മീരാബായ് ചാനുവിന്‍റെ കമ്മല്‍ കണ്ടോ? അതിനുമുണ്ടൊരു പ്രത്യേകത

അവള്‍ക്ക് ആ കമ്മലുകള്‍ ഭാഗ്യം കൊണ്ടുവരുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ

Update: 2021-07-26 06:12 GMT
Editor : Jaisy Thomas | By : Web Desk
Advertising

സ്വര്‍ണത്തെക്കാള്‍ പൊലിമയില്‍ മണിപ്പൂരുകാരി മീരാബായ് ചാനു രാജ്യത്തിന് വേണ്ടി നേടിയ വെള്ളി മെഡല്‍ മിന്നിത്തിളങ്ങിക്കൊണ്ടിരിക്കുകയാണ്. ടോക്കിയോ ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയും ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടുന്ന ആദ്യ വനിതാ വെയ്റ്റ് ലിഫ്റ്ററുമാണ് മീര.

വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലമായിട്ടാണ് മീരയുടെ മെഡല്‍ നേട്ടം. വെള്ളിയുടെ തിളക്കത്തിനും മീരാ ഭായിയുടെ വിജയസ്മിതത്തിനൊപ്പവും മാധ്യമങ്ങളുടെ ശ്രദ്ധ കവര്‍ന്ന മറ്റൊന്നു കൂടിയുണ്ടായിരുന്നു. ഒളിമ്പിക് വളയങ്ങളുടെ രൂപത്തിലുള്ള മീരയുടെ സ്വര്‍ണ കമ്മല്‍. അഞ്ച് വര്‍ഷം മുന്‍പ് മാതാവ് സൈഖോം ഓങ്‌ബി ടോംബി ലൈമ സമ്മാനിച്ചതാണ് ഈ കമ്മലുകള്‍.



''അവള്‍ക്ക് ആ കമ്മലുകള്‍ ഭാഗ്യം കൊണ്ടുവരുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. 2016ലെ റിയോ ഒളിമ്പിക്സില്‍ മെഡല്‍ നേടാന്‍ സാധിച്ചില്ലെങ്കിലും ടോക്കിയോ ഒളിമ്പിക്സില്‍ അവളുടെ ത്യാഗങ്ങള്‍ക്ക് ഫലം കണ്ടു'' ടോംബി ലൈമ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. അവളുടെ കമ്മല്‍ ടിവിയില്‍ ഞാന്‍ കണ്ടിരുന്നു. റിയോ ഒളിമ്പിക്സിന് മുന്‍പാണ് ഞാനത് സമ്മാനിച്ചത്. എന്‍റെ കൈവശമുണ്ടായിരുന്ന ആഭരണവും കുറച്ച് സമ്പാദ്യവും ചേര്‍ത്താണ് കമ്മല്‍ വാങ്ങിയത്. മീര മെഡല്‍ നേടിയത് കണ്ടപ്പോള്‍ കണ്ണുനീര്‍ നിയന്ത്രിക്കാനായില്ല. ഇത് സന്തോഷാശ്രുവാണ്. അവളുടെ കഠിനാധ്വാനമാണ് ഈ വിജയത്തിന് കാരണം'' ലൈമ കൂട്ടിച്ചേര്‍ത്തു. സ്വർണം അല്ലെങ്കിൽ ഒരു മെഡലെങ്കിലും നേടുമെന്ന് അവർ ഞങ്ങളോട് പറഞ്ഞിരുന്നു. അതിനാൽ, അത് സംഭവിക്കാൻ എല്ലാവരും കാത്തിരിക്കുകയായിരുന്നു. ദൂരെയുള്ള ഞങ്ങളുടെ ബന്ധുക്കളിൽ പലരും ഇന്നലെ ഇവിടെ എത്തിയിരുന്നു..മീരയുടെ മാതാവ് പറയുന്നു.

"കഴിഞ്ഞ തവണ റിയോ ഒളിമ്പിക്സിൽ പരാജയപ്പെട്ടതിന് ശേഷം ഞാൻ വളരെ ദുഃഖിതയായിരുന്നു. 2018 കോമൺ‌വെൽത്ത് ഗെയിംസിൽ ഞാൻ സ്വർണ്ണ മെഡൽ നേടി, ഈ ഒളിമ്പിക് മെഡൽ നേടണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു, അങ്ങനെയാണ് ഒളിമ്പിക്‌ ചിഹ്നത്തിൽ ഉള്ള കമ്മൽ ഉണ്ടാക്കി എന്നോടൊപ്പം സൂക്ഷിച്ചത്. ജീവിതത്തിൽ ഞാൻ ചെയ്ത എല്ലാ ത്യാഗങ്ങളുടെയും ഫലമാണ് ഈ വെള്ളി മെഡൽ," മീരാ ബായ് പറഞ്ഞു. ബോളിവുഡ് നടി  അനുഷ്ക ശര്‍മ്മ മീരയുടെ ഒളിമ്പിക് കമ്മലിനെ കുറിച്ചുള്ള വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. 

തലസ്ഥാനമായ ഇംഫാലിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള നോങ്‌പോക് കാച്ചിംഗ് ഗ്രാമത്തിലാണ് ചാനുവും കുടുംബവും താമസിക്കുന്നത്. ആറ് സഹോദരങ്ങളാണ് ചാനുവിനുള്ളത്. രാജ്യത്തിന് വേണ്ടി ചാനു മെഡല്‍ നേടിയ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ നിരവധി പേരാണ് വീട്ടിലെത്തുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News