വിവാദങ്ങൾക്ക് പിന്നാലെ വനിതാ ഗുസ്തി താരങ്ങളെ സന്ദർശിച്ച് പി.ടി ഉഷ

തെരുവിൽ നടത്തുന്ന സമരം കായിക മേഖലക്കും രാജ്യത്തിന്റെ പ്രതിച്ഛായക്കും ദോഷമെന്ന പി.ടി ഉഷയുടെ പ്രതികരണം ഏറെ വിവാദമായിരുന്നു

Update: 2023-05-03 07:35 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: ജന്തർ മന്ദിറിൽ സമരം ചെയ്യുന്ന കായിക താരങ്ങളെ ഒളിംപിക്‌സ് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷ സന്ദർശിച്ചു. താരങ്ങളെ കണ്ട് മടങ്ങവെ ഉഷയെ സമരാനുകൂലി തടഞ്ഞു. സമരക്കാരെ സന്ദർശിക്കാൻ എന്ത് കൊണ്ട് വൈകിയെന്ന് ചോദിച്ചായിരുന്നു ഉഷയെ തടഞ്ഞത്.

നേരത്തെ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണനെതിരെ പൊലീസ് നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന താരങ്ങൾക്കെതിരെ പി.ടി അധ്യക്ഷ രംഗത്തെത്തിയിരുന്നു. തെരുവിൽ നടത്തുന്ന സമരം കായിക മേഖലക്കും രാജ്യത്തിന്റെ പ്രതിച്ഛായക്കും ദോഷമെന്നായിരുന്നു പി.ടി ഉഷയുടെ പ്രതികരണം.ഇത് ഏറെ വിവാദങ്ങൾക്കും വഴി തുറന്നു. ഒളിമ്പിക്‌സ് അധ്യക്ഷയിൽ നിന്ന് ഇതല്ല പ്രതീക്ഷിച്ചതെന്ന് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളും പ്രതികരിച്ചിരുന്നു.

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെതിരായ താരങ്ങളുടെ രാപ്പകൽ സമരം പതിനൊന്നാം ദിവസവും പുരോഗമിക്കുകയാണ്.ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി മനേകാ ഗാന്ധി എം.പി എത്തിയിരുന്നു.  വനിതാ താരങ്ങളുടെ വേദന മനസ്സിലാക്കുന്നുവെന്ന് മനേകാ ഗാന്ധി പറഞ്ഞു.

കേസിൽ ബ്രിജ് ഭൂഷനെ പൊലീസ് ഉടൻ ചോദ്യം ചെയ്‌തേക്കും. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി ബ്രിജ് ഭൂഷനെതിരെ കേസ് എടുത്തിട്ട് നാല് ദിവസമായി. തെളിവുകൾ ശേഖരിച്ച ശേഷം ബ്രിജ് ഭൂഷനെ ചോദ്യം ചെയ്യും എന്നതാണ് കേസിൽ പൊലീസ് നിലപാട്. താരങ്ങൾ ഇന്ന് പോലീസിന് മൊഴി നൽകിയേക്കും. പാർട്ടി പറയുകയാണെങ്കിൽ പതവികൾ ഒഴിയാം എന്നതാണ് ബ്രിജ് ഭൂഷന്റെ നിലപാട്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ കേസ് ഇല്ലാതാക്കാൻ സമ്മർദം ചെലുത്തിയെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്ആരോപിച്ചിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News