'റേറ്റിങ്ങിനായി ഒന്നും പറയാറില്ല'; കോഹ്ലിയുമായുള്ള ബന്ധത്തെക്കുറിച്ച് ഗംഭീര്‍

'എന്‍റെ നിയമനത്തിന് ശേഷം കോഹ്ലിയോട് ഒരുപാട് തവണ സംസാരിച്ചിട്ടുണ്ട്'

Update: 2024-07-23 07:08 GMT

കോഹ്ലിയും നിങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോൾ എങ്ങനെയാണ്? മാധ്യമപ്രവർത്തകരുടെ ചോദ്യം ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിനോടാണ്. ടി.ആർ.പി റേറ്റിങ്ങിന് വേണ്ടിയാണ് നിങ്ങളുടെ ഈ ചോദ്യം എന്ന് എനിക്ക് നന്നായി അറിയാമെന്നായിരുന്നു ഗംഭീറിന്റെ മറുപടി.

''ഞാനും കോഹ്ലിയും തമ്മിലുള്ള ബന്ധം എങ്ങനെയാണെന്ന് പരസ്യമാക്കേണ്ട കാര്യമിപ്പോൾ ഇല്ല. രാജ്യത്തിന്റെ അഭിമാനമുയർത്താൻ പോരാടുക എന്ന കാര്യത്തിൽ ഞങ്ങൾക്കിടയിൽ എന്തായാലും അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. എന്റെ നിയമനത്തിന് ശേഷം കോഹ്ലിയോട് ഒരുപാട് തവണ സംസാരിച്ചിട്ടുണ്ട്. എന്നാൽ എന്താണ് സംസാരിച്ചതെന്നോ എത്ര തവണ സംസാരിച്ചെന്നോ ഒന്നും പരസ്യമാക്കേണ്ട കാര്യമില്ലല്ലോ''- ഗംഭീർ പറഞ്ഞു. പുതിയ കോച്ചിൻറെ നിയമനവുമായി ബന്ധപ്പെട്ട് കോഹ്ലിയോട് ബി.സി.സി.ഐ അഭിപ്രായമാരാഞ്ഞില്ലെന്ന തരത്തിൽ ദേശീയ മാധ്യമങ്ങളിൽ നേരത്തേ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.  വർഷങ്ങളോളം കളിക്കളത്തിന് അകത്തും പുറത്തുമായി നിലനിന്നിരുന്ന ഗംഭീർ കോഹ്ലി പോരുമായാണ് പലരുമിതിനെ ചേർത്തു വായിച്ചത്. ക്രിക്കറ്റ് മൈതാനങ്ങളിൽ പലവുരു ഗംഭീർ കോഹ്ലി വാഗ്വാദങ്ങൾക്ക് ആരാധകർ സാക്ഷിയായിട്ടുണ്ട്.

Advertising
Advertising

2013 ൽ ഗംഭീർ കൊൽക്കത്താ നൈറ്റ് റൈഡേഴ്‌സ് നായകനായിരിക്കേയാണ് ഇരുവരും തമ്മിൽ മൈതാനത്ത് ആദ്യമായി കൊമ്പു കോർത്തത്. ഫീൽഡിൽ ഉണ്ടായ ചില സംഭവങ്ങളാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്. ക്രീസിലുണ്ടായിരുന്ന കോഹ്ലിക്ക് അരികിലേക്ക് കോപിഷ്ടനായി പാഞ്ഞടുക്കുന്ന ഗംഭീറിനെയും കൊൽക്കത്താ നായകന് അതേ നാണയത്തിൽ മറുപടി നൽകുന്ന കോഹ്ലിയേയും കാമറകൾ ഒപ്പിയെടുത്തു. ക്രിക്കറ്റ് ലോകത്ത് ഇത് വലിയ വിവാദക്കൊടുങ്കാറ്റാണ് അഴിച്ച് വിട്ടത്.

2016 ൽ വീണ്ടും ഇരുവരും തമ്മിൽ മൈതാനത്ത് ഏറ്റുമുട്ടലിന്റെ വക്കോളമെത്തി. കൊൽക്കത്ത ബംഗളൂരു മത്സരത്തിനിടെ റണ്ണോടി പൂർത്തിയാക്കിയ ശേഷവും നോൺ സ്‌ട്രൈക്കിങ് എന്റിലുണ്ടായിരുന്ന കോഹ്ലിക്ക നേരെ പന്ത് വലിച്ചെറിഞ്ഞ ഗംഭീർ സംഘർഷത്തിന് വഴിമരുന്നിട്ടു. ഗംഭീറിന് അന്ന് മാച്ച് ഒഫീഷ്യലുകളുടെ ശാസന

2023 സീസണിൽ ഇരുവർക്കുമിടയിലെ സംഘര്‍ഷം കുറച്ച് കൂടി ഉച്ഛസ്ഥായിയിലെത്തി. ആ സീസണില്‍ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്ററായിരുന്നു ഗംഭീര്‍. ബംഗളൂരു- ലഖ്‌നൗ പോരാട്ടത്തിന് ശേഷം കോഹ്ലിയും ഗംഭീറും തമ്മിൽ മൈതാനത്ത് വച്ച് വാക്കേറ്റത്തിലേര്‍പ്പെട്ടു. സഹതാരങ്ങൾ ഇരുവരേയും പിടിച്ച് മാറ്റാൻ പിടിപ്പത് പണിപെട്ടു. എന്നാല്‍ ഈ സീസണില്‍ കോഹ്ലിയും ഗംഭീറും തമ്മിലുള്ള നിരവധി സൗഹൃദക്കാഴ്ചകള്‍ ആരാധകര്‍ കണ്ടു.

ഗംഭീറിന്റെ നിയമനത്തെക്കുറിച്ച് കോഹ്ലിയുമായി ചർച്ച ചെയ്തില്ല എന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്ന് തുടങ്ങിയതോടെ ബി.സി.സി.ഐ വിശദീകരണവുമായി രംഗത്തെത്തി. വരാനിരിക്കുന്ന ഭാവി താരങ്ങളെ കുറിച്ച സാധ്യതകളാണ് ക്രിക്കറ്റ് ബോർഡ് പരിഗണിച്ചതെന്നും അതിനാലാണ് ഇക്കാര്യം കോഹ്ലിയുമായി ചർച്ച ചെയ്യാതിരുന്നത് എന്നും ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News