വീണിട്ടില്ല; ചെന്നൈയിനെ തകർത്ത് വിജയവഴിയിൽ തിരിച്ചെത്തി ബ്ലാസ്റ്റേഴ്സ്

ഈ വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി.

Update: 2023-02-07 16:38 GMT
Advertising

കൊച്ചി: ‌‌അങ്ങനെ തുടർച്ചയായ തോൽവികളുടെ നാണക്കേടിൽ നിന്ന് മോചനം. ഒടുവില്‍ വിജയവഴിയിലേക്ക് ബ്ലാസ്റ്റേഴ്‌സ് തിരിച്ചെത്തി. കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആരാധകരെ ആവേശത്തിലാഴ്ത്തി മഞ്ഞപ്പടയ്ക്ക് മികച്ച വിജയം. ചെന്നൈയിന്‍ എഫ്.സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ നേടിയാണ് കൊമ്പന്മാർ വിജയഭേരി മുഴക്കിയത്.

രണ്ടാം മിനിറ്റിൽ അബ്ദുനാസർ എൽ ഖയാത്തി ചെന്നൈയിനായി ഗോളടിച്ച് ബ്ലാസ്റ്റേഴ്സിനെ വിറപ്പിച്ചെങ്കിലും 38 മിനിറ്റിൽ അ‍ഡ്രിയൻ ലൂണ തിരിച്ചടിച്ച് എതിരാളികളുടെ വല കുലുക്കി. പിന്നാലെ 64ാം മിനിറ്റിൽ മലയാളി താരം രാഹുല്‍ കെ.പി രണ്ടാം ​ഗോളിലൂടെ ലീഡ് നേടി ഉശിരുകാട്ടി. ഈ വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി.

ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് 31 പോയിന്റായി. ആദ്യ ഗോളടിച്ചും രണ്ടാം ഗോളിന് വഴിയൊരുക്കിയും കളം നിറഞ്ഞ അഡ്രിയൻ ലൂണയാണു കളിയിലെ താരം. എന്നാല്‍ മറുവശത്ത് ഇത്രയും മത്സരങ്ങളില്‍ നിന്ന് 18 പോയന്റ് മാത്രമുള്ള ചെന്നൈയിന്‍ എട്ടാം സ്ഥാനത്താണ്.

രണ്ടാം മിനിറ്റിന് മറുപടിയായി 11ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കെ.പി.രാഹുലിന് ഒരു ഗോള്‍ തിരിച്ചടിക്കാനുള്ള സുവര്‍ണാവസരം ലഭിച്ചെങ്കിലും ഫലം കണ്ടില്ല. ഡയമന്റക്കോസിന്റെ മനോഹരമായ ക്രോസ് കൃത്യമായി രാഹുല്‍ കാലിലൊതുക്കിയെങ്കിലും ​ഗോൾവല കുലുക്കാൻ സാധിച്ചില്ല.

21ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നിഷു കുമാറും 27-ാം മിനിറ്റില്‍ ഡയമന്റക്കോസും മികച്ച അവസരം പാഴാക്കി.

തുടർന്ന് 17 മിനിറ്റുകൾക്ക് ശേഷം ലൂണ മഞ്ഞപ്പടയുടെ രക്ഷകനായി അവതരിക്കുകയായിരുന്നു. പിന്നീട് 43ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം ​ഗോളായെന്ന് തോന്നിച്ചെങ്കിലും രാഹുലിന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ ചെന്നൈയിന്‍ ക്രോസ് ബാറിലിടിച്ച് തെറിക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ ചെന്നൈയിന്‍ ആക്രമണം ശക്തിപ്പെടുത്തിയതോടെ പ്രതിരോധത്തിലേക്ക് തിരിഞ്ഞ മഞ്ഞപ്പട, 64ാം മിനിറ്റിൽ വീണ്ടും എതിരാളികളുടെ നെഞ്ച് കലങ്ങുംവിധം വെടിയുണ്ട പായിക്കുകയായിരുന്നു. പിന്നാലെ ചെന്നൈയിന്‍ സമനില ​ഗോളിനായി പരിശ്രമിച്ചെങ്കിലും കൊമ്പന്മാരെ വീഴ്ത്താനായില്ല. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News