രോഹിതിന്‍റെ മറുപടി ഗവാസ്കറിന് കൂടെയുള്ളതാണ്

കട്ടക്കിൽ നിരവധി റെക്കോർഡുകളിലേക്കാണ് ഇന്ത്യന്‍ നായകന്‍ ഇന്നലെ ബാറ്റ് വീശിയത്

Update: 2025-02-10 10:24 GMT

'രോഹിത് ശർമ രഞ്ജി ട്രോഫി കളിച്ചത് ബി.സി.സി.ഐയുടെ വാർഷിക കരാറിൽ നിന്ന് പുറത്ത് പോകാതിരിക്കാൻ വേണ്ടി മാത്രമാണെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല''- സുനിൽ ഗവാസ്‌കർ എല്ലാ പരിധികളും കടക്കുകയായിരുന്നു. ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അമ്പേ പരാജയമായതിന് പിറകേ രോഹിതിനും കോഹ്ലിക്കും ആഭ്യന്തര ക്രിക്കറ്റ് കളിച്ച് പിഴവുകൾ തിരുത്തിയാലെന്താണ് എന്ന ചോദ്യം ക്രിക്കറ്റ് പണ്ഡിറ്റുകളും മുൻ താരങ്ങളുമൊക്കെ ആവർത്തിച്ച് ഉയർത്തുന്നുണ്ടായിരുന്നു. ഒടുവിൽ രോഹിത് രഞ്ജി കളിക്കാൻ തന്നെ തീരുമാനിച്ചു. പക്ഷെ അവിടെയും കാര്യങ്ങൾക്ക് മാറ്റമൊന്നുമുണ്ടായില്ല. ഇതോടെയാണ് സുനിൽ ഗവാസ്‌കർ എല്ലാ ബൗണ്ടറികളും ലംഘിച്ച് ചില പ്രസ്താവനകൾക്ക് മുതിർന്നത്. ഇത് രോഹിതിനെ ചൊടിപ്പിച്ചു. അതിരു വിടുന്ന ഗവാസ്‌കറിന്റെ വിമർശനങ്ങൾ തന്റെ കരിയറിനെ പോലും ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് രോഹിത് ബി.സി.സി.ഐക്ക് കത്തെഴുതി.

Advertising
Advertising

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് തൊട്ട് മുമ്പ് നടന്ന പ്രസ് കോൺഫറൻസാണ് വേദി. ഏറെക്കാലത്തെ ഇടവേളക്ക് ശേഷം ഇന്ത്യ വൺഡേ മൈതാനങ്ങളിലേക്ക് തിരിച്ചെത്തുന്നു. പടിവാതിൽക്കൽ ചാമ്പ്യൻസ് ട്രോഫി. ഫോമില്ലായ്മയെ കുറിച്ച ചോദ്യ ശരങ്ങൾക്ക് മുന്നിൽ മറുപടിയില്ലാതെ നിൽക്കുന്ന രോഹിതും കോഹ്ലിയും. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഫോം വീണ്ടെടുക്കാൻ ഏറെ പ്രയാസപ്പെടുന്ന രോഹിതിന് തന്റെ ഇഷ്ട ഫോർമാറ്റിലേക്ക് തിരികെയെത്തുമ്പോൾ എന്ത് തോന്നുന്നു. പ്രസ് കോൺഫറൻസിനെത്തിയൊരു മാധ്യമ പ്രവർത്തകന്റെ ആ ചോദ്യം അപ്രതീക്ഷിതമൊന്നുമായിരുന്നില്ല. പക്ഷെ രോഹിത് പൊട്ടിത്തെറിച്ചു. എന്ത് ചോദ്യമാണിതെന്നായിരുന്നു ഇന്ത്യൻ നായകൻറെ മറുപടി.

''ഇത് മറ്റൊരു ഫോർമാറ്റാണ്. മറ്റൊരു സമയവും. കരിയറിൽ എല്ലാവർക്കും ഉയർച്ച താഴ്ചകൾ ഉണ്ടാവും. എൻറെ കരിയറിലും ഞാനീ വീഴ്ചകളിലൂടെ പലവുരു കടന്ന് പോയിട്ടുണ്ട്. അത് കൊണ്ട് ഇതെന്നെ സംബന്ധിച്ച് പുതിയ കാര്യമൊന്നുമല്ല. ഇന്നലെ എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് ഞാൻ ആലോചിക്കുന്നേയില്ല. പുതിയ വെല്ലുവിളികളെ നേരിടാനാണ് ഒരുങ്ങുന്നത്. എത്ര നല്ല കാര്യങ്ങൾ കഴിഞ്ഞ വർഷം ഇന്ത്യൻ ക്രിക്കറ്റിൽ സംഭവിച്ചു. ഇതിനെ കുറിച്ചൊന്നും ചോദിക്കാനില്ലേ നിങ്ങൾക്ക്'- രോഹിത് വികാരാധീനനാവുകയായിരുന്നു. നാഗ്പൂരിൽ രണ്ട് റൺസായിരുന്നു രോഹിതിൻറെ സമ്പാദ്യം. ഇതോടെ വിമർശനങ്ങൾ പാരമ്യത്തിലെത്തി. കട്ടക്ക് ഏകദിനത്തിനുള്ള ഇന്ത്യൻ ഇലവനെ പ്രഖ്യാപിച്ചതും സോഷ്യൽ മീഡിയയിൽ ആരാധകരുടെ ചോദ്യങ്ങൾ വീണ്ടുമുയർന്നു.

രോഹിതിനും കോഹ്ലിക്കും വേണ്ടി യശസ്വി ജയ്‌സ്വാളിനെ ബലിയാടാക്കാനാണോ ഇക്കുറി ഗംഭീറിൻറെ തീരുമാനം എന്നടക്കം പോയി വിമർശനങ്ങൾ. കട്ടക്കിൽ ഗസ് ആറ്റ്കിൻസൺ എറിഞ്ഞ രണ്ടാം ഓവർ. അഞ്ചാം പന്തിനെ മിഡ് വിക്കറ്റിന് മുകളിലൂടെ ഫ്ലിക്ക് ചെയ്ത് രോഹിത് ഗാലറിയിലെത്തിക്കുമ്പോൾ കാണികൾ ഇളകിമറിഞ്ഞു. ഫോമിലെത്തിയാൽ അയാളുടെ ബാറ്റിൽ നിന്ന് പിറക്കുന്ന ഷോട്ടുകളേക്കാൾ മനോഹരമായൊന്നുമില്ലെന്നാണല്ലോ. സാഖിബിന്റെ തൊട്ടടുത്ത ഓവറിലെ രണ്ടാം പന്ത് കവറിലൂടെ നിലംതൊടാതെ ബൗണ്ടറി ലൈന് പുറത്തേക്ക് മൂളിപ്പറന്നു. അതിനിടെ രസംകൊല്ലിയായി കട്ടക്കിലെ ഫ്ളഡ് ലൈറ്റുകൾ അണഞ്ഞു. കുറേ നേരം ഗ്രൗണ്ടിൽ തന്നെ നിലയുറപ്പിച്ച രോഹിത് അമ്പയർമാർക്കരികിലെത്തി. ഇംഗ്ലീഷ് താരങ്ങൾ കളിക്കാൻ തയ്യാറാണെങ്കിൽ തങ്ങളും തയ്യാറാണെന്ന് അയാൾ അറിയിക്കുന്നുണ്ടായിരുന്നു. ആ മൊമൻറം നഷ്ടപ്പെട്ട് പോയാലോ എന്ന ആധിയായിരുന്നിരിക്കാം ഇന്ത്യൻ നായകന്. എന്നാൽ അമ്പയർമാർ പ്രശ്നം പരിഹരിക്കാതെ കളി തുടരാൻ കൂട്ടാക്കിയില്ല.

147 കിലോമീറ്റർ വേഗതയിൽ മാർക്ക് വുഡെറിഞ്ഞൊരു തീപ്പന്തിനെ ഗാലറിയിലെത്തിച്ചായിരുന്നു രോഹിതിന്റെ റീ സ്റ്റാർട്ട്. ഒമ്പതാം ഓവറിൽ ആദിൽ റഷീദിനെ ബൗണ്ടറി പായിച്ച് അർധ സെഞ്ച്വറിയിൽ തൊട്ടു. അതും വെറും 30 പന്തിൽ. ടി20 ലോകകപ്പിൽ അയാൾ അവസാനിപ്പിച്ചേടത്ത് നിന്ന് തുടങ്ങുകയാണെന്ന് തോന്നിക്കാണണം ആരാധകർക്ക്. മറുവശത്ത് ശുഭ്മാൻ ഗില്ലും തകർത്തടിച്ച് തുടങ്ങി. ഓപ്പണിങ് വിക്കറ്റിൽ ശുഭ്മാൻ ഗില്ലിനൊപ്പം ചേർന്ന് 136 റൺസിന്റെ കൂട്ടകെട്ടാണ് ഹിറ്റ്മാൻ ഇന്ത്യൻ സ്‌കോർബോർഡിൽ ചേർത്തത്. ഗില്ലും കോഹ്ലിയും പുറത്തായ ശേഷം അയ്യരെ കൂട്ടുപിടിച്ചായി പിന്നെ ഇന്ത്യൻ നായകന്റെ രക്ഷാ പ്രവർത്തനം. ആദിൽ റഷീദെറിഞ്ഞ 26ാം ഓവറിലെ രണ്ടാം പന്തിനെ നേരിടാനൊരുങ്ങുമ്പോൾ 96 റൺസായിരുന്നു രോഹിതിന്റെ സമ്പാദ്യം.

നെർവസ് നൈന്റീസ് ക്രിക്കറ്റ് ഇതിഹാസങ്ങളിൽ പലരുടേയും കരിയറിലെ പേടി സ്വപ്നമായിരുന്നല്ലോ. എന്നാൽ രോഹിതിന്റെ കരിയറിൽ അങ്ങനെയൊരു പ്രയോഗത്തിന് പ്രസക്തിയേ ഉണ്ടായിരുന്നില്ല. റഷീദിന്റെ പന്തിനെ ലോങ് ഓഫിന് മുകളിലൂടെ ഗാലറിയിലെത്തിച്ച രോഹിത് തന്റെ സ്വതസിദ്ധമായ ശൈലിയിൽ മൂന്നക്കം തൊട്ടു. വെറും 76 പന്തിൽ. ഏകദിനത്തിൽ രോഹിതിന്റെ ഏറ്റവും വേഗതയേറിയ രണ്ടാം സെഞ്ച്വറി. അമിതാവേശ പ്രകടനങ്ങളൊന്നുമില്ല. ഹെൽമറ്റൂരിയില്ല. വെറുതെ ഗാലറിയെ ഒന്ന് ബാറ്റുയർത്തിക്കാണിച്ചു. പെട്ടെന്ന് ക്രീസിലേക്ക് മടങ്ങി. ലിവിങ്സറ്റണെറിഞ്ഞ 30ാ ഓവറിലാണ് രോഹിതിന്റെ പോരാട്ടം അവസാനിച്ചത്. 12 ഫോറും ഏഴ് പടുകൂറ്റൻ സിക്സുമടക്കം 90 പന്തിൽ അടിച്ചെടുത്തത് 119 റൺസ്. ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ട ശേഷം പവലിയനിലേക്ക് രോഹിത് മടങ്ങുമ്പോൾ ആദ്യം ഓർമ വന്നത് ബോർഡർ ഗവാസ്‌കർ ട്രോഫിക്കിടെ തന്റെ തലക്ക് വേണ്ടി മുറവിളി കൂട്ടിയവർക്ക് അയാൾ നൽകിയൊരു മറുപടിയാണ്. ''ചില്ലുകൂട്ടിനകത്തിരുന്ന് എന്തും വിളിച്ച് പറയാമെന്ന് കരുതുന്ന ചിലരുണ്ട്. അവരല്ല എൻറെ കരിയറിനെ കുറിച്ച തീരുമാനങ്ങളെടുക്കേണ്ടത്''. സുനിൽ ഗവാസ്‌കർ അടക്കമുള്ളവർക്കാ മറുപടി അത്രക്ക് രസിച്ചിരുന്നില്ല. കട്ടക്കിൽ കിട്ടിയതും ഒട്ടും രസിക്കില്ലെന്ന് തീർച്ച.

കട്ടക്കിൽ നിരവധി റെക്കോർഡുകളിലേക്കാണ് കൂടിയാണ് രോഹിത് ഇന്നലെ ബാറ്റ് വീശിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പണറായി ഇറങ്ങി ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നായകൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ മറികടന്നു. ഈ പട്ടികയിൽ രോഹിതിന് മുന്നിൽ ഇനി സെവാഗ് മാത്രമാണുള്ളത്. രോഹിതിന്റെ കരിയറിലെ 49ാം സെഞ്ച്വറിയാണ് കട്ടക്കിൽ പിറന്നത്. ഇന്ത്യൻ ജഴ്സിയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയവരുടെ പട്ടികയിൽ രോഹിത് രാഹുൽ ദ്രാവിഡിനെ മറികടന്നു. ഈ പട്ടികയിൽ സച്ചിനും കോഹ്ലിയുമാണ് ഇനി ഇന്ത്യൻ നായകന് മുന്നിലുള്ളത്. ഇതിനൊപ്പം ഏകദിന ക്രിക്കറ്റിൽ സിക്സുകളുടെ റെക്കോർഡിൽ വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയിലിനേയും രോഹിത് മറികടന്നു. 333 സിക്സുകളാണ് രോഹിതിന്റെ പേരിലുള്ളത്. ഈ പട്ടികയിൽ ഇനി മുന്നിലുള്ളത് 351 സിക്സുകൾ നേടിയ ശാഹിദ് അഫ്രീദി മാത്രം.

37 വയസുണ്ട് രോഹിതിന്. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം അയാളുടെ ഭാവിയെക്കുറിച്ച ചോദ്യം ബി.സി.സി.ഐ ഉയർത്തുമെന്ന കാര്യം തീർച്ചയാണ്. എന്നാൽ രോഹിത് വിരമിക്കലിനെ കുറിച്ച് പെട്ടെന്നൊന്നും ആലോചിക്കരുതെന്നും അതിന് സമയമായിട്ടില്ലെന്നും ആരാധകരിപ്പോൾ തെളിവുകൾ നിരത്തി സംസാരിച്ച് തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ 21 ഏകദിന ഇന്നിങ്‌സുകളിൽ രോഹിതിൻറെ പ്രകടനം നോക്കൂ. 56.95 ശരാശരിയിൽ അയാൾ അടിച്ചെടുത്തത് 1139 റൺസാണ്. 116 .34 ആണ് സ്‌ട്രൈക്ക് റൈറ്റ്. ഒരു സെഞ്ച്വറിയും ഒമ്പത് അർധ സെഞ്ച്വറിയും അതിൽ ഉൾപ്പെടും. ഏതായാലും ഇംഗ്ലണ്ടിനെതിരെ പരമ്പര വിജയത്തിലേക്ക് ഇന്ത്യയെ കൈപിടിച്ചുയർത്തിയ രോഹിതിൻറെ ഇന്നിങ്‌സ് ഇന്ത്യൻ ക്യാമ്പിന് നൽകുന്ന ആശ്വാസം ചെറുതൊന്നുമല്ല. സെഞ്ച്വറിക്ക് ശേഷം ഡ്രസ്സിങ് റൂമിൽ പടർന്ന പുഞ്ചിരി അതാണ് ആരാധകരോട് വിളിച്ചു പറഞ്ഞത്. തൻറെ വീഴ്ചകളെ മതിമറന്നാഘോഷിക്കുന്ന ക്രിക്കറ്റ് പണ്ഡിറ്റുകളുടെ വായടപ്പിച്ചയാൾ ഒരിക്കൽ കൂടെ വിളിച്ച് പറയുന്നത് ഇങ്ങനെയാണ്.'' ഫോം ഈസ് ടെപററി.. ക്ലാസ് ഈസ് പെർമനന്‍റ്'

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News