യുകെ പര്യടനം: മകനെ കൂടെക്കൂട്ടാൻ സാനിയയെ അനുവദിക്കണമെന്ന് കേന്ദ്രം ബ്രിട്ടനോട് ആവശ്യപ്പെട്ടു

വിംബിൾഡനടക്കം നാല് ടെന്നീസ് ടൂർണമെന്റുകൾക്കും ടോക്യോ ഒളിംപിക്‌സ് പരിശീലനത്തിനുമായാണ് സാനിയ ബ്രിട്ടനിലേക്ക് തിരിക്കുന്നത്

Update: 2021-05-19 16:50 GMT
Editor : Shaheer | By : Web Desk
Advertising

യുകെ പര്യടനത്തിനിടെ രണ്ടു വയസുള്ള മകനെയും കൂടെക്കൂട്ടാൻ ടെന്നീസ് താരം സാനിയ മിർസയ്ക്ക് അനുമതി നൽകണമെന്ന് കേന്ദ്ര കായിക മന്ത്രാലയം ബ്രിട്ടനോട് ആവശ്യപ്പെട്ടു. സാനിയയുടെ ആവശ്യ പ്രകാരമാണ് മന്ത്രാലയത്തിന്റെ ഇടപെടൽ.

വിംബിൾഡനടക്കം നാല് ടൂർണമെന്റുകളിൽ പങ്കെടുക്കാനാണ് സാനിയ ബ്രിട്ടനിലേക്ക് തിരിക്കുന്നത്. ടോക്യോ ഒളിംപിക്‌സിന്റെ മുന്നോടിയായുള്ള പരിശീലനങ്ങളും യുകെയിലാണ് നടത്തുന്നത്. ഇതിനായി ഒരു മാസത്തോളം നാട്ടിൽനിന്നു വിട്ടുനിൽക്കേണ്ടി വരുന്നതിനാൽ മകനെയും കൂടെക്കൂട്ടാതെ കഴിയില്ലെന്ന് സാനിയ മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു. കോവിഡിനെ തുടർന്ന് ബ്രിട്ടൻ ഇന്ത്യയിൽനിന്നുള്ള യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ സാനിയയുടെ രണ്ടു വയസുള്ള മകനും കുഞ്ഞിനെ നോക്കുന്നയാൾക്കും വിസ ലഭിച്ചിരുന്നില്ല.

വിഷയം കായിക മന്ത്രാലയം ഉടൻ തന്നെ കത്തുമുഖേന വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. ലണ്ടനിലെ ഇന്ത്യൻ എംബസി മുഖാന്തിരം ബ്രിട്ടീഷ് അധികൃതരോട് വിഷത്തിൽ ഇടപെടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. യുകെ ഭരണകൂടം ആവശ്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര യുവജന-കായിക മന്ത്രി കിരൺ റിജിജു പ്രതികരിച്ചു.

അടുത്ത മാസം ആറിന് നോട്ടിങ്ഹാം ഓപൺ, 14ന് ബിർമിങ്ഹാം ഓപൺ, 20ന് ഈസ്റ്റ്‌ബോണ്‍ ഓപൺ എന്നീ ടൂർണമെന്റുകളിൽ സാനിയ കളിക്കുന്നുണ്ട്. ഇതിനുശേഷം ജൂൺ 28നാണ് വിംബിൾഡൻ നടക്കുന്നത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News