സൂര്യകുമാറിന്റെ വെടിക്കെട്ട് സെഞ്ച്വറി പാഴായി; ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി-20 യിൽ ഇന്ത്യക്ക് തോൽവി

മൂന്നാം മത്സരം തോറ്റെങ്കിലും 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.

Update: 2022-07-10 17:22 GMT
Editor : Nidhin | By : Web Desk
Advertising

സൂര്യകുമാറിന്റെ വീരോചിത സെഞ്ച്വറി പിറന്നിട്ടും ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി-20 യിൽ ഇന്ത്യക്ക് 17 റൺസിന്റെ തോൽവി. ഇംഗ്ലണ്ട് ഉയർത്തിയ 216 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയുടെ പോരാട്ടം 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 198 റൺസിൽ അവസാനിച്ചു. മൂന്നാം മത്സരം തോറ്റെങ്കിലും 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.

വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയുടെ തുടക്കം വീഴ്ചയോടെയായിരുന്നു. രണ്ടാം ഓവറിലെ ആദ്യ പന്തില് തന്നെ ഒരു റൺസുമായി റിഷഭ് പന്ത് പുറത്തായി. മൂന്നാം ഓവറിൽ കോഹ്ലിയും നിരാശപ്പെടുത്തി 11 റൺസ് മാത്രമാണ് കോഹ്‌ലിക്ക് നേടാനായത്. പവർ പ്ലേ തീരും മുമ്പ് തന്നെ നായകൻ രോഹിത്തും (11) തിരികെ നടന്നു. അവിടെ നിന്ന് ക്രീസിലെത്തിയ സൂര്യകുമാർ ഇംഗ്ലണ്ട് ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. 49 പന്തിലാണ് സൂര്യകുമാർ യാദവ് സെഞ്ച്വറി തികച്ചത്. 12 ബൗണ്ടറികളും 5 സിക്‌സറുകളും സൂര്യകുമാറിന്റെ ബാറ്റിൽ നിന്ന് പിറന്നു.

ഇടക്ക് ശ്രേയസ് അയ്യർ (28) ഒന്ന് മിന്നിക്കത്തി മടങ്ങി. സൂര്യകുമാറിനൊപ്പം ചേർന്ന് വിജയതീരത്തേക്ക് ഇന്ത്യയെ എത്തിക്കുമെന്ന് കരുതിയ ദിനേശ് കാർത്തിക്ക് വിക്കറ്റിന് മുന്നിൽ കുരുങ്ങി ആറ് റൺസുമായി തിരികെ നടന്നു. ബാക്കിയുണ്ടായിരുന്ന ഏക പ്രതീക്ഷയായിരുന്ന രവീന്ദ്ര ജഡേജയും (7) വിക്കറ്റിന് മുന്നിൽ കുരുങ്ങി. 19-ാം ഓവർ വരെ പൊരുതിയ സൂര്യകുമാർ യാദവ് 55 പന്തിൽ 117 റൺസ് നേടി മൊയീൻ അലിയുടെ പന്തിൽ സാൾട്ടിന് ക്യാച്ച് നൽകി മടങ്ങി.

ഇംഗ്ലണ്ടിന് പിന്നെ ബാക്കിയുണ്ടായത് ചടങ്ങ് തീർക്കാനുള്ള ഉത്തരവാദിത്വം മാത്രമായിരുന്നു. അവസാന ഓവറിൽ വേണ്ടിയിരുന്ന 21 റൺസിൽ ഇന്ത്യക്ക് നേടാനായത് 3 റൺസ് മാത്രമായിരുന്നു. ഹർഷൽ പട്ടേൽ (5) ആവേശ് ഖാൻ (1)

ഇംഗ്ലണ്ടിന് വേണ്ടി റീസ് ടോപ്ലി മൂന്ന് വിക്കറ്റും ഡേവിഡ് വില്ലി, ക്രിസ് ജോർദാൻ എന്നിവർ രണ്ട് വീതവും മൊയീൻ അലി, ഗ്ലീസൺ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ഡേവിഡ് മലാന്റെ വെടിക്കെട്ട് ബാറ്റിങാണ് ഇംഗ്ലണ്ടിനെ 215 എന്ന കൂറ്റൻ സ്‌കോറിലെത്തിച്ചത്. 39 പന്തിൽ 77 റൺസാണ് മലൻ അടിച്ചുകൂട്ടിയത്. 5 സിക്സറുകളും 6 ബൗണ്ടറികളും അടങ്ങിയതായിരുന്നു ആ ഇന്നിങ്സ്. സൂര്യകുമാര്‍ യാദവിന്‍റെ  ട്വന്‍റി-ട്വന്‍റിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണിത്. 29 പന്തിൽ 42 റൺസ് നേടിയ ലിവിങ്സ്റ്റണിന്റെ അപരാജിത പോരാട്ടവും ഇംഗ്ലണ്ടിന്റെ കുതിപ്പിന്റെ വേഗം കൂട്ടി. ഓപ്പണിങിൽ ബട്ലറും (27) റോയിയും (18) പതിയെയാണ് തുടങ്ങിയത്. സാൾട്ട് (8), ഹാരി ബുക്ക് (19), ക്രിസ് ജോർദാൻ (11) എന്നിവരും ഇംഗ്ലണ്ടിന്റെ സ്‌കോർ കാർഡിൽ തങ്ങളുടെ പേര് എഴുതിച്ചേർത്തു. മൊയീൻ അലിക്ക് റൺസൊന്നും നേടാനായില്ല.

ഭുവനേശ്വർ കുമാർ പുറത്തിരുന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ഹർഷൽ പട്ടേൽ, രവി ബിഷ്ണോയ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആവേശ് ഖാൻ, ഉമ്രാൻ മാലിക്ക് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News