യൂറോപ്പ് കീഴടക്കി; ലോക ടീമിന് ആദ്യ ലേവര്‍ കപ്പ് കരീടം

മൂന്നാം ദിനം നടന്ന മൂന്ന് മത്സരങ്ങളിലും ടീം യൂറോപ്പിനെ തോൽപിച്ചാണ് ടീം വേൾഡ് കിരീടം ഉറപ്പാക്കിയത്.

Update: 2022-09-26 05:46 GMT
Advertising

നാല് സീസണുകളിലെ തുടര്‍തോല്‍വികള്‍ ഇനി പഴങ്കഥ. ലേവര്‍ കപ്പ് ടെന്നീസ് കിരീടത്തില്‍ മുത്തമിട്ട് ലോക ടീം. ലേവർ കപ്പ് പുരുഷ വിഭാഗം ടെന്നീസ് ടൂർണമെന്‍റിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ലോക ടീം കിരീടം സ്വന്തമാക്കുന്നത്. മൂന്നാം ദിനം നടന്ന മൂന്ന് മത്സരങ്ങളിലും ടീം യൂറോപ്പിനെ തോൽപിച്ചാണ് ടീം വേൾഡ് കിരീടം ഉറപ്പാക്കിയത്. ഒരു മത്സരം ബാക്കി നിൽക്കെ 13-8 എന്ന സ്കോറിനാണ് ടീം വേൾഡിന്റെ കിരീട നേട്ടം.

ഫ്രാൻസെസ് ടിയാഫോയും ഫെലിക്സ് ഓഗർ അലിയാസിമെയും സിംഗിൾസിൽ ജയം കണ്ടപ്പോൾ ഡബിൾസിൽ അലിയാസിമെ- ജാക്ക് സോക്ക് സഖ്യവും വിജയിച്ചു. ലേവർ കപ്പിന്റെ ചരിത്രത്തിൽ ഇതിനുമുമ്പ് നടന്ന നാലു എഡിഷനുകളിലും ടീം യൂറോപ്പായിരുന്നു ജേതാക്കൾ.

തുടർച്ചയായ രണ്ടാം മത്സരത്തിനിറങ്ങിയ ഫെലിക്‌സ് സിംഗിൾസിൽ ദ്യോക്കോവിചിനെ വീഴ്ത്തി ലോക ടീമിന് ലീഡ് സമ്മാനിച്ചു. 6-3 നു ആദ്യ സെറ്റ് വിജയിച്ച ഫെലിക്‌സ് രണ്ടാം സെറ്റില്‍ ടൈബ്രേക്കറിലൂടെ ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്തുകയായിരുന്നു. പിന്നീട് നടന്ന മത്സരത്തില്‍ ഫ്രാൻസസ് ടിയെഫോ-സ്റ്റെഫാനോസ് സിറ്റിപാസ് മത്സരം ഇതോടെ ടീം യൂറോപ്പിന് നിർണായകമായി. ഈ മത്സരത്തിൽ ജീവന്‍മരണ പോരാട്ടമാണ് ആരാധകര്‍ക്ക് കാണാനായത്.

സിറ്റിപാസിനെതിരെ ആദ്യ സെറ്റ് 6-1 നു നഷ്ടമായ ശേഷം ടിയെഫോ തിരിച്ചുവന്നു വിജയിക്കുകയായിരുന്നു. ഒടുവിൽ 13-11 നു ടൈബ്രേക്കർ ജയിച്ച ടിയെഫോ സെറ്റ് സൂപ്പർ ടൈബ്രേക്കറിലേക്ക് നീട്ടി. തുടർന്ന് സൂപ്പർ ടൈബ്രേക്കർ 10-8 നു ജയിച്ച ടിയെഫോ ലേവർ കപ്പ് കിരീടം ആദ്യമായി ലോക ടീമിന്‍റെ ഷെല്‍ഫിലെത്തിച്ചു. ഒരു മത്സരം ബാക്കി നിൽക്കെ 13-8 എന്ന ലീഡോടെയാണ് ലോക ടീം കിരീടത്തില്‍ മുത്തമിട്ടത്. ടെന്നീസ് ഇതിഹാസം റോജർ ഫെഡററിന്‍ അവസാന ടൂര്‍ണമെന്‍റായി ആകും ഈ ലേവര്‍ കപ്പ് ഓര്‍മിക്കപ്പെടുക.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News