പ്രതിക- മന്ദാന ഷോ; രാജ്‌കോട്ടിൽ റെക്കോർഡുകളുടെ പെരുമഴ, ഇന്ത്യക്ക് പടുകൂറ്റൻ ജയം

അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 435 റൺസെന്ന പടുകൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്

Update: 2025-01-15 12:44 GMT

രാജ്കോട്ട്: അയർലന്റിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് പടുകൂറ്റൻ ജയം. 304 റൺസിന്റെ റെക്കോർഡ് വിജയമാണ് ഇന്ത്യ കുറിച്ചത്. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 435 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ അയർലന്‍റ് 131 റൺസിന് കൂടാരം കയറി. പുരുഷ-വനിതാ ടീമുകളെ പരിഗണിച്ചാൽ പോലും ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്‌കോറാണിത്. 2011 ൽ വിൻഡീസിനെതിരെ ഇന്ത്യ നേടിയ 418 റൺസായിരുന്നു ഇതുവരെയുള്ള വലിയ സ്‌കോർ. അതാണ് ഇന്ത്യൻ വനിതകൾ മറികടന്നത്.

ഓപ്പണർമാരായ പ്രതിക റാവലും സ്മൃതി മന്ദാനയും സെഞ്ച്വറികളുമായി കളംനിറഞ്ഞപ്പോൾ രാജ്‌കോട്ടിൽ അക്ഷരാര്‍ത്ഥത്തില്‍ റൺമഴയാണ് പെയ്തത്. 129 പന്തിൽ പ്രതിക 154 റൺസെടുത്തു. 20 ഫോറുകളും ഒരു സിക്സുമാണ് പ്രതികയുടെ ബാറ്റിൽ നിന്ന് പിറന്നത്. സ്മൃതി മന്ദാന 80 പന്തിൽ 135 റൺസെടുത്തു. 12 ഫോറും 7 ഏഴ് സിക്‌സുമാണ് മന്ദാന അടിച്ചെടുത്തത്. മൂന്നാമനായിറങ്ങിയ റിച്ച ഗോഷ് അർധ സെഞ്ച്വറി നേടിയതോടെ ഇന്ത്യൻ സ്‌കോർബോർഡ് വേഗത്തിൽ ഉയർന്നു.

Advertising
Advertising

അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 435 റൺസെന്ന പടുകൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. മറുപടി ബാറ്റിങ്ങിൽ ഓപ്പണർ സാറ ഫോബ്‌സ് മാത്രമാണ് അയർലന്റിനായി അൽപമെങ്കിലും പൊരുതി നോക്കിയത്. സാറ 41 റൺസെടുത്തു. ഇന്ത്യക്കായി ദീപ്തി ശർമ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ തനൂജ കൻവാർ രണ്ട് വിക്കറ്റ് പിഴുതു. മലയാളി താരം മിന്നു മണി ഒരു വിക്കറ്റ് പോക്കറ്റിലാക്കി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News