"വെറുതെ വീണിട്ട് കാര്യമില്ല"; പെനാല്‍റ്റി നിയമങ്ങളില്‍ മാറ്റം വരുത്തി പ്രീമിയര്‍ ലീഗ്

പ്രീമിയർ ലീഗിലെ വീഡിയോ റഫറിയിങ് ഏറെ വിവാദങ്ങൾ ഉയർത്തുന്ന പശ്ചാത്തലത്തിലാണ് അതിനെ മികച്ചതാക്കാൻ പുതിയ തീരുമാനങ്ങൾ കൊണ്ടുവന്നിരിക്കുന്നത്

Update: 2021-08-04 05:50 GMT
Editor : ubaid | By : Web Desk
Advertising

പെനാൽറ്റിക്കു വേണ്ടി താരങ്ങൾ കളിക്കളത്തിൽ അനാവശ്യമായി വീഴുന്നതു നിർത്തലാക്കാൻ പ്രീമിയർ ലീഗിൽ പുതിയ നിയമം വരുന്നു. പെനാൽറ്റി ബോക്‌സിൽ വെച്ചുള്ള പ്രതിരോധതാരങ്ങളുടെ സ്പര്‍ശം എത്രത്തോളമുണ്ടെന്നും അതിനുള്ള കാരണവും കളിയിൽ അതു സൃഷ്‌ടിക്കുന്ന പ്രത്യാഘാതങ്ങളും വിലയിരുത്തി വീഡിയോ റഫറിയാണ് ഈ തീരുമാനങ്ങൾ എടുക്കുക. അതായത് പെനാൽറ്റിക്കു വേണ്ടി താരങ്ങൾ ബോക്‌സിൽ വീഴേണ്ട കാര്യമില്ലെന്നര്‍ഥം. മറിച്ച് ഫൗൾ കണ്ടെത്തിയാൽ ഒഫിഷ്യൽസ് കളി നിർത്തി വെച്ച് പെനാൽറ്റി നൽകാനുള്ള തീരുമാനം എടുക്കുന്നതായിരിക്കും.

പ്രതിരോധതാരം നടത്തിയ സ്പര്‍ശം, അത് കളിയിലുണ്ടാക്കുന്ന പ്രത്യാഘാതം, ആ സ്പര്‍ശം പെനാൽറ്റി ലഭിക്കുന്നതിനു വേണ്ടി താരം ഉപയോഗപ്പെടുത്തിയതാണോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കും. കൃത്യമായ സ്പര്‍ശം ഉണ്ടാവുകയും അതു കളിയിൽ പ്രത്യാഘാതം സൃഷ്ടിക്കുന്നതുമാണെങ്കിൽ പെനാൽറ്റി നൽകുകയും അതല്ല, മിനിമം സ്പര്‍ശനം മാത്രമാണെങ്കിൽ പെനാൽറ്റി നൽകാനുള്ള സാധ്യത കുറയുകയും ചെയ്യും.

കളിയുടെ ഒഴുക്ക് നല്ല രീതിയിൽ നിലനിർത്താനുള്ള ഈ തീരുമാനത്തിനു പുറമെ വിവാദമുയർത്തുന്ന ഓഫ്‌സൈഡ് വിളികൾ കുറക്കുന്നതിനുള്ള തീരുമാനവും ഈ സീസൺ മുതൽ നടപ്പിലാക്കാൻ പ്രീമിയർ ലീഗ് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. പരിശോധനക്കായി കൂടുതൽ കനം കൂടിയ ലൈനുകൾ ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. മുന്നേറ്റനിര താരത്തിന്റെ പൊസിഷൻ പ്രതിരോധ താരത്തിന്‍റ ലൈനിലാണെങ്കിൽ അത് ഓൺസൈഡായി പരിഗണിക്കും. മുന്നേറ്റനിര താരങ്ങൾക്കു തന്നെയാണ് ഈ തീരുമാനത്തിന്റെ ഗുണം കൂടുതൽ ലഭിക്കുക.

പ്രീമിയർ ലീഗിലെ വീഡിയോ റഫറിയിങ് ഏറെ വിവാദങ്ങൾ ഉയർത്തുന്ന പശ്ചാത്തലത്തിലാണ് അതിനെ മികച്ചതാക്കാൻ പുതിയ തീരുമാനങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. വരുന്ന സീസണിൽ പുതിയ നിയമങ്ങള്‍ പ്രയോഗത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News