ബെയില്‍സ് മാറ്റി വച്ച് സിറാജ്; പഴയപടിയാക്കി ലബൂഷൈന്‍, അടുത്ത ഓവറില്‍ വിക്കറ്റ്

സിറാജിന്‍റെ മൈന്‍ഡ് ഗെയിമിൽ വീണ ലബൂഷെനൈ കമന്‍ററി ബോക്‌സിലുണ്ടായിരുന്ന മാത്യു ഹെയ്ഡൻ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.

Update: 2024-12-15 04:25 GMT

ബ്രിസ്ബെന്‍: ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മൈതാനത്തിന് ചൂടുപിടിച്ച പല രംഗങ്ങളും അരങ്ങേറിയിരുന്നു. പല വാക്‌പോരുകളിലും സ്ഥിരം കഥാപാത്രങ്ങളായിരുന്നു ഇന്ത്യൻ പേസർ മുഹമ്മദ് സിറാജും ഓസീസ് ബാറ്റർ മാർനസ് ലബൂഷൈനും. അഡ്‌ലൈഡിൽ ലബൂഷൈന് നേരെ ഒരു പ്രകോപനവുമില്ലാതെ പന്ത് വലിച്ചെറിഞ്ഞ സിറാജ് , ഒരു വിക്കറ്റിന് ശേഷം ട്രാവിസ് ഹെഡ്ഡിനെതിരെയും ആക്രോശിച്ചു. 

ഇപ്പോഴിതാ ഗാബയും ഇതിന് സമാനമായ രംഗങ്ങൾക്ക് വേദിയാവുകയാണ്. എന്നാലിക്കുറി ഒരൽപം രസകരമാണ് കാര്യങ്ങൾ. സിറാജെറിഞ്ഞ 33ാം ഓവറിലാണ് സംഭവം. രണ്ടാം പന്തെറിഞ്ഞ് പൂർത്തിയാക്കിയ ശേഷം സിറാജ് നേരെ ലബൂഷെന് അടുത്തേക്ക് നടന്നെത്തി. സിറാജ് തന്നെ പ്രകോപിപ്പിക്കാനാണ് വരുന്നതെന്ന തരത്തിൽ അത് നേരിടാൻ ഒരുങ്ങി നിൽക്കുകയായിരുന്നു ഓസീസ് താരം. എന്നാൽ ലബൂഷൈനെ മൈൻഡ് ചെയ്യാതെ നേരെ സ്റ്റമ്പിനടുത്തേക്ക് നീങ്ങിയ സിറാജ് സ്റ്റമ്പിലെ ബെയിൽസുകൾ പരസ്പരം മാറ്റി വച്ചു. ഇത് കണ്ട ലബൂഷൈൻ ബെയിൽസിനെ പഴയപടി തന്നെയാക്കി. ഗാലറി ഇത് കണ്ട് ആരവം മുഴക്കുന്നുണ്ടായിരുന്നു. 

Advertising
Advertising

 ക്രീസിൽ പിന്നീട് ലബൂഷൈന് അധികം ആയുസൊന്നുമുണ്ടായിരുന്നില്ല. നിതീഷ് റെഡ്ഡിയെറിഞ്ഞ 34ാം ഓവറിൽ താരം കോഹ്ലിയുടെ കയ്യിൽ വിശ്രമിച്ചു. സിറാജിന്റെ മൈൻഡ് ഗെയിമിൽ വീണ ലബൂഷെനൈ കമന്‍ററി ബോക്‌സിലുണ്ടായിരുന്ന മാത്യു ഹെയ്ഡൻ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.

'ഞാനായിരുന്നു ആ സമയത്ത് ക്രീസിലെങ്കിൽ ബോളറെ ഞാൻ നോക്കുക പോലും ചെയ്യില്ലായിരുന്നു. അയാളെന്താണ് ചെയ്യാൻ പോകുന്നത് എന്നത് എന്റെ പരിഗണനാ വിഷയമേ അല്ല. ബെയിലിൽ തൊടും മുമ്പേ ചിലപ്പോൾ ഞാനയാളോട് ഇവിടം വിട്ട് പോകൂ എന്ന് പറഞ്ഞേനെ'- ഹെയ്ഡന്‍ പറഞ്ഞു. 

ഗാബ ടെസ്റ്റിന്‍റെ രണ്ടാം ദിനം ഓസീസിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഒസ്മാന്‍ ഖ്വാജയും മക്സ്വീനേയും ലബൂഷൈനുമാണ് പുറത്തായത്. ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി.  ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ 140 റണ്‍സെടുത്തിട്ടുണ്ട്. ട്രാവിസ് ഹെഡ്ഡും സ്റ്റീവന്‍ സ്മിത്തുമാണ് ക്രീസില്‍. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News