പ്രൈം വോളിബോൾ ലീഗ്; ഗോവയെ തകർത്ത് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് ആദ്യ ജയം

ആദ്യ മത്സരത്തിൽ തലകുനിച്ച് മടങ്ങേണ്ടിവന്ന കൊച്ചിയുടെ ഗംഭീര തിരിച്ചുവരവായിരുന്നു രണ്ടാം മത്സരം. ജയത്തോടെ പോയിൻ്റ് പട്ടികയിൽ ടീം രണ്ടാമതെത്തി.

Update: 2025-10-06 11:10 GMT

ഹൈദരാബാദ്: പ്രൈം വോളിബോൾ ലീഗ് നാലാം സീസണിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് തകർപ്പൻ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചു. സ്കോർ: 11–15, 17–15, 15–13, 10–15, 15–10.

സൂപ്പർ സെർവിലൂടെ ക്യാപ്റ്റൻ ചിരാഗ് മികച്ച തുടക്കമാണ് ഗോവയ്ക്ക് നൽകിയത്. മറുവശത്ത് കളത്തിൽ പ്രകമ്പനം തീർത്ത് കൊച്ചി ക്യാപ്റ്റൻ എറിൻ വർഗീസും കളംനിറഞ്ഞതോടെ ജയസാധ്യതകൾ മാറിമറിഞ്ഞു. മികച്ച ഫോമിൽ കളിച്ച അമരീന്ദർപാൽ സിങുമായി ചേർന്ന് ക്യാപ്റ്റൻ നിരന്തരം എതിർകോർട്ടിലേക്ക് പന്തയച്ചു. മത്സരത്തിലുടനീളം ആത്മവിശ്വാസത്തോടെ കളിച്ച കൊച്ചി പതിയെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.തിരിച്ചുവരാനുള്ള ഗോവൻ ശ്രമങ്ങളുടെ ഭാഗമായി പകരക്കാരനായി കളത്തിലിറങ്ങിയ വിക്രം പതിയെ കളിയുടെ ഗതി മാറ്റി. രോഹിത്തിന്റെ കരുത്തുറ്റ സെർവുകളോടൊപ്പം ആക്രമണത്തിലും പ്രതിരോധത്തിലും വിക്രം നിറഞ്ഞുകളിച്ചതോടെ കളി അഞ്ചാം സെറ്റിലേക്ക് നീണ്ടു.

നിർണായകമായ അഞ്ചാം സെറ്റിൽ ലിബെറോ ആഷിക്കിന്റെ കിടിലൻ സേവുകൾ കൊച്ചിയെ വീണ്ടും ഡ്രൈവിങ് സീറ്റിലേക്കിരുത്തുകയായിരുന്നു. സർവ്വമേഖലകളിലും മികവാർന്ന പ്രകടനത്തിലൂടെ ടീമിനെ വിജയതീരത്തെത്തിച്ച ഹേമന്താണ് കളിയിലെ താരം.

ആദ്യ മത്സരത്തിൽ തലകുനിച്ച് മടങ്ങേണ്ടിവന്ന കൊച്ചിയുടെ ഗംഭീര തിരിച്ചുവരവായിരുന്നു രണ്ടാം മത്സരം. ജയത്തോടെ പോയിൻ്റ് പട്ടികയിൽ ടീം രണ്ടാമതെത്തി. ഗോവയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News