക്കോര്‍ഡ് മറികടക്കും.


Advertising
Advertising


സാഫ് കപ്പ് ഫുട്ബോളിലായിരുന്നു സുനില്‍ ഛേത്രിയുടെ ചരിത്ര നേട്ടം. ഛേത്രിയുടെ ഗോളില്‍ നേപ്പാളിനെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ തോൽപ്പിക്കുകയായിരുന്നു. കളിയുടെ 82-ാം മിനിറ്റിലായിരുന്നു ഛേത്രിയുടെ റെക്കോര്‍ഡ് ഗോൾ വരുന്നത്. മത്സരത്തിലുടനീളം നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അതെല്ലാം ഗോളാക്കി മാറ്റാൻ ഇന്ത്യക്കായില്ല. 'ഇന്നും അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതില്‍ ഞങ്ങൾ പരാജയപ്പട്ടു. നിരവധി അവസരങ്ങളാണ് ഞങ്ങൾ നഷ്ടപ്പെടുത്തിയത്. എങ്കിലും കളിയുടെ അവസാനം ഞങ്ങൾ വിലപ്പെട്ട മൂന്ന് പോയിന്‍റ് നേടിയിരിക്കുന്നു. ജയത്തോടെ ടൂർണമെന്‍റില്‍ തുടരാനാവുമെന്നതിൽ സന്തോഷമുണ്ട്'- മത്സരത്തിന് ശേഷം ഛേത്രി പ്രതികരിച്ചു.

നിലവില്‍ മൂന്ന് കളികളില്‍ നിന്ന് അഞ്ച് പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഒരു ജയവും രണ്ട് സമനിലയുമാണ് ഇന്ത്യയുടെ അക്കൌണ്ടിലുള്ളത്. മൂന്ന് കളികളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി മാലിദ്വീപാണ് പട്ടികയില്‍ ഒന്നാമത്.

സാഫ് കപ്പ് ഫുട്ബോള്‍ ചരിത്രം പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ ടീം ടൂര്‍ണമെന്‍റ് ഫേവറൈറ്റുകള്‍ തന്നെയാണ്. ഏഴ് തവണയാണ് ഇന്ത്യന്‍ ടീം സാഫ് കപ്പില്‍മുത്തമിട്ടത്. ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ഇന്ത്യക്ക് പക്ഷേ കഴിഞ്ഞ തവണഫൈനലില്‍ കാലിടറിയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മാലിദ്വീപ് ആണ് അന്ന് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇത്തവണ അതേ മാലിദ്വീപില്‍ വെച്ച് ചാമ്പ്യന്‍ഷിപ്പ് നടക്കുമ്പോള്‍ കിരീടനേട്ടത്തില്‍ക്കുറഞ്ഞതൊന്നും ഇന്ത്യന്‍ ടീമിനെ തൃപ്തിപ്പെടുത്തില്ല.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News