'തീരുമാനം അകത്ത് പോയി ചോദിച്ച് വരാം'; മിയാൻദാദിന്‍റെ വീഡിയോ കുത്തിപ്പൊക്കി ഇന്ത്യൻ ആരാധകർ

കഴിഞ്ഞ ദിവസം ടോസ് ലഭിച്ച ശേഷം ടീം തീരുമാനം മറന്ന് ഗ്രൗണ്ടിൽ അന്ധാളിച്ച് നിന്ന രോഹിത് ശര്‍മയുടെ വീഡിയോ വൈറലായിരുന്നു

Update: 2023-01-22 11:47 GMT

റായ്പൂര്‍: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് ലഭിച്ച ശേഷം ടീം തീരുമാനം മറന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ന്യൂസിലന്‍റ്  നായകന്‍ ടോം ലാതമിനൊപ്പം ടോസിടാൻ എത്തിയ രോഹിത് ശര്‍മ ടോസ്ഭാഗ്യം ലഭിച്ച ശേഷം  ബാറ്റിംഗോ ബൗളിംഗോ തിരഞ്ഞെടുക്കേണ്ടതെന്ന ടീം തീരുമാനം മറന്ന് പത്തു സെക്കൻഡ് നേരത്തേക്ക് ഗ്രൌണ്ടില്‍ അന്ധാളിച്ച് നിന്നു. ഇന്ത്യന്‍ താരങ്ങളായ യുസ്‌വേന്ദ്ര ചഹൽ, മുഹമ്മദ് ഷമി, സിറാജ് എന്നിവർ ഈ നിമിഷങ്ങൾ ചിരിയോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. പിന്നീട് ബൗളിംഗ് തിരഞ്ഞെടുത്ത് കളിക്കാനിറങ്ങിയ രോഹിതും സംഘവും 108 റൺസിന് കിവിപ്പടയെ ഓൾഔട്ടാക്കി. മത്സരം ജയിച്ച് പരമ്പര വിജയവും നേടി.മത്സര ശേഷം ടോസ് തീരുമാനം മറന്ന രോഹിത് ശര്‍മയുടെ ദൃശ്യങ്ങള്‍  സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. 

Advertising
Advertising

എന്നാല്‍ മൈതാനത്ത് ഇത് ആദ്യ കാഴ്ചയല്ലെന്ന് പറയുകയാണിപ്പോള്‍ ആരാധകര്‍. മുമ്പ് പാക് നായകന്‍ ജാവേദ് മിയാന്‍ ദാദിനും ഇത് പോലൊരു അമളി പറ്റിയിട്ടുണ്ട്. ആസ്ത്രേലിയക്കെതിരായ ടെസ്‍റ്റ് മത്സരത്തിന് മുമ്പ് ടോസിടാന്‍ എത്തിയ പാക് നായകന്‍ ടോസ് ലഭിച്ചതും തീരുമാനം മറന്ന് ഗ്രൌണ്ടില്‍ നിന്നു. തീരുമാനം എന്താണെന്ന് ചോദിച്ചപ്പോള്‍ തനിക്കറിയില്ലെന്നും അകത്ത് പോയി ചോദിച്ച് വരാമെന്നും പറയുകയായിരുന്നു. ആ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുകയാണ് ആരാധകര്‍. 



Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News