ഒറ്റഗോൾ ജയത്തോടെ തൃശൂർ ഒന്നാം സ്ഥാനത്ത്; മുഹമ്മദ് അഫ്സലാണ് ഗോൾ നേടിയത്
കൊച്ചി: സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക് എഫ്സിക്ക് തുടർച്ചയായ മൂന്നാം ജയം. മഹാരാജാസ് സ്റ്റേഡിയത്തിൽ ഫോഴ്‌സ കൊച്ചി എഫ്സിയെ പകരക്കാരനായി എത്തിയ അഫ്സൽ നേടിയ ഗോളിനാണ് തൃശൂർ മാജിക് എഫ്സി തോൽപ്പിച്ചത്. ലീഗിൽ കൊച്ചിയുടെ തുടർച്ചയായ നാലാം തോൽവിയാണിത്. നാല് റൗണ്ട് മത്സരം പൂർത്തിയായപ്പോൾ തൃശൂർ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തും കൊച്ചി അവസാനസ്ഥാനത്തുമാണ്.
പത്താം മിനിറ്റിലാണ് മത്സരത്തിൽ ഗോൾ ലക്ഷ്യമാക്കിയുള്ള ആദ്യ ഷോട്ട് പിറന്നത്. തൃശൂരിന്റെ ലെനി റോഡ്രിഗസ് ബോക്സിന് പുറത്തു നിന്ന് പറത്തിയ ഷോട്ട് കൊച്ചിയുടെ അണ്ടർ 23 ഗോൾ കീപ്പർ മുഹമ്മദ് മുർഷിദ് കോർണർ വഴങ്ങി രക്ഷിച്ചു. മത്സരം 15 മിനിറ്റ് തികയും മുൻപ് കൊച്ചിയുടെ സ്പാനിഷ് താരം റാമോൺ ഗാർഷ്യ പരിക്കേറ്റ് കളംവിട്ടു. പകരമെത്തിയത് മലയാളി താരം ഗിഫ്റ്റി ഗ്രേഷ്യസ്. 25ാം മിനിറ്റിൽ ഗിഫ്റ്റിയുടെ താഴ്ന്നുവന്ന ഷോട്ട് തൃശൂർ ഗോളി കമാലുദ്ധീൻ പ്രയാസപ്പെട്ട് തടഞ്ഞിട്ടു. 32ാം മിനിറ്റിൽ ഫ്രീകിക്കിന് പിന്നാലെ ലഭിച്ച പന്ത് ലെനി റോഡ്രിഗസ് പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചെങ്കിലും കൊച്ചി കീപ്പർ മുർഷിദ് ക്രോസ് ബാറിന് മുകളിലൂടെ തട്ടിയകറ്റി. ആദ്യപകുതി അവസാനിക്കാനിരിക്കെ മാർക്കസ് ജോസഫിന്റെ ക്ലോസ് റെയിഞ്ച് ഹെഡ്ഡറും മുർഷിദ് തടഞ്ഞിട്ടു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ സെർബിയക്കാരൻ ഇവാൻ മാർക്കോവിച്ചിനെ പിൻവലിച്ച തൃശൂർ ഉമാശങ്കറിനെ കൊണ്ടുവന്നു.51ാം മിനിറ്റിൽ തൃശൂരിന് അവസരം. എസ് കെ ഫയാസ് വലതുവിങിൽ നിന്ന് നൽകിയ ക്രോസിന് മാർക്കസ് ജോസഫ് തലവെച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. സജീഷിനെ പിൻവലിച്ച കൊച്ചി നിജോ ഗിൽബർട്ടിനും എസ്കെ ഫായാസിന് പകരം തൃശൂർ ഫൈസൽ അലിക്കും അവസരം നൽകി. 80ാം മിനിറ്റിൽ കൊച്ചിയുടെ മുഷറഫിനെ ഫൗൾ ചെയ്ത ബിബിൻ അജയന് മഞ്ഞക്കാർഡ് ലഭിച്ചു. 90ാം മിനിറ്റിൽ തൃശൂർ വിജയഗോൾ നേടി. മാധ്യനിരയിൽ നിന്ന് ലഭിച്ച ത്രൂബോളുമായി കുതിച്ച അഫ്സൽ പന്ത് വലയിലെത്തിച്ചു 1-0.
അഞ്ചാം റൗണ്ടിലെ ആദ്യമത്സരത്തിൽ ഞായറാഴ്ച കാലിക്കറ്റ് എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ നേരിടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.