'ജവഗല്‍ ശ്രീനാഥ് ഇന്ത്യക്ക് അനുകൂലമായി തീരുമാനമെടുത്തു'; അഴിമതിയാരോപണവുമായി ക്രിസ് ബ്രോഡ്

കണ്‍കഷന്‍ സബ്ബില്‍ മുൻ ഇന്ത്യൻ താരങ്ങളടക്കമുള്ളവര്‍ ഇന്ത്യയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു

Update: 2025-02-04 06:53 GMT

ഓൾറൗണ്ടർക്ക് പകരക്കാരനായി ഒരു പേസർ മൈതാനത്തെത്തുന്നു. നാലോവർ എറിഞ്ഞ അയാള്‍ മൂന്ന് വിക്കറ്റുകൾ പോക്കറ്റിലാക്കി ടീമിന്റെ ജയത്തിൽ നിർണായക റോൾ വഹിക്കുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 യിൽ ഇന്ത്യയുടെ കൺകഷൻ സബ്ബിനെ ചൊല്ലിയുള്ള വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. മാച്ച് റഫറിയായിരുന്ന മുൻ ഇന്ത്യൻ താരം ജവഗൽ ശ്രീനാഥ് ഇന്ത്യക്ക് അനുകൂലമായി തീരുമാനമെടുക്കുകയായിരുന്നു എന്ന ഗുരുതരാരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ മുൻ ഐ.സി.സി മാച്ച് റഫറി ക്രിസ് ബ്രോഡ്.

'എങ്ങനെയാണ് ഒരു ഇന്ത്യൻ മാച്ച് റഫറി ഇന്ത്യക്ക് അനുകൂലമായി ഇങ്ങനെയൊരു സബ്‌സ്റ്റിറ്റിയൂഷൻ അനുവദിക്കുക. ഇത് പോലുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ സ്വതന്ത്ര മാച്ച് റഫറിമാരെ കൊണ്ടു വരണം. അഴിമതിയുടെ മോശം കാലങ്ങളിലേക്ക് എന്തിനാണ് ഐ.സി.സി ക്രിക്കറ്റിനെ മടക്കിക്കൊണ്ടു പോവുന്നത്.'- ക്രിസ് ബ്രോഡ് കുറിച്ചു. 

Advertising
Advertising

 നേരത്തേ ഇംഗ്ലീഷ് നായകൻ ജോസ് ബട്‌ലറും മുൻ താരം മൈക്കിൽ വോനുമടക്കമുള്ളവർ ഇന്ത്യയുടെ നടപടിയിൽ രൂക്ഷവിമർശനമുയർത്തിയിരുന്നു. അതിനിടെ  മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ ശിവം ദൂബേക്ക് പരിക്ക് പോലുമുണ്ടായിരുന്നില്ല എന്ന ഗുരുതര ആരോപണവുമായി രംഗത്തെത്തി. 

'പൂനേയിൽ അരങ്ങേറിയ മത്സരത്തിൽ ഹെൽമറ്റിൽ പന്ത് കൊണ്ട ശേഷവും ദൂബേ അവസാനം വരെ മൈതാനത്ത് തുടർന്നിരുന്നു. ഇതിൽ നിന്ന് തന്നെ അദ്ദേഹത്തിന് പരിക്കൊന്നുമുണ്ടായിരുന്നില്ല എന്ന് മനസ്സിലാക്കാം. അത് കൊണ്ട് തന്നെ അവിടെ കൺകഷൻ സബ്ബിനെ അനുവദിച്ചത് തന്നെ തെറ്റാണ്. ഇനി പേശീവലിവോ മറ്റോ ആണ് അയാൾക്കുണ്ടായിരുന്നത് എങ്കിൽ ഫീൽഡിൽ ഒരു പകരക്കാരനെ ഇറക്കാം. അയാൾക്കൊരിക്കലും പന്തെറിയാനാവില്ല'- ഗവാസ്‌കർ ടെലഗ്രാഫിൽ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.

മത്സരത്തില്‍ ശിവം ദൂബേക്ക് പകരക്കാരനായി ഹർഷിത് റാണയാണ് കളത്തിലെത്തിയത്. റാണ തന്‍റെ കന്നി മത്സരത്തില്‍ മൂന്ന് വിക്കറ്റ് പോക്കറ്റിലാക്കി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു. ഇതോടെയാണ് ഇന്ത്യയുടെ നടപടിയില്‍ വിമര്‍ശനങ്ങളുയര്‍ന്നത്. നേരത്തേ മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിനും ഇന്ത്യയുടെ നടപടിയെ ചോദ്യം ചെയ്തിരുന്നു.

'ശിവം ദൂബേക്ക് പകരം ഹർഷിത് റാണയെ കൺകഷൻ സബ്ബായി കളത്തിലിറക്കിയത് എങ്ങനെയാണ് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഇതൊരു ഐ.പി.എൽ മത്സരമല്ല എന്നും അന്താരാഷ്ട്ര മത്സരമാണെന്നുമുള്ള കാര്യം നമ്മൾ മറന്ന് പോവരുത്. മുമ്പും ഇത് പോലുള്ള തീരുമാനം നമ്മളെടുത്തിട്ടുണ്ട്. കാൻബറയിൽ രവീന്ദ്ര ജഡേജക്ക് പകരം അന്ന് കളത്തിലിറങ്ങിയത് യുസ്വേന്ദ്ര ചഹലാണ്.

ഹർഷിത് റാണ ബാറ്റ് ചെയ്യാറുണ്ടോ? ശിവം ദൂബേക്ക് ഒത്ത പകരക്കാരനാണോ അയാള്‍?. ഒരൽപം ബാറ്റ് ചെയ്യും എന്ന് പറഞ്ഞാൽ പോലും ഓൾ റൗണ്ടർ എന്ന ഗണത്തിൽ അയാളെ പരിഗണിക്കാമായിരുന്നു. ഓൾ റൗണ്ടറായി രമൺദീപ് പുറത്തിരിപ്പുണ്ടല്ലോ. അദ്ദേഹത്തെ കളിപ്പിക്കണം എന്ന് മാച്ച് റഫറിക്ക് പറയാമായിരുന്നു. ഇനിയെങ്കിലും ഉത്തരവാദിത്തപ്പെട്ടവർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം'- അശ്വിന്‍ പറഞ്ഞു.

സംഭവത്തില്‍ ഇംഗ്ലീഷ് നായകന്‍ ജോസ് ബട്ലറുടെ വാക്കുകള്‍ ഇങ്ങനെ. ''ആ തീരുമാനത്തോട് ഒരിക്കലും യോജിക്കാനാവില്ല. ഒന്നുകില്‍ ശിവം ദുബെ ബൗളിങിൽ 25 മൈൽ വേഗം ആർജ്ജിച്ചുണ്ടാകണം. അല്ലെങ്കിൽ ഹർഷിത് റാണയുടെ ബാറ്റിങ് വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ടാകണം. എന്തായാലും ഇക്കാര്യത്തിൽ മാച്ച് റഫറി ജവഗൽ ശ്രീനാഥിനോട് ഞങ്ങൾ വ്യക്തത തേടും''- ബട്‌ലര്‍ പറഞ്ഞു. കൺകഷൻ സബിനെ ഇറക്കുന്ന സമയത്ത് എതിർ ടീമെന്ന നിലയിൽ ഇന്ത്യ തങ്ങളോട് അഭിപ്രായം തേടിയിരുന്നില്ലെന്നും ബട്‌ലർ കൂട്ടിച്ചേര്‍ത്തു. ഇംഗ്ലീഷ് ക്യാപ്റ്റന് പിന്തുണയുമായി മുൻ താരങ്ങളായ മൈക്കിൾ വോനും കെവിൻ പീറ്റേഴ്‌സണുമടക്കമുള്ളവര്‍ രംഗത്തെത്തി. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News