'അയാളെ കുറ്റപ്പെടുത്താന്‍ എളുപ്പമാണ്, പക്ഷേ'; ക്രിസ്റ്റ്യാനോക്ക് പിന്തുണയുമായി പീറ്റേഴ്സണ്‍

'സമാനമായൊരനുഭവം എനിക്കുമുള്ളതിനാല്‍ അദ്ദേഹത്തോട് സഹതാപമുണ്ട്'

Update: 2022-11-16 14:21 GMT

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്‍റെ ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയും കോച്ച് എറിക് ടെൻഹാഗിനെതിരെയും നടത്തിയ വിമർശനങ്ങളുടെ അലയൊലികള്‍ ഫുട്ബോള്‍ ലോകത്ത് ഇനിയും കെട്ടടങ്ങിയിട്ടില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ ചതിച്ചുവെന്നും തന്നോട് ബഹുമാനമില്ലാത്ത കോച്ചിനോട് തനിക്കും ബഹുമാനമില്ലെന്നുമായിരുന്നു ക്രിസ്റ്റ്യാനോയുടെ പ്രതികരണം. ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകന്‍ പിയേഴ്സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിനിടെയാണ് താരം ടീമിനും കോച്ചിനുമെതിരെ പൊട്ടിത്തെറിച്ചത്. ഇപ്പോഴിതാ ക്രിസ്റ്റ്യാനോക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സണ്‍. 

Advertising
Advertising

''ക്രിസ്റ്റ്യാനോയുടെ അഭിമുഖം ഞാന്‍ കണ്ടു. സമാനമായൊരനുഭവം എനിക്കുമുള്ളതിനാല്‍ അദ്ദേഹത്തോട് സഹതാപമുണ്ട്. ആളുകളെ കുറിച്ച് നിരന്തരം നുണകളും ഊഹാപോഹങ്ങളും എഴുതിപ്പിടിക്കുമ്പോള്‍ അവരെ എങ്ങനെ അത് ബാധിക്കുമെന്ന് അത് ചെയ്യുന്നവര്‍ക്ക് ഒരു ധാരണയുമില്ല.  അയാളെ കുറ്റപ്പെടുത്താന്‍ എളുപ്പമാണ്, എന്നാൽ  അതിനു മുമ്പ് ഒരു തവണ ചിന്തിക്കുക'- പീറ്റേഴ്സണ്‍ പറഞ്ഞു. തന്‍റെ ട്വിറ്റര്‍ പേജിലാണ് പീറ്റേഴ്സന്‍റെ പ്രതികരണം. 

പിയേഴ്സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിനിടെ തന്‍റെ മുൻ സഹതാരമായിരുന്ന റൂണിയുടെ വിമർശനങ്ങൾക്കും ക്രിസ്റ്റ്യാനോ മറുപടി നല്‍കിയിരുന്നു. റൂണിയുടെ പ്രതികരണങ്ങൾ അസൂയ കൊണ്ടാണ് എന്നായിരുന്നു റൊണാൾഡോയുടെ പ്രതികരണം'

നേരത്തേ ക്രിസ്റ്റ്യാനോയും മാഞ്ചസ്റ്റര്‍ കോച്ച് എറിക് ടെന്‍ഹാഗും തമ്മിലുണ്ടായ പ്രശ്നങ്ങളില്‍ ക്രിസ്റ്റ്യാനോക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായാണ് റൂണി രംഗത്തെത്തിയത്.ക്രിസ്റ്റ്യാനോക്ക് എന്ത് തീരുമാനം വേണമെങ്കിലും എടുക്കാം. എന്നാൽ സീസണിന്‍റെ തുടക്കം മുതൽ അദ്ദേഹം ചെയ്ത കാര്യങ്ങൾ യുണൈറ്റഡിന് സ്വീകാര്യമല്ല. തല താഴ്ത്തി ജോലി ചെയ്യുക, അതാണ് ക്രിസ്റ്റ്യാനോക്ക് നല്ലത് എന്നായിരുന്നു റൂണിയുടെ പ്രതികരണം.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News