ഫൈനലിലേക്ക് 265 റൺസ് ദൂരം

മുഹമ്മദ് ഷമിക്ക് മൂന്ന് വിക്കറ്റ്

Update: 2025-03-04 12:43 GMT

ദുബൈ: ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യക്ക് ജയിക്കാൻ 265 റൺസ്. ആസ്‌ത്രേലിയ 49.3 ഓവറിൽ 264 റൺസിന് കൂടാരം കയറി. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റേയും അലക്‌സ് കാരിയുടേയും അർധ സെഞ്ച്വറികളാണ് ഓസീസിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ വരുൺ ചക്രവർത്തിയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം പോക്കറ്റിലാക്കി.

കളിയില്‍ ടോസ് നേടിയ ഓസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറിൽ തന്നെ കൂപ്പർ കൊണോലിയെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ഇന്ത്യക്ക് ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചത്. പിന്നീട് ക്രീസിലെത്തിയ സ്റ്റീവ് സ്മിത്തിനൊപ്പം കൂറ്റനടികളുമായി ട്രാവിസ് ഹെഡ് നിലയുറപ്പിച്ചതോടെ ഇന്ത്യൻ ആരാധകരുടെ മനസിൽ ഭീതി നിഴലിച്ചു. എന്നാൽ 39 റൺസെടുത്ത ഹെഡ്ഡിനെ വരുൺ ചക്രവർത്തി ഒമ്പതാം ഓവറിൽ വീഴ്ത്തി. 29 റൺസുമായി ലബൂഷൈനും 11 റൺസുമായി ജോഷ് ഇംഗ്ലിസും പുറത്തായി

പിന്നീട് ക്രീസിലെത്തിയ അലക്‌സ് കാരിയെ കൂട്ടുപിടിച്ചായി സ്മിത്തിന്റെ രക്ഷാ പ്രവർത്തനം. ഓസീസ് നായകന്റെ പോരാട്ടം എന്നാൽ 37ാം ഓവറിൽ ഷമി അവസാനിപ്പിച്ചു. അലക്‌സ് കാരിയെ മനോഹരമായൊരു റണ്ണൗട്ടിലൂടെ ശ്രേയസ് അയ്യർ വീഴ്ത്തിയതോടെ വലിയ സ്‌കോറിലേക്ക് പോകുമെന്ന് തോന്നിച്ച ഓസീസിനെ ഇന്ത്യ വരിഞ്ഞുകെട്ടി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News