രഞ്ജി ഫൈനൽ: മലപോലെ മലേവാർ; വിദർഭ കൂറ്റൻ സ്‌കോറിലേക്ക്
നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരെ വിദർഭ കൂറ്റൻ സ്‌കോറിലേക്ക്. 26 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി പ്രതിസന്ധിയിലായിരുന്ന ആതിഥേയർ ആദ്യ ദിനം സ്റ്റംപ് എടുക്കുമ്പോൾ നാലിന് 254 എന്ന നിലയിലാണ്. ദാനിഷ് മലേവാറും കരുൺ നായരും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് വിദർഭക്ക് തുണയായത്. ദാനിഷ് മലേവാർ സെഞ്ച്വറി നേടിയപ്പോൾ നങ്കൂരമിട്ടു കളിച്ച കരുൺ നായർ ഒത്തപിന്തുണ നൽകി. ഒടുവിൽ 86 റൺസെടുത്ത കരുൺ നായറെ രോഹൻ കുന്നുമൽ റൺഔട്ടാക്കിയതോയെടെയാണ് 215റൺസ് പിന്നിട്ട കൂട്ടുകെട്ടിന് അന്ത്യമായത്. 138 റൺസുമായി മലേവാറും അഞ്ചുറൺസുമായി യാഷ് താക്കൂറുമാണ് ക്രീസിൽ.
ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനൽ കളിക്കുന്ന കേരളത്തിന് വിദർഭക്കെതിരെ മികച്ച തുടക്കമാണ് ലഭിച്ചത്. ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത കേരളം 26 റൺസിനിടെ വിദർഭയുടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഓപ്പണർ പാർത്ഥ് രേഖണ്ഡെ (0), മൂന്നാമൻ ദർശൻ നാൽകണ്ഡെ (1) എന്നിവരെ നിതീഷ് വീഴ്ത്തിയപ്പോൾ മറ്റൊരു ഓപണറായ ധ്രുവ് ഷോറെയെ (16) ഏദൻ ആപ്പിൾ ടോം പുറത്താക്കി. തുടർന്നായിരുന്നു കരുണും മലേവാറും ഒത്തുചേർന്നത്. സ്പിന്നിനിയെും പേസിനെയും ക്യാപ്റ്റൻ സച്ചിൻ ബേബി മാറി മാറി ഉപയോഗിച്ചെങ്കിലും ഫലമുണ്ടായില്ല.
ഗുജറാത്തിനെതിരെ രണ്ട് റൺസിന്റെ ലീഡ് നേടി സെമി ഫൈനൽ മത്സരത്തിൽ നിന്ന് ഒരു മാറ്റവുമായാണ് കേരളം ഫൈനലിന് ഇറങ്ങിയത്. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ യുവതാരം വരുൺ നായനാർക്കു പകരം പേസ് ബൗളിങ് ഓൾറൗണ്ടർ ഏഡൻ ആപ്പിൾ ടോം ടീമിൽ ഇടം നേടി. 19-കാരനായ ഏഡൻ രണ്ടു വർഷത്തെ ഇടവേളക്കു ശേഷമാണ് കേരള ടീമിൽ കളിക്കുന്നത്.
വിദർഭയുടെ ഹോം ഗ്രൗണ്ട് ആയ നാഗ്പൂരിൽ ടോസ് നേടിയ സച്ചിൻ ബേബി എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ദിവസങ്ങളിൽ പേസ് ബൗളർമാർക്ക് ആനുകൂല്യം ലഭിക്കുമെന്ന കണക്കുകൂട്ടൽ ശരിവെച്ച് ആദ്യ ഓവറിലെ തന്നെ നിധീഷ് വിക്കറ്റ് വീഴ്ത്തി. രേഖണ്ഡെയുടെ പാഡിൽ പതിച്ച പന്തിൽ കേരള താരങ്ങൾ വിക്കറ്റിന് അപ്പീൽ ചെയ്‌തെങ്കിലും അംപയർ അംഗീകരിച്ചില്ല. റിവ്യൂവിലൂടെ കേരളം വിക്കറ്റ് സ്വന്തമാക്കി.
തന്റെ മൂന്നാം ഓവറിൽ ദർഷൻ നാൽകണ്ഡെയെ ബേസിലിന്റെ കൈകളിലെത്തിച്ച് നിധീഷ് രണ്ടാമത്തെ വിക്കറ്റും വീഴ്ത്തി. ഓഫ്‌സൈഡിനു പുറത്ത് പുൾ ചെയ്യാനുള്ള ശ്രമം ആണ് ക്യാച്ച് ആയി പരിണമിച്ചത്. ആദ്യ സ്‌പെല്ലിൽ വിക്കറ്റൊന്നും നേടാതിരുന്ന ഏഡൻ തന്റെ രണ്ടാം സ്‌പെല്ലിൽ ധ്രുവ് ഷോറെയെ മടക്കി. മൂന്ന് ബൗണ്ടറിയടിച്ച് ആത്മവിശ്വാസത്തിലായിരുന്ന ഷോറെ (16) വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീൻ ക്യാച്ചെടുത്താണ് മടങ്ങിയത്.