എന്തുകൊണ്ട് ജേഴ്‌സി നമ്പര്‍ 30 പി.എസ്.ജിയില്‍ മെസിക്ക് ലഭിച്ചു?

എന്നാല്‍ മുപ്പതാം നമ്പർ ജേഴ്‌സി മെസി തിരഞ്ഞെടുത്തതിനു പിന്നിൽ ഒരു കാരണമുണ്ട്

Update: 2021-08-11 05:38 GMT
Editor : ubaid | By : Web Desk

പത്താം നമ്പര്‍ കുപ്പായത്തില്‍ ഫുട്ബോള്‍ ലോകത്ത് റെക്കോര്‍ഡുകള്‍ വെട്ടപ്പിടിച്ച സൂപ്പര്‍ താരം ലയണല്‍ മെസി പാരിസ് സെന്റ് ജര്‍മനില്‍ (പി.എസ്.ജി) അണിയുക 30-ാം നമ്പര്‍ ജേഴ്സി. പി.എസ്.ജി. പുറത്തിറക്കിയ വീഡിയോയിലാണ് താരത്തിന്റെ നമ്പര്‍ വെളിപ്പെടുത്തിയത്. അതേസമയം താരം പി.എസ്‌.ജിയിൽ അണിയുന്ന ജേഴ്‌സി നമ്പർ ആരാധകരുടെ നെറ്റി ചുളിപ്പിക്കുന്നതായിരുന്നു. ഫ്രാൻസിൽ ബാക്കപ്പ് ഗോൾകീപ്പർമാർ അണിയുന്ന മുപ്പതാം നമ്പർ ജേഴ്‌സിയാണ് മെസി പി.എസ്‌.ജിയിൽ തിരഞ്ഞെടുത്തത്. മുപ്പതാം നമ്പർ ഉപയോഗിച്ചിരുന്ന പി.എസ്‌.ജിയുടെ ബാക്കപ്പ് ഗോൾകീപ്പർ അലക്സാൻഡ്രെ ലെറ്റെല്ലിയില്‍ നിന്നാണ് ജേഴ്സി മെസിക്ക് ലഭിച്ചത്.

Advertising
Advertising

എന്നാല്‍ മുപ്പതാം നമ്പർ ജേഴ്‌സി മെസി തിരഞ്ഞെടുത്തതിനു പിന്നിൽ ഒരു കാരണമുണ്ട്.  പ്രഫഷണല്‍ കരിയര്‍ തുടങ്ങുമ്പോള്‍ മെസിയുടെ ജേഴ്സി നമ്പര്‍ 30 ആയിരുന്നു. ഫ്രാങ്ക് റെയ്ക്കാര്‍ഡിന്‍റെ കീഴില്‍ ബാഴ്സയുടെ സീനിയര്‍ ടീമിനായി കളിച്ച ആദ്യ മത്സരത്തിലാണ് മെസി 30-ാംനമ്പര്‍ ജേഴ്സി ധരിച്ചിറങ്ങിയത്. പിന്നീട് രണ്ട് സീസണുകളില്‍ മെസി 19-ാം നമ്പര്‍ ജേഴ്സി ധരിച്ചാണ് ബാഴ്സ കുപ്പായത്തില്‍ ഇറങ്ങിയത്. ബ്രസീല്‍ താരമായ റൊണാള്‍ഡീഞ്ഞോ ആയിരുന്നു ബാഴ്സയിലെ പത്താം നമ്പര്‍ ജേഴ്സിയുടെ അവകാശി. എന്നാല്‍ ബാഴ്സലോണക്കായും അര്‍ജന്റീനയ്ക്കായും മെസി ഏറ്റവും കൂടുതല്‍ തിളങ്ങിയത് 10-ാം നമ്പര്‍ കുപ്പായത്തിലാണ്. 

മെസിയുടെ സുഹൃത്ത് കൂടിയായ ബ്രസീലിയന്‍ താരം നെയ്മറാണ് പി.എസ്.ജിയിലെ പത്താം നമ്പര്‍ ജേഴ്‍സി ധരിക്കുന്നത്. മെസിക്കായി ജേഴ്സി വിട്ടു നല്‍കാന്‍ നെയ്മര്‍ തയാറായിരുന്നെങ്കിലും മെസി നിരസിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മെസി ടീം വിട്ടതോടെ പത്താം നമ്പര്‍ ജേഴ്സിയും എന്നെന്നേക്കുമായി വിരമിക്കണമെന്ന ബാഴ്സ ആരാധകരുടെ ആവശ്യത്തോട് ടീം മാനേജ്മെന്‍റ് പ്രതികരിച്ചിട്ടില്ല. എങ്കിലും പുതിയ സീസണിലേക്കുള്ള കളിക്കാരുടെ സ്ക്വഡ് നമ്പര്‍ ബാഴ്സ പുറത്തുവിട്ടപ്പോള്‍  പത്താം നമ്പര്‍ ആര്‍ക്കും നല്‍കിയിട്ടില്ല. എങ്കിലും പത്താം നമ്പര്‍ ജേഴ്സി ബാഴ്സക്ക് അധികകാലം ഒഴിച്ചിടാനാവില്ല. കാരണം റോയല്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍റെ നിയമാവലി പ്രകാരം ഓരോ ടീമിലെയും 25 കളിക്കാര്‍ക്കും ഒന്നു മുതല്‍ 25വരെയുള്ള ജേഴ്സി നമ്പറാണ് അനുവദിക്കേണ്ടത്.

2023വരെയുള്ള പ്രാഥമിക കരാർ മെസിയും പി.എസ്.ജിയും തമ്മിൽ കഴിഞ്ഞ ദിവസം ഒപ്പിട്ടിരുന്നു.അതിനു ശേഷം ഒരു വർഷത്തേക്ക് കൂടെ കരാർ നീട്ടാനുള്ള വ്യവസ്ഥയും ഉണ്ട്. വർഷം 35 മില്യൺ യൂറോ വേതനമായി മെസിക്ക് ലഭിക്കും. മെസിയുടെ പാരീസിലെ പ്രകടനങ്ങൾക്കായാകും ഇനി ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്. വരുന്ന വാരാന്ത്യത്തിലെ ലീഗ് മത്സരത്തിൽ മെസി പി.എസ്.ജിക്കായി അരങ്ങേറ്റം നടത്തും.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News