'ഡി.ആർ.എ.സിൽ വരെ തിരിമറി, എല്ലാം ഇന്ത്യക്ക് അനുകൂലം'; വീണ്ടും വിവാദമുയര്‍ത്തി മുന്‍ പാക് താരം

ഇന്നലെ ദക്ഷിണാഫ്രിക്കന്‍ താരം റസി വാന്‍ഡര്‍ഡസന്‍റെ വിക്കറ്റ് ചൂണ്ടിക്കാട്ടിയാണ് താരത്തിന്‍റെ വിമര്‍ശനം

Update: 2023-11-06 12:29 GMT

ഈ ലോകകപ്പിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന രണ്ട് കരുത്തരുടെ പോരോട്ടമാണ് ഇന്നലെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ അരങ്ങേറിയത്. എന്നാൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഏകപക്ഷീയമായാണ് തകര്‍ത്തെറിഞ്ഞത്. സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയുടേയും അഞ്ച് വിക്കറ്റുമായി കളംനിറഞ്ഞ രവീന്ദ്ര ജഡേജയുടേയും മിന്നും പ്രകടനങ്ങളാണ് ഇന്ത്യൻ വിജയത്തിന് കരുത്ത് പകർന്നത്. ഇന്ത്യ ഉയർത്തിയ 326 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പ്രോട്ടീസിന് ടീം സ്‌കോർ നൂറ് കടത്താൻ പോലുമായില്ല..

ഇപ്പോഴിതാ മത്സരത്തിൽ മുഹമ്മദ് ഷമി നേടിയ വിക്കറ്റുമായി ബന്ധപ്പെട്ട് ഒരു വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് മുൻ പാക് താരം ഹസൻ റാസ. വാൻഡർ ഡസന്റെ വിക്കറ്റുമായി ബന്ധപ്പെട്ടാണ് റാസ വിവാദ പരാമർശം നടത്തിയത്. ലോകകപ്പിൽ ഇന്ത്യക്കായി ഡി.ആർ.എസിൽ പോലും തിരിമറി നടക്കുന്നുണ്ട് എന്ന് റാസ ആരോപിച്ചു.

Advertising
Advertising

''ലോകകപ്പില്‍ ഡി.ആർ.എസ് സാങ്കേതിക വിദ്യയുടെ അവസ്ഥയെന്താണ്. വാൻഡർഡസന് ഷമിയെറിഞ്ഞ പന്ത് വന്ന് കുത്തുന്നത് ലെഗ് സ്റ്റംപിന് നേർക്കാണ്. എങ്ങനെയാണ് മിഡിൽ സ്റ്റംപിലേക്ക് അത് പെട്ടെന്ന് തിരിഞ്ഞത്. അത് അസാധ്യമാണെന്ന് എല്ലാവർക്കും അറിയാം. ഡി.ആർ.എസിൽ നടത്തുന്ന ഈ തിരിമറി ഉറപ്പായും അന്വേഷിക്കണം''- റാസ പറഞ്ഞു.

 ലോകകപ്പില്‍  ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് അധിക ആനുകൂല്യം കിട്ടുന്ന രീതിയിലുള്ള പന്തുകള്‍ ഐ.സി.സി നല്‍കിയിട്ടുണ്ടെന്നും അത് കൊണ്ടാണ് അവര്‍ക്ക് ഇങ്ങനെ വിക്കറ്റ് കൊയ്യാനാവുന്നത് എന്നും റാസ നേരത്തേ പറഞ്ഞിരുന്നു. വിവാദ പ്രസ്താവനക്ക് ശേഷം പാക് ഇതിഹാസം വസീം അക്രമടക്കം റാസക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News