അവസാന മിനിറ്റുകളില്‍ കലമുടക്കുന്ന സിറ്റി; പെപ്പിന് ഇതെന്തു പറ്റി?
അഞ്ച് തവണയാണ് ഈ സീസണിൽ ജയിച്ച് നിന്ന മത്സരങ്ങളെ സിറ്റി കളഞ്ഞു കുളിച്ചത്
''അവിശ്വസനീയമായ മെന്റാലിറ്റിയാണ് റയലിന്റേത്. തോറ്റു നിൽക്കുമ്പോഴും അവസാന മിനിറ്റുകളിൽ തിരിച്ചുവരവിനായി അവർ ശ്രമം നടത്തിക്കൊണ്ടേയിരിക്കുന്നു. പലവുരു അവരുടെ പോരാട്ടങ്ങള്‍ മൈതാനത്ത് വിജയം കണ്ടതാണ്. വീണ്ടുമത് ആവർത്തിക്കുന്നു. ജയിച്ചു നിൽക്കുന്ന ടീമിന് ഒരൽപം ആശ്വസിക്കാൻ റയൽ സമയം നൽകാറില്ലെന്നതാണ് സത്യം. വഴങ്ങിയ ഗോളുകളെ അവർ പെട്ടെന്ന് മറക്കുന്നു. അടുത്തതെന്താണ് എന്ന ആലോചനയിലാണ് പിന്നെയവര്‍. എന്നെയും എന്റെ തന്ത്രങ്ങളേയും പലപ്പോഴും ലോസ് ബ്ലാങ്കോസ് സമ്മർദത്തിലാക്കിയിട്ടുണ്ട്. ഇന്നും അതു തന്നെയാണ് സംഭവിച്ചത്''
ഇത്തിഹാദിൽ റയലിന്റെ റെമോൻടാഡക്ക് ശേഷം പെപ് ഗാർഡിയോള വാചാലാനവുകയായിരുന്നു. ആഞ്ചലോട്ടിയുടെ സംഘത്തെ വാനോളം പുകഴ്ത്തുന്ന സമയത്ത് തന്റെ ടീമിന്റെ ദൗർബല്യങ്ങളെ കൂടിയാണ് പെപ്പ് വലിച്ച് പുറത്തിട്ടത്. സീസണിൽ ഇതാദ്യമായൊന്നുമല്ല ജയിച്ചു നിന്ന കളികളെ മാഞ്ചസ്റ്റർ സിറ്റി കൈവിട്ട് കളയുന്നത്. പെപ്പിന്റെ ചുവന്നു തുടുത്ത മൊട്ടത്തല ഈ സീസണിൽ സിറ്റി കൈവിട്ടു കളഞ്ഞ കളികളുടെ വലിയ പ്രതീകമാണ്.
'മെന്‍റാലിറ്റി മോണ്‍സ്റ്റേഴ്സ്' ആന്‍ഫീല്‍ഡില്‍ ഉണ്ടായിരുന്ന കാലത്ത് യര്‍ഗന്‍ ക്ലോപ്പ് ലിവര്‍പൂളിനെ വിശേഷിപ്പിച്ചിരുന്നത് അങ്ങനെയാണ്. എന്നാല്‍ സിറ്റിക്ക് മുമ്പില്‍ എത്തുമ്പോഴൊക്കെ ക്ലോപ്പിന്‍റെ കുട്ടികള്‍ കളിമറന്നു. നാല് തവണ കിരീടപ്പോരാട്ടങ്ങളിൽ ഒപ്പത്തിനൊപ്പം സഞ്ചരിച്ചപ്പോൾ അതിൽ മൂന്നിലും പെപ്പും സംഘവും ഫിനിഷിങ് പോയിന്റിലേക്ക് ആദ്യം ഓടിയെത്തി. കഴിഞ്ഞ ഏഴ് വർഷത്തിൽ ഒരേ ഒരു തവണ മാത്രമാണ് സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം നഷ്ടമായത്. ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബുകൾ പന്തു തട്ടുന്ന പ്രീമിയർ ലീഗിലെ കോംപറ്റീഷനെന്താണെന്ന് ആരാധകര്‍ക്ക് പറഞ്ഞു തരേണ്ടതൊന്നുമില്ലല്ലോ. അങ്ങനെയൊരു ലീഗിലാണ് എതിരാളികളില്ലാതെ സിറ്റി ആറ് വർഷം സിംഹാസനമലങ്കരിച്ചത്.
ഏഴ് വർഷത്തിനിടെ ഒരു ചാമ്പ്യൻസ് ലീഗ് ട്രോഫിയടക്കം 18 കിരീടങ്ങൾ ഗാർഡിയോള ഇത്തിഹാദ് ഷെൽഫിലെത്തിച്ചു. ഇതൊക്കെ ചരിത്രമാണ്. പക്ഷെ ഈ സീസണിൽ കഥ വ്യത്യസ്തമാണ്. പ്രധാന താരങ്ങളിൽ പലർക്കും പരിക്കാണെന്നൊക്കെ വാദത്തിന് വേണ്ടി പറയാമെങ്കിലും പെപ്പിന്റെ ആവനാഴിയിൽ പകരക്കാരായുള്ളവർ അത്ര മോശക്കാരാണെന്ന വാദമൊന്നും ആർക്കുമില്ല. കാർവഹാലടക്കം പ്രതിരോധത്തിലെ പ്രധാന താരങ്ങൾ പലരും ഏറെക്കാലമായി പുറത്തിരിക്കുന്ന റയലിനും ദൗർബല്യങ്ങളേറെയുണ്ടായിരുന്നു. പക്ഷെ റയലിന്റെ മെന്റാലിറ്റിക്ക് മാറ്റമൊന്നും വന്നിട്ടില്ലെന്ന് ഗാർഡിയോള തന്നെ സമ്മദിക്കുന്ന സ്ഥിതിക്ക് സിറ്റിയുടെ മെന്റാലിക്ക് കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് സമ്മതിച്ചേ മതിയാവൂ.
അഞ്ച് തവണയാണ് ഈ സീസണിൽ ജയിച്ച് നിന്ന മത്സരങ്ങളെ സിറ്റി കളഞ്ഞു കുളിച്ചത്. കഴിഞ്ഞ നാല് സീസണുകളിലെ മൊത്തം കണക്കെടുത്ത് നോക്കിയാൽ പോലും ഇത്രയും മോശം റെക്കോർഡ് സിറ്റിയുടെ അക്കൗണ്ടിലില്ല. റയലിനെതിര 85ാം മിനിറ്റ് വരെ 2-1 ന് പെപ്പും സംഘവും മുന്നിലായിരുന്നു. 86ാം മിനിറ്റിൽ സമനില ഗോൾ വന്നതിന് ശേഷമെങ്കിലും ഉണർന്ന് കളിച്ചിരുന്നെങ്കിൽ ഹോം ഗ്രൗണ്ടിൽ ആ നാണംകെട്ട തോൽവി ഒഴിവാക്കാമായിരുന്നു. എന്നാൽ ഇഞ്ചുറി ടൈമിൽ പെപ്പിന്റെ കുട്ടികൾ കലമുടച്ചു.
ഡിസംബറിൽ അരങ്ങേറിയ മാഞ്ചസ്റ്റർ ഡെർബിയിൽ ജോസ്‌കോ ഗ്വാർഡിയോൾ നേടിയ ഗോളിൽ 88ാം മിനിറ്റ് വരെ സിറ്റി മുന്നിലായിരുന്നു. പിന്നെ കളിമാറി. രണ്ട് മിനിറ്റിനിടെ രണ്ട് ഗോൾ വഴങ്ങിയ ശേഷം ആയുധം വച്ച് കീഴടങ്ങി. അതും ഇത്തിഹാദില്‍.
നവംബറിൽ ബ്രൈറ്റണെതിരെ 78ാം മിനിറ്റ് വരെ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് രണ്ട് ഗോൾ വഴങ്ങി തോറ്റത്. അതേ മാസം സ്‌പോർട്ടിങ് ലിസ്ബണെതിരെ ഒരു ഗോളിന് മുന്നിൽ നിന്ന ശേഷം നാല് ഗോൾ വഴങ്ങി. ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിക്കതിരെയും എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷം നാല് ഗോൾ വലയിൽ വാങ്ങി. തോൽവിയോളം പോന്ന സമനിലകളും സിറ്റി സീസണിൽ വഴങ്ങിയിട്ടുണ്ട്. ബ്രെന്റ് ഫോർഡിനെതിരെ 80 മിനിറ്റ് വരെ രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് 82ാം മിനിറ്റിലും 92ാം മിനിറ്റിലും ഗോൾ വഴങ്ങിയത്.
ജയിച്ച് നിൽക്കുന്ന മത്സരങ്ങളെ കളഞ്ഞു കുളിക്കുന്ന പ്രവണത സിറ്റിക്ക് കൂടുതലായുമുള്ളത് ചാമ്പ്യൻസ് ലീഗ് വേദികളിലാണ്. യൂറോപ്പിലെ വലിയ വേദിയിൽ കഴിഞ്ഞ ഒമ്പത് മത്സരങ്ങളിൽ മാത്രം അവസാന 16 മിനിറ്റിൽ പെപ്പിന്റെ കുട്ടികൾ വഴങ്ങിയത് എട്ട് ഗോളുകളാണ്. ഫെയ്‌നൂദിനെതിരായ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിട്ട് നിന്ന സിറ്റി വെറും 15 മിനിറ്റിനിടയിൽ മൂന്ന് ഗോൾ വലയിൽ വാങ്ങി. ഈ മത്സര ശേഷം തന്‍റെ തലയിൽ കണ്ട മുറിപ്പാടുകളെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഫ്രസ്‌ട്രേഷനിൽ നഖം കൊണ്ട് മാന്തിപ്പൊളിച്ചതാണതൊക്കെ എന്ന് സമ്മതിച്ചു പെപ്പ്. പിന്നെ സിറ്റി തോല്‍ക്കുമ്പോഴും സമനില വഴങ്ങുമ്പോഴുമൊക്കെ എതിരാളികള്‍ പെപ്പിന്‍റെ തലയില്‍ ഇന്ന് ചോരപ്പാടുകളുണ്ടോ എന്ന് ചോദിച്ച് തുടങ്ങി. 2022 ൽ റയലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റെമോൻടാഡകളിൽ ഒന്നിൽ ഇഞ്ചുറി ടൈമില്‍ രണ്ട് ഗോൾ വഴങ്ങി ഫൈനൽ ടിക്കറ്റ് കളഞ്ഞ് കുളിച്ച ചരിത്രമൊക്കെ പെപ്പിന്റെ കരിയർ ബുക്കിൽ മുറിവായി കിടപ്പുണ്ട്.
കഴിഞ്ഞ ദിവസം ഇത്തിഹാദിൽ റയലിനെതിരായ തോൽവിക്ക് ശേഷം എങ്ങനെയാണ് ഈ ദുരന്തം വീണ്ടും വീണ്ടുമിങ്ങനെ ആവര്‍ത്തിക്കുന്നത് എന്ന് മനസിലാവുന്നില്ലെന്നാണ് ഡിഫന്‍റര്‍ ജോസ്‌കോ ഗോർഡിയോൾ പ്രതികരിച്ചത്. ഇതവസാനിപ്പിക്കാൻ പിടിപ്പത് പണിപ്പെടുന്നുണ്ട്. പക്ഷെ കഴിയുന്നില്ലെന്നാണ് ക്രൊയേഷ്യൻ താരം പറഞ്ഞുവക്കുന്നത്.
പല മത്സരങ്ങളിലും ഗോൾകീപ്പർ എഡേഴ്‌സന്റെ പിഴവുകളാണ് സിറ്റിയെ തോൽവികളിലേക്ക് തള്ളിയിട്ടത്. എന്നാല്‍ ഏതെങ്കിലും താരത്തിന് മേൽ പഴിചാരാൻ ഒരുക്കമല്ല ഗാർഡിയോള. ''ഒരു താരത്തിന് മേൽ പാപഭാരങ്ങൾ അടിച്ചേൽപ്പിച്ച് കൈ കഴുകൽ എളുപ്പമാണ്. പക്ഷെ അതൊരിക്കലും ശരിയല്ല. അത് കൊണ്ട് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്നും കരുതുന്നില്ല. അവസാന മിനിറ്റുകളിൽ താരങ്ങളുടെ മെന്റാലിറ്റിയിൽ വരുന്ന മാറ്റത്തെക്കുറിച്ച് ഗൗരവത്തിൽ ആലോചിച്ചേ മതിയാവൂ.. ഗാർഡിയോള പറഞ്ഞു വച്ചു. ചാമ്പ്യന്‍സ് ലീഗില്‍ ഇനി ബെര്‍ണബ്യൂവിലാണ് റയലിനെതിരായ രണ്ടാം പാദം. ഒരു സമനിലയോ പരാജയമോ മതി പുറത്തേക്കുള്ള വാതില്‍ മലര്‍ക്കെ തുറക്കാന്‍. പിന്നെ എഫ്. എ കപ്പ് മാത്രമാണ് ശരണം. ബെര്‍ണബ്യൂവില്‍ ഗാര്‍ഡിയോളയുടെ പ്രതികാരമുണ്ടാവുമോ.. കാത്തിരുന്ന് കാണണം.